യു എസില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ വെടിയേറ്റു മരിച്ച നിലയില്‍; മരിച്ചവര്‍ ആന്ധ്ര സ്വദേശികള്‍

Posted on: June 17, 2019 1:01 pm | Last updated: June 17, 2019 at 3:17 pm

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ലോവ പ്രവിശ്യയിലെ വെസ്റ്റ് ഡെസ് മോയിന്‍സില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശുകാരായ ചന്ദ്രശേഖര്‍ സുങ്കാര (44), ഭാര്യ ലാവണ്യ (41), 15ഉം 10ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളെയുമാണ് ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് വെസ്റ്റ് ഡെസ് മോയിന്‍സ് പോലീസ് അറിയിച്ചു.

ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലുള്ള സുന്ദുരുവിലെ നിവാസിയാണ് സുങ്കരയെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഉപരി പഠനത്തിനായി യു എസിലേക്ക് പോയ ഇയാള്‍ ഇവിടെ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. സുങ്കരയുടെ രക്ഷിതാക്കള്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. ലോവയിലെ പൊതു സുരക്ഷാ സാങ്കേതിക സേവന ബ്യൂറോയില്‍ സുങ്കര പ്രവര്‍ത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു.

സുങ്കരയോടൊപ്പം താമസിച്ചിരുന്നവരില്‍ രക്ഷപ്പെട്ട ഒരാള്‍ റോഡിലേക്കോടി ചെന്ന് മറ്റൊരാളോട് വിവരം പറയുകയും ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു. മാനസിക വിഷമത്തിലായിരുന്ന സുങ്കര ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച് മരിച്ചതാകാനാണ് സാധ്യതയെന്ന് പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു.