Connect with us

Editorial

മാധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ്

Published

|

Last Updated

“എന്ത് നിയമപ്രകാരമാണ് മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തത്? ഇത്തരമൊരു കേസില്‍ എന്തിനാണ് 14 ദിവസം റിമാന്‍ഡില്‍ വെക്കുന്നത്? ഒരു കൊലപാതക കേസാണോ ഇത്? ശരിയായ നടപടിയല്ല ഇതൊന്നും. ഒരു പൗരന്റെ അവകാശവും സ്വാതന്ത്ര്യവുമാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്”… മാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെതാണ് ഈ രൂക്ഷമായ വിമര്‍ശം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിവാഹ അഭ്യര്‍ഥന നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുവെച്ച് യുവതി മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പ്രചരിപ്പിച്ചതിനാണ് പ്രശാന്ത് കനോജിയ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റു ചെയ്തത്. ഇത് നിയമവിരുദ്ധമാണെന്നു കാണിച്ച് പ്രശാന്തിന്റെ ഭാര്യ ജഗീഷ അറോറ കോടതിയെ സമീപിക്കുകയായിരുന്നു. പ്രശാന്തിനെ ഉടനെ വിട്ടയക്കാന്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജിയും അജയ് റോഗോസ്തിയും അടങ്ങുന്ന ബഞ്ച് ഉത്തരവിടുകയും ചെയ്തു. ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം പവിത്രമാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റവും മാധ്യമ പ്രവര്‍ത്തകരെ അനാവശ്യമായി അറസ്റ്റു ചെയ്ത് തുറുങ്കിലടക്കുന്ന പ്രവണതയും രാജ്യത്ത് വര്‍ധിച്ചു വരികയാണ്. കേന്ദ്ര സര്‍ക്കാറിന്റെ ചില നടപടികളിലെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടിയതിനായിരുന്നു എന്‍ ഡി ടി വിയുടെ ഹിന്ദി ചാനലിന് 2016 നവംബറില്‍ സര്‍ക്കാര്‍ ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത്. എന്‍ ഡി ടി വി സ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയ്, ഭാര്യ രാധിക റോയി എന്നിവരെ ബേങ്ക് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും വേട്ടയാടിയിരുന്നതും ബി ജെ പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ വാര്‍ത്ത നല്‍കിയതിനായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാധ്യമ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ രാജ്യത്തെ നിരവധി അഴിമതിക്കഥകള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്.

ഇന്ന് പക്ഷേ, അഴിമതിയെക്കുറിച്ച് സംസാരിച്ചാല്‍ അവര്‍ക്ക് സ്വന്തം ജീവന്‍ തെരുവില്‍ ബലികൊടുക്കേണ്ടി വരുന്നു. അല്ലെങ്കില്‍ തടവറകളില്‍ ജീവിതം ഹോമിക്കുകയോ അധികാരി വര്‍ഗത്തിന്റെ ഭീഷണികള്‍ നേരിടുകയോ വേണ്ടി വരുന്നു. ബി ജെ പി നേതാവ് അമിത് ഷായുടെ മകന്‍ ജയ് ഷായുടെ അഴിമതി വാര്‍ത്ത പുറത്തു കൊണ്ടുവന്ന “ദി വയര്‍” ലേഖിക രോഹിണി സിംഗിന് വധഭീഷണി നേരിടുകയുണ്ടായി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരിലായിരുന്നു ഗൗരി ലങ്കേഷ്, ധബോല്‍ക്കര്‍, കല്‍ബുര്‍ഗിയടക്കമുള്ളവര്‍ കൊല്ലപ്പെട്ടത്. ഭരണ മേഖലയിലെ അപ്രിയ സത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പേരില്‍ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ നാനാഭാഗത്തും മാധ്യമ പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.

അപകടകരമായ ഒരു ജോലിയാണ് ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തനം. 2018ല്‍ മാത്രം 13 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്ത് കൊലചെയ്യപ്പെട്ടത്. ഇതില്‍ ആറ് പേര്‍ തങ്ങളുടെ കര്‍മരംഗത്ത് വ്യാപൃതരായിരിക്കെയായിരുന്നു വധിക്കപ്പെട്ടത്. ബാക്കിയുള്ള ഏഴ് പേരുടെ മരണവും മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണെന്നാണ് സംശയിക്കപ്പെടുന്നത്. പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്” 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ആഗോളതല മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 140ാം സംസ്ഥാനാത്താണ്‌.

സര്‍ക്കാറും മാവോയിസ്റ്റുകളും ക്രിമിനല്‍ ഗ്രൂപ്പുകളും ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതായും ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ജോലി ചെയ്യുന്ന പ്രാദേശിക മേഖലയിലെ പത്രപ്രവര്‍ത്തകരാണ് കൂടുതലായി ആക്രമിക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തനം മറ്റു ജോലികളെ പോലെ കേവലം ഇര തേടാനുള്ള ഒരു ഏര്‍പ്പാടല്ല. രാഷ്ട്ര, സാമൂഹിക സേവനവും കൂടിയാണ്. സമൂഹത്തില്‍ നടക്കുന്ന അരുതായ്മകളും അഴിമതിയും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തലും നീതിക്കു വേണ്ടിയുള്ള പോരാട്ടവുമെല്ലാം ഇതിന്റെ ഭാഗമാണ്. അധികാരിവര്‍ഗം ജനാഭിലാഷങ്ങള്‍ക്കും ജനതാത്പര്യങ്ങള്‍ക്കും എതിരെ നിലകൊള്ളുമ്പോഴൊക്കെ, മാധ്യമങ്ങള്‍ അത് തുറന്നുകാട്ടുകയും അതിനെതിരെ ജനവികാരം ജ്വലിപ്പിക്കുകയും ചെയ്യും. മാധ്യമങ്ങളുടെ ധര്‍മമാണത്. ഇത് അപകീര്‍ത്തികരമെന്നു കുറ്റപ്പെടുത്തി മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതിനു പകരം അത്തരം വാര്‍ത്തകളോട് ആരോഗ്യപരമായും സഹിഷ്ണുതയോടെയും സമീപിക്കുകയാണ് ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത്.

സര്‍ക്കാറുകളോ രാഷ്ട്രീയക്കാരോ മറ്റു ബാഹ്യശക്തികളോ അവരെ നിയന്ത്രിക്കാനൊരുമ്പെടുന്നതും ഭീഷണിപ്പെടുത്തി അവരുടെ ദൗത്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമാണ്. ഒരു അഴിമതി വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് ഹിന്ദി ടി വി ന്യൂസ് ചാനലിനെതിരെ ബീഹാറിലെ ഒരു രാഷ്ട്രീയ നേതാവ് സുപ്രീം കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തപ്പോള്‍, ജനാധിപത്യ രാജ്യത്ത് സഹിഷ്ണുത കാണിക്കാന്‍ പഠിക്കണമെന്നും പത്രക്കാര്‍ക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശവും വകവെച്ചു കൊടുക്കണമെന്നുമായിരുന്നു 2017 ജനുവരിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരാതിക്കാരിയെ ഉപദേശിച്ചത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ആരോഗ്യകരമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണ്. തുറന്ന അഭിപ്രായ പ്രകടനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നിടത്ത് ജനാധിപത്യം മുരടിക്കും.

Latest