സുരക്ഷ ആവശ്യപ്പെട്ടുള്ള ഡോക്ടര്‍മാരുടെ ഹരജി; സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും

Posted on: June 17, 2019 12:23 pm | Last updated: June 17, 2019 at 2:47 pm

ന്യൂഡല്‍ഹി: സുരക്ഷയും സംരക്ഷണവും ആവശ്യപ്പെട്ട് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ജൂണ്‍ 18 ചൊവ്വാഴ്ച വാദം കേള്‍ക്കും. വിഷയത്തില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. അലാക് അലോക് ശ്രീവാസ്തവ അഭ്യര്‍ഥിച്ചതു പരിഗണിച്ചാണിത്. അവധിക്കാല ബഞ്ചിലെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരുടെ ബഞ്ചാണ് തീരുമാനം കൈക്കൊണ്ടത്.

പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ പ്രക്ഷോഭത്തിനിടെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷാ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ ആഭ്യന്തര, ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.