ആശുപത്രി വാര്‍ഡിലെ സനാഥന്‍

നമ്മുടെ ചുറ്റിലുമുള്ള ഒരുപാട് പിതാക്കന്മാരുടെ, ആയ കാലത്ത് കുടുംബത്തിന്റെ നട്ടെല്ലായിരുന്നവരിൽ പലരുടെയും ജീവിതം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഏതെങ്കിലും ആശുപത്രിയുടെ, വൃദ്ധസദനത്തിന്റെ, തെരുവിന്റെ മൂലയിൽ എത്രയും വേഗം മരണമെത്തിയെങ്കിലെന്ന് ആഗ്രഹിക്കുന്ന പ്രതീക്ഷക്ക് വകയില്ലാതെ കണ്ണുകൾ കുഴിയിലാണ്ട് പോയവരുടെ രോദനങ്ങൾ കേൾക്കേണ്ടതാണ്; ഈ ഫാദേഴ്‌സ് ഡേയിലെങ്കിലും...
Posted on: June 16, 2019 5:58 pm | Last updated: June 16, 2019 at 5:58 pm

“മോനേ.. വീട്ടിൽ പോകുന്നതിലേറെ സുഖം ഈ ആശുപത്രി വാർഡിൽ കഴിയുന്നതാണ്. സമീപത്തെ കട്ടിലിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരുടെ സഹായവും സ്‌നേഹവും ആവോളം കിട്ടുന്നുണ്ട്. ആർക്കുമൊരു ശല്യവുമാകാതെ ഇവിടെയിങ്ങനെ കഴിയാനാണ് ഇഷ്ടം. ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആശുപത്രി ജീവനക്കാരും ഏറെ കരുതൽ നൽകുന്നു; അവർക്ക് ഞാനൊരു ശല്യവുമുണ്ടാക്കുന്നില്ല. വീടെന്ന് പറയാനില്ല, നോക്കേണ്ട ഭാര്യയും മകളുമെല്ലാം അസുഖം തലപൊക്കിയപ്പോഴേ “ഓടിരക്ഷപ്പെട്ടു’.

പിന്നെയുള്ളത് കൂടപ്പിറപ്പുകളാണ്. കുറച്ചുകഴിയുമ്പോൾ അവർക്കും മടുത്തു. പിന്നെ ആട്ടും തുപ്പും കണക്കുപറച്ചിലും സഹിച്ച് നിൽക്കണം. ഒരു സ്വസ്ഥതയും ഉണ്ടാകില്ല. നേരത്തിന് അവർ തരുന്നത് കഴിച്ച് അങ്ങനെ ജീവിതം കഴിച്ച് കൂട്ടുക. മനസ്സിന് ഒരു സമാധാനവും ഇല്ല. ഇവിടെയാകുമ്പോ നേരത്തിന് ഭക്ഷണം അവർ കൊണ്ടുവന്ന് തരും. പിന്നെ സംസാരിക്കാനും ആശ്വസിപ്പിക്കാനും ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്തു തരാനും ഇഷ്ടം പോലെ ആളുകളുണ്ട്. ചില ദിവസം രാത്രികളിൽ വേദന കൊണ്ട് പുളയും. അതിനേക്കാൾ വലിയ രീതിയിൽ മനസ്സ് വേദനിക്കുന്നത് കടിച്ചമർത്തുമ്പോൾ ഇതും സഹിക്കാനാകും…’

ജോസൂട്ടി,
മൂന്നാം വാർഡ്

ഭാര്യയും മകളും ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു പിതാവിന് ഇങ്ങനെ നൊമ്പരപ്പെടേണ്ടി വരുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് പറയുന്നില്ല. നമ്മുടെ ചുറ്റിലുമുള്ള ഒരുപാട് പിതാക്കന്മാരുടെ, ആയ കാലത്ത് കുടുംബത്തിന്റെ നട്ടെല്ലായിരുന്നവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. ഏതെങ്കിലും ആശുപത്രിയുടെ, വൃദ്ധസദനത്തിന്റെ, തെരുവിന്റെ മൂലയിൽ എത്രയും വേഗം മരണമെത്തിയെങ്കിലെന്ന് ആഗ്രഹിക്കുന്ന പ്രതീക്ഷക്ക് വകയില്ലാതെ കണ്ണുകൾ കുഴിയിലാണ്ട് പോയവരുടെ രോദനങ്ങൾ കേൾക്കേണ്ടതാണ്; ഈ ഫാദേഴ്‌സ് ഡേയിലെങ്കിലും. സ്റ്റാറ്റസ് പുതുക്കാനും സോഷ്യൽ മീഡിയാ ഇഷ്ടവുമൊക്കെ പിടിച്ചുപറ്റാനും സെൽഫിക്കണ്ണുകളുമായി വീട്ടിലെ അപ്പാപ്പന്മാരുടെ അടുത്തേക്ക് പോകുമ്പോൾ ഇത്തരം ദുരവസ്ഥകളെ കൂടി കേൾക്കുകയും കാണുകയും വേണം. ഒരു ദിവസത്തിന്റെ ചതുരക്കള്ളിയിലേക്ക് ഒതുക്കപ്പെടേണ്ടവരല്ല മാതാപിതാക്കൾ.

കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നാം വാർഡിൽ ഓരോ ദിനവും വേദനയോടെ തള്ളി നീക്കുകയാണ് ജോസൂട്ടി എന്ന ഈ പിതാവ്. കരളിന്റെ കഷ്ണമായി നോക്കിയ ഭാര്യയും പൊന്നു പോലെ പോറ്റിവളർത്തിയ മകളും ഇട്ടേച്ചുപോയ ഈ പിതാവിന്റെ കഥ ഏറെ ദയനീയമാണ്. താമരശ്ശേരിക്കടുത്താണ് നാട്. നിരവധി കാലമായി ഇദ്ദേഹം ഇവിടെയാണ്. ഇടക്ക് വീട്ടിൽ പോകും. കുറച്ച് ദിവസം അവിടെ തങ്ങും. വീണ്ടും ഇങ്ങോട്ടുതന്നെ വരും. മെഡി. കോളജിലെ മൂന്നാം വാർഡാണ് കുറെകാലമായി “വീട്’. മാറിവരുന്ന ഡ്യൂട്ടി ഡോക്ടർമാർ ചിലപ്പോൾ ജോസൂട്ടിയെ വാർഡ് മാറ്റും. മറ്റ് വാർഡുകളിലെത്തിയാലും പരിചയക്കാരായ ഡോക്ടർമാർ ഇടപെട്ട് മൂന്നിലേക്ക് തന്നെ മാറ്റും.

കന്നുകാലി കച്ചവടക്കാരനായിരുന്നു ജോസൂട്ടി. കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ ഇങ്ങനെ വിവിധ സ്ഥലങ്ങളിൽ പോയി കാലികളെ വാങ്ങി മറിച്ചു വിൽക്കും. തമിഴ്‌നാട്ടിൽ നിന്ന് ഇറക്കുന്നതിന് പകരം നാട്ടിൽ വളർന്ന കന്നുകാലികളെയാണ് അധികവും വാങ്ങിയിരുന്നതും വിറ്റതും. പെരുന്നാളിനും കുഞ്ഞ് ജനിച്ച് ഏഴാം ദിവസം അറക്കുന്നതിനുമെല്ലാം കന്നുകളെ തേടി ധാരാളം പേർ അന്ന് അടുത്ത് വരാറുണ്ടായിരുന്നു.

