Connect with us

National

കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആര്‍ ഡി എ; വെള്ളിയാഴ്ച പണിമുടക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ ആരംഭിച്ച സമരം ശക്തമായി തുടരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച പണിമുടക്കുമെന്ന് എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ ഡി എ) വ്യക്തമാക്കി. രാജ്യത്തെ മുഴുവന്‍ ആര്‍ ഡി എകളും സമരത്തിന് പിന്തുണ നല്‍കണമെന്ന് എയിംസ്
ആര്‍ ഡി എ ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊല്‍ക്കത്തയിലെ എന്‍ ആര്‍ എസ് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചിരുന്നു. പരിബോഹോ മുഖര്‍ജ് എന്ന ഡോക്ടറെയാണ് ആക്രമിച്ചത്. ഡോക്ടറുടെ അശ്രദ്ധയാണ് രോഗിയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുകയായിരുന്നു.

ഡോക്ടര്‍ക്കു നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച് എയിംസ് ആര്‍ ഡി എ ബുധനാഴ്ച രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഹെല്‍മറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ജോലിക്കെത്തിയത്. എന്നാല്‍, സമരത്തിനെതിരെ കടുത്ത നിലയില്‍ പ്രതികരിച്ച സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി എത്രയും പെട്ടെന്ന് സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.