കുടുംബം തകർക്കുന്ന സൗഹൃദക്കെണികൾ

Posted on: June 16, 2019 11:33 am | Last updated: June 16, 2019 at 11:33 am

അമ്പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തു വന്ന യുവാവിനെ കോട്ടയത്തു നിന്ന് അറസ്റ്റ് ചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ വാർത്തയായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയിൽ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു.

താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങി കുടുംബ പ്രശ്‌നങ്ങൾ മനസ്സിലാക്കും. പിന്നീട് അവരുടെ ഭർത്താക്കന്മാർക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താൻ സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭർത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ഭാര്യക്ക് അയച്ചു നൽകും. ഇതോടെ ഭർത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് തെറ്റിദ്ധരിക്കുന്ന സ്ത്രീകൾ ഭർത്താവുമായി അകലുകയും ഇയാളുമായി ബന്ധം ദൃഢമാക്കുകയും ചെയ്യും. പിന്നീട് വീഡിയോ ചാറ്റിംഗിലൂടെ സ്ത്രീകളുടെ ഫോട്ടോകൾ കൈക്കലാക്കും. തുടർന്ന് ഇത് നഗ്നഫോട്ടോകളാക്കി ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യും.

സൗഹൃദം കെണിയാണെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇരകളായ സ്ത്രീകളുടെ ജീവിത നിയന്ത്രണം പ്രതി ഏറ്റെടുത്തിരിക്കും. പിന്നീട് ഇയാൾ എപ്പോൾ ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം എത്തണം. ഭർത്താവുമായി അധികം സഹകരണം പാടില്ല. വിളിക്കുന്ന സമയത്ത് ഫോൺ എടുത്തിരിക്കണം. രാത്രി എത്ര വൈകിയാലും ചാറ്റും വീഡിയോ കോളും ചെയ്യണം. ഇങ്ങനെയുള്ള പ്രതിയുടെ നിബന്ധനകൾക്ക് വഴങ്ങിയില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഇരകൾ തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പ്രത്യേകം കോഡ് ടൈപ്പ് ചെയ്യണം. വാട്‌സാപ്പിലെ ചാറ്റുകൾ ഓരോ ദിവസവും ക്ലിയർ ചെയ്തു സ്‌ക്രീൻ ഷോട്ടുകൾ അയക്കണം. ഒരു സ്ത്രീയോടു അവർ അറുപത്തിയെട്ടാമത്തെ ഇരയാണെന്നും 2021 നു മുമ്പ് നൂറ് തികയ്ക്കുമെന്നും പ്രതി പറഞ്ഞിരുന്നതായി പോലീസ് വ്യക്തമാക്കി.

തന്നോടൊപ്പമുള്ള മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചു ഇയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. 58ലേറെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ഓരോ ഫോർഡറുകളിലാക്കി സൂക്ഷിച്ചിട്ടുള്ളതും പോലീസ് കണ്ടെത്തിയിരുന്നു. നമ്മുടെ നാട്ടിലെ മുഴുവൻ സ്ത്രീകളുടെയും അവരുടെ ഭർത്താക്കന്മാരുടെയും കണ്ണു തുറപ്പിക്കേണ്ട വാർത്തയാണിത്. സൈബർ യുഗത്തിലേക്ക് പ്രവേശിച്ചതോടെ കുടുംബ ബന്ധങ്ങൾ തകർച്ചയിലാണ്. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, ഫേസ്ബുക്ക്, ഇ മെയിൽ, ട്വിറ്റർ തുടങ്ങി സൈബർ ലോകം മുന്നോട്ടുവെച്ച സുഖസൗകര്യങ്ങൾ അനുഗ്രഹത്തോടൊപ്പം അപകടങ്ങൾക്കും വഴിയൊരുക്കി. മാധ്യമങ്ങളുടെ ദുരുപയോഗം വഴി 2014 ജനുവരി ഒന്ന് മുതൽ നവംബർ 30 വരെയുള്ള 11 മാസത്തിനുള്ളിൽ കേരളത്തിൽ 2868 വീട്ടമ്മമാർ ഒളിച്ചോടിപ്പോയി അഥവാ അവരെ കാണാതായി. പോലീസിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരമാണിത്.

വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2605 പേരെ കണ്ടെത്തി. 263 പേരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാണാതാകുന്ന വീട്ടമ്മമാരുടെ യഥാർഥ കണക്ക് ഇതിലും അധികമാണെന്ന് പോലീസ് പറയുന്നു. പലരും മാനഹാനി ഓർത്ത് പരാതിപ്പെടാറില്ല. ഒളിച്ചോടി തിരികെ വന്നവരെ ഭർത്താക്കന്മാർ സ്വീകരിക്കാത്തതിനാൽ ചിലർ ആത്മഹത്യ ചെയ്തു. ചിലർ കൂലിപ്പണിയിലേക്കു നീങ്ങി. മറ്റു ചിലർ വേശ്യാവൃത്തിയിലേക്കും. ഒളിച്ചോടിയതു മണ്ടത്തരമായി എന്ന് വിലപിക്കുന്നവരാണ് അധികം പേരും.
അന്വേഷണം നടത്തി കണ്ടെത്തിയ 90 ശതമാനം പേരും മിസ്ഡ്‌കോളിലും ചാറ്റിംഗിലുമായി കാമുകനൊപ്പം ഒളിച്ചോടിയവരാണ്. 2014 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 18 വയസ്സിനു താഴെയുള്ള 664 പെൺകുട്ടികളെയും കാണാതായിരുന്നു. അതിൽ 603 പേരെ കണ്ടെത്തി. ഭൂരിപക്ഷവും കാമുകനോടൊപ്പം പോയി തിരികെ വന്നവരാണ്. കേരളത്തിൽ ഓരോ വർഷവും ശരാശരി 1456 കുടുംബിനികളും 1260 പുരുഷന്മാരും ആത്മഹത്യ ചെയ്യുന്നതായി ദേശീയ ക്രൈം റക്കോർഡ്‌സ് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണ്. ഇവിടെ ഒരു ലക്ഷത്തിൽ 21 സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നു.

വിവാഹാഭ്യർഥന നിരസിച്ചതിന് നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന കേസുകൾ പരിശോധിച്ചാലും ഇവർ കുറച്ചുകാലം പ്രണയത്തിലായിരുന്നുവെന്ന് മനസ്സിലാക്കാം.
സൗഹൃദ- പ്രണയക്കെണികൾ മൂലം കുടുംബങ്ങൾ തകർക്കപ്പെടുകയാണ്. ഇത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. വർധിച്ചുവരുന്ന മദ്യപാനാസക്തി, സ്‌നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികൾ, നവമാധ്യമങ്ങളിലെ അശ്ലീല- ലൈംഗിക അതിപ്രസരം, സീരിയലുകളിലെ തെറ്റായ സന്ദേശങ്ങൾ, ഉപഭോഗ സംസ്‌കാരം,സുഖ ജീവിത തൃഷ്ണ എന്നിങ്ങനെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബ ബന്ധങ്ങളെ രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. സൗഹൃദങ്ങൾ അതിർവരമ്പുകൾ ലംഘിക്കാതെയും കുടുംബ ബന്ധങ്ങളെ ബാധിക്കാതെയും നോക്കണം. അങ്ങനെയാകുന്ന നിമിഷം ആ ബന്ധം ഉപേക്ഷിക്കണം.

ഭൂമിയിലെ സ്വർഗം വീടാണ്. വീടായിരിക്കണം. ചൈനയിലെ ചിന്തകനും പണ്ഡിതനുമായ ലിൻടുയാങ് എഴുതി: “മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിക്ക് അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം വിജയപ്രദമാക്കുവാൻ സാധിക്കാത്ത വ്യക്തിക്ക് ജീവിതത്തിലെ മറ്റ് രംഗങ്ങളിൽ വിജയിക്കുക ഏറെ പ്രയാസമാണ്.’ ഹൃദയങ്ങളുടെ ഒന്നിക്കലും മനോഭാവങ്ങളുടെ സംയോജനവുമാണ് കുടുംബ ജീവിത വിജയരഹസ്യം. വിലകൊടുത്ത് ബന്ധങ്ങളെ നിലനിർത്തുക. സൗഹൃദക്കെണികളിൽ ചെന്ന് വീണ് ജീവിതം ബലികൊടുക്കാതിരിക്കുക.