Connect with us

Education

സ്ഥലം കണ്ടെത്താൻ നിർദേശം; ഐ ടി ഐകൾ സ്വന്തം കെട്ടിടത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഐ ടി ഐകൾക്കെല്ലാം കെട്ടിടം നിർമിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സ്ഥലം കണ്ടെത്തി നൽകണമെന്ന് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻ നിർദേശിച്ചു. ചങ്ങനാശ്ശേരി, മെഴുവേലി, നെന്മേനി, താഴേക്കോട്, വെസ്റ്റ് എളേരി വനിതാ ഐ ടി ഐകളുടെ സ്ഥലമെടുപ്പും വികസനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
ചങ്ങനാശ്ശേരി വനിതാ ഐ ടി ഐക്കായി കൂടുതൽ സ്ഥലം കണ്ടെത്തി നൽകുമെന്ന് സ്ഥലം എം എൽ എ സി എഫ് തോമസ് യോഗത്തിന് ഉറപ്പു നൽകി. സ്ഥലം എത്രയും വേഗം കണ്ടെത്തി നൽകുന്നതിന് മുനിസിപ്പാലിറ്റി അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. സുൽത്താൻ ബത്തേരിയിലെ നെന്മേനി ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന വനിതാ ഐ ടി ഐ നിലവിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികളിലാണ് അധ്യയനം നടത്തുന്നത്. നിലവിൽ കണ്ടെത്തിയിട്ടുള്ള സ്ഥലം നിർമാണത്തിന് പ്രാപ്തമല്ല.

മലപ്പുറം താഴേക്കോട് ഗ്രാമപഞ്ചായത്തിലെ ഐ ടി ഐ വികസനത്തിന് പഞ്ചായത്തിൽ നിന്ന് സ്ഥലം ലഭിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ ഇത് ഒഴിവാക്കുന്നതിനായി മഞ്ഞളാംകുഴി അലി എം എൽ എയുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് നടപടിയെടുക്കും. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥലമെടുപ്പു സംബന്ധിച്ചുള്ള നടപടികൾ തീർപ്പാക്കണമെന്ന് മന്ത്രി നിർദേശം നൽകി.

കാസർകോട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ വനിതാ ഐ ടി ഐ നിലവിൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിനായി കെട്ടിയ സ്ഥലത്താണ് പഠന സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ എം രാജഗോപാൽ എം എൽ എ മുൻകൈയെടുക്കും. സ്ഥലമെടുപ്പ്, സ്ഥലം വാങ്ങുന്നതിനുള്ള ധനസമാഹരണം എന്നിവ സാങ്കേതികത്വം മൂലം തടസപ്പെടുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അനുവദിച്ച ട്രേഡുകൾ പോലും ആരംഭിക്കാനാകാത്ത വിധത്തിലാണ് സ്ഥല പരിമിതി ഉണ്ടായിരിക്കുന്നത്.

Latest