സുന്നി മദ്‌റസയിൽ ഇ കെ വിഭാഗത്തിന്റെ ആക്രമണം; നാല് പേർക്ക് പരുക്ക്

Posted on: June 15, 2019 11:39 am | Last updated: June 16, 2019 at 1:46 pm
വാലില്ലാപുഴ തർബിയത്തുൽ ഉലൂം മദ്‌റസയിൽ ചേളാരി വിഭാഗം നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവർ

അരീക്കോട്: സുന്നി മദ്‌റസയിൽ ഇ കെ വിഭാഗത്തിന്റെ ആക്രമണം. കീഴുപറമ്പ് വാലില്ലാപുഴ തർബിയ്യത്തുൽ ഉലൂം മദ്‌റസയിലാണ് സംഘം ചേർന്നെത്തിയ ഇ കെ വിഭാഗക്കാർ ക്ലാസെടുക്കുകയായിരുന്ന അധ്യാപകനെയും അധ്യാപകനെ മർദിക്കുന്നതറിഞ്ഞ് തടയാനെത്തിയ മദ്‌റസാ ഭാരവാഹികളെയും ആക്രമിച്ചത്.

ആക്രമണത്തിൽ മദ്‌റസാ അധ്യാപകൻ പുൽപറ്റ തോട്ടക്കാട് മുഹമ്മദ് സൽമാൻ(32), മദ്‌റസ സെക്രട്ടറി വൈ പി മൊയ്തീൻകുട്ടി ഹാജി (62), പഞ്ചിളി ഹനീഫ (33), ശമീർ പഞ്ചിളി (32) എന്നിവരെ ഗുരുതര പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വ്യാജ രേഖയുണ്ടാക്കി മദ്റസാ കമ്മിറ്റി തട്ടിക്കൂട്ടി ഇ കെ വിഭാഗം ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ രജിസ്ട്രാറുടെ 2019 ഏപ്രിൽ 30ലെ ഉത്തരവ് പ്രകാരം ഇതിന് കഴിയാതെ പോയതിലുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

മാരകായുധങ്ങളുമായിട്ടെത്തിയ സംഘം വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയാണ് മദ്‌റസക്കകത്ത് കയറിയത്. വർഷങ്ങളായി സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലാണ് മദ്‌റസ പ്രവർത്തിക്കുന്നത്.

ആക്രമണത്തിന് നേതൃത്വം നൽകിയ കാരങ്ങാടൻ അബ്ദുല്ലത്വീഫ്, മാപ്പിളവീട്ടിൽ അബ്ദുൽ ഹമീദ്, ശങ്കരൻ കണ്ടി മുഹമ്മദ്, കാട്ടിൽ വീട്ടിൽ ഹാരിസ് തുടങ്ങിയവർക്കെതിരെ അരീക്കോട് പോലീസ് കേസെടുത്തു.
ആക്രമണത്തെ തുടർന്ന് ഇവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ സുന്നി സംഘടനകൾ പ്രതിഷേധിച്ചു.