ജീവിതം അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഒരിക്കൽ കന്ന് വാങ്ങാനായി കൊണ്ടോട്ടിയിലെ ഒരു വീട്ടിൽ പോയത്. മൃഗത്തെ കണ്ടു. വാങ്ങാനുറച്ചു. ഒപ്പം തൊട്ടപ്പുറത്തെ വീട്ടിലെ പെണ്ണിനെയും കണ്ടു, ഇഷ്ടപ്പെട്ടു. അവൾക്കും ഇഷ്ടമുണ്ട്. പിന്നീട് പല തവണ കാണാനിടയായി. അങ്ങനെ അവൾ ജോസൂട്ടിയുടെ മനസ്സിൽ ചേക്കേറി. പ്രണയമായി വളർന്നു. ഇടക്ക് കാണലും സംസാരവും തുടർന്നു. ആ പ്രണയം വിവാഹത്തിലേക്ക് നയിച്ചു. കൂടെ പോരാൻ തയ്യാറായ അവളെ എന്തും സഹിച്ച് കൂടെക്കൂട്ടാൻ തന്നെ ജോസൂട്ടി തീരുമാനിച്ചു. ഇരുവീട്ടുകാരുടെയും സമ്മതം, നാട്ടുകാരുടെ ആക്ഷേപം ഇങ്ങനെ നൂലാമാലാകൾ പലതുമുണ്ടായെങ്കിലും ജോസൂട്ടി അതൊന്നും കാര്യമാക്കിയില്ല. പ്രശ്‌നങ്ങളെല്ലാം ബോധ്യപ്പെടുത്തിയപ്പോൾ എല്ലാം സഹിക്കാൻ അവൾ തയ്യാറാണെന്നറിയിച്ചു.
ജോസൂട്ടി അവളുടെ വീട്ടിൽ നിന്ന് ഒരു വിധം സമ്മതം തരപ്പെടുത്തി. അവളെയും കൂട്ടി രജിസ്റ്റർ മാര്യേജും നടത്തി സ്വന്തം വീട്ടിലെത്തി. വീട്ടുകാർക്ക് സഹിച്ചില്ല. അമ്മയും വീട്ടുകാരും നിരന്തരം വഴക്കുണ്ടാക്കിക്കൊണ്ടിരുന്നു. സഹിക്കാതായപ്പോൾ ജോസൂട്ടി ഒരു തീരുമാനത്തിലെത്തി. പ്രിയതമയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുക. അങ്ങനെ തൊട്ടടുത്ത പ്രദേശത്ത് വാടകക്ക് മുറിയെടുത്തു. രണ്ട് പേരും അവിടെ താമസമാക്കി. ഭാര്യയുമൊത്തുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അവരുടെ ജീവിതത്തിൽ ഏറെ സന്തോഷം നൽകി ഒരു കുഞ്ഞ് ജനിച്ചു. കുഞ്ഞിനെയും ഭാര്യയെയും പൊന്നുപോലെ വളർത്തി ജോസൂട്ടി. കന്നുകാലി കച്ചവടം അതിന്റെ വഴിക്ക് നീങ്ങി.

ക്ഷണിക്കാതെ
വന്ന അതിഥി

അതിനിടയിലാണ് ജോസൂട്ടിക്ക് രണ്ട് കാലിലും പ്രത്യേക അസുഖം വന്നുപെട്ടത്. മുട്ടിന് മുകൾ ഭാഗത്തേക്ക് മരവിച്ചതുപോലെയായി. ശക്തമായ വേദനയും. അസുഖങ്ങളെക്കുറിച്ചൊന്നും കൃത്യമായി പറയാൻ 60കാരനായ ജോസൂട്ടിക്ക് ഇന്നാകുന്നില്ല. ജോലിക്ക് പോകാൻ കഴിയാതെ പ്രയാസപ്പെട്ടു. അതോടെ ഭാര്യ ഒഴിവാക്കിപ്പോയി. മലപോലെ പ്രയാസങ്ങളുണ്ടായാലും എല്ലാത്തിനെയും അഭിമുഖീകരിച്ച് ജീവിതത്തിൽ ഒരുമിച്ച് പോരാടാൻ പ്രതിജ്ഞയെടുത്ത് വന്ന പ്രേയസിയാണ്, ഭർത്താവിന് രോഗം വന്നപ്പോഴേക്കും തന്റെ തലയിലാകുമോയെന്ന് ഭയന്ന് ഒഴിവാക്കിപ്പോയത്. പ്രയാസപ്പെട്ട് കിടക്കുന്ന ഭർത്താവിനെ സഹായിക്കാനാണ് ഏതൊരു ഭാര്യയും ശ്രമിക്കുക. എന്നാൽ, അവൾ ചെയ്തത് വളരെ ക്രൂരമായിപ്പോയി. സ്വന്തമായി കെൽപ്പുള്ളവരുടെ അടുത്തേ അവൾ നിൽക്കൂവെന്ന് തുറന്നുപറഞ്ഞു. “നീ പോയാൽ എനിക്കാരുമില്ല. ഈ അവസ്ഥയിൽ എനിക്ക് തുണ നീ മാത്രമാണ്’ എന്നെല്ലാം പറഞ്ഞ് അവളോട് പരമാവധി കേണപേക്ഷിച്ചു. പക്ഷേ അവൾ അതൊന്നും കേട്ടില്ല. അവൾ പോകുമെന്നുറച്ചു.

