കാണാതായ മലയാളി പോലീസ് ഉദ്യോഗസ്ഥനെ തമിഴ്‌നാട്ടില്‍നിന്നും കണ്ടെത്തി

Posted on: June 15, 2019 9:20 am | Last updated: June 15, 2019 at 11:55 am

കൊച്ചി: കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ കണ്ടെത്തി. ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്‌നാട് റെയില്‍വേ പോലീസാണ് കൊച്ചി സെന്‍ട്രല്‍ സിഐ നവാസിനെ തിരിച്ചറിഞ്ഞത്. മധുരയില്‍വെച്ച് മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്. മലമ്പുഴ സിഐയുടെ നേത്യത്വത്തിലുള്ള സംഘം നവാസുമായി കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ ഇവര്‍ കൊച്ചിയിലെത്തും

മൂന്ന് ദിവസം മുമ്പ് മേലുദ്യോഗസ്ഥനുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭര്‍ത്താവിനെ കാണാതായതിനെത്തുടര്‍ന്ന് നവാസിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീഡനത്തെത്തുടര്‍ന്നാണ് സിഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.