അമ്മയോടൊപ്പം മകളും കൂടി. മകൾക്ക് ആന്ന് ഏഴ് വയസ്സായിക്കാണുമെന്ന് ജോസൂട്ടി ഓർക്കുന്നു. പോകാനുറച്ച ഭാര്യയെയും മകളെയും കരുണ വറ്റാത്ത ഈ പിതാവ് അവരുടെ നാട്ടിലേക്കുള്ള ബസ് കയറ്റി വിട്ടു. ഭാര്യയുടെ വീട്ടിലേക്കാണ് അവർ പോയതെന്നും അവരിപ്പോഴും അവിടെ കഴിയുന്നുണ്ടെന്നും വിശ്വസിക്കാനാണ് ജോസൂട്ടക്ക് ഇഷ്ടം. മറ്റ് കുനിഷ്ട് ചിന്തകൾക്കൊന്നും ഇടകൊടുത്തില്ല. താനായി അവരുടെ സന്തോഷം കെടുത്തേണ്ട. മനുഷ്യപ്പറ്റും കരുണയും സ്‌നേഹവുമൊന്നും പറഞ്ഞിട്ടും മനസ്സിലാകാത്തവരെ അവരുടെ പാട്ടിന് വിടുക, അല്ലാതെന്ത് ചെയ്യാൻ? പിന്നീട് വാടക വീട്ടിൽ നിന്നൊക്കെ മാറി ജ്യേഷ്ഠന്റെ കൂടെ താമസമാക്കി. അസുഖവുമായി ബന്ധപ്പെട്ട നിരന്തരം ആശുപത്രി വാസവും മറ്റുമായപ്പോൾ അവനും മതിയായി. നിന്നെ നോക്കാൻ ഇനി എനിക്ക് കഴിയില്ലെന്നായിരുന്നു അവൻ പറഞ്ഞത്. പക്ഷേ ജോസൂട്ടി അവനെ കുറ്റപ്പെടുത്തുന്നില്ല. അവന് തേങ്ങ പൊതിക്കുന്ന പണിയാണ്.

കിട്ടുന്ന തുച്ഛ കൂലി കൊണ്ട് അന്നന്ന് കഴിഞ്ഞു പോകുന്നു എന്നുമാത്രം. അവനുമൊരു കുടുംബവും പ്രാരാബ്ധങ്ങളുമുണ്ടല്ലൊ. തന്നെ നോക്കാൻ ആശുപത്രിയിൽ വന്നു നിന്നാൽ അവന് ജോലിക്ക് പോകാൻ പറ്റില്ല.
എന്തെങ്കിലും സഹായം ലഭിക്കുന്നതിനും മറ്റുമായി അനാഥനാണെന്ന് കാണിച്ച് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിരിക്കുകയാണ്. ഇപ്പോൾ ഹെർണിയ പിടിപെട്ട് വളരെ ദയനീയാവസ്ഥയിലാണ് ഈ വയോധികൻ. കൂടെ ആരുമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുന്നില്ല. മരുന്നിനോടുള്ള അലർജിയും ശ്വാസംമുട്ടലും മറ്റ് പല സൂക്ഷ്മ അസുഖങ്ങളുമുള്ളതിനാൽ അനസ്‌തേഷ്യ കൊടുക്കാൻ അടുത്ത ബന്ധുക്കളുടെ സമ്മതം വേണം.

വാർഡിലെ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരുമെല്ലാം “ബന്ധുക്കളാണെങ്കിലും’ അതൊന്നും ഔദ്യോഗികമാകില്ലല്ലൊ. ജീവിതത്തിന്റെ ഒരു വിരോധാഭാസം നോക്കണേ. ജനനത്തിലൂടെയും വിവാഹബന്ധത്തിലൂടെയും ബന്ധുക്കളായവർ ഉപേക്ഷിച്ചെങ്കിലും ദയനീയത കണ്ട് മനസ്സലിഞ്ഞവർ ഈ വയോധികനെ “ബന്ധു’ എന്നതിനേക്കാളേറെ ചേർത്തുപിടിക്കുന്നു. ഹെർണിയ ശസ്ത്രക്രിയക്ക് വേണ്ട പേപ്പറുകളിൽ ഒപ്പിടാനെങ്കിലും ബന്ധുക്കൾ വരുമെന്ന പ്രതീക്ഷയിൽ ഇരുമ്പുകട്ടിലിന്റെ വളഞ്ഞ കമ്പിയിൽ ദുർബലമായ കൈവെച്ച് കിടക്കുകയാണ് ജോസൂട്ടി. ഭാര്യയെ കണ്ടില്ലെങ്കിലും മകളെ കാണണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട്. പക്ഷേ എന്തു ചെയ്യാൻ. പോയതിൽ പിന്നെ അവർ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല. ഇപ്പോൾ ഹെർണിയയുടെ വേദന സഹിച്ച് മരവിച്ച കാലുമായി തന്റെ സ്വന്തം വീടെന്ന പോലെ മെഡിക്കൽ കോളജിൽ ജീവിതം കഴിച്ചുകൂട്ടുകയാണീ പിതാവ്.