അബുദാബി അല്‍ സാഹിയ വികസന പദ്ധതി പൂര്‍ത്തിയായി

Posted on: June 12, 2019 4:13 pm | Last updated: June 12, 2019 at 4:13 pm

അബുദാബി : അബുദാബി നഗരത്തിന്റെ മുഖച്ഛായ മാറ്റിയ അല്‍ സാഹിയ വികസന പദ്ധതി പൂര്‍ത്തിയായി. അബുദാബി മാളിന് സമീപത്തെ നവീകരണ പദ്ധതി 25.8 കോടി ദിര്‍ഹം ചിലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിദേശി സ്വദേശികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് അല്‍ സാഹിയ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.

അല്‍ മറിയ ദ്വീപിനെ അല്‍ സാഹിയയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലങ്ങള്‍, വീതി കൂടിയ റോഡുകള്‍, നടപ്പാലങ്ങള്‍, നടപ്പാതകള്‍, ഉദ്യാനങ്ങള്‍, ടെലികമ്യൂണിക്കേഷന്‍ ലൈനുകളും വൈദ്യുത കേബിളുകള്‍ സ്ഥാപിക്കല്‍ എന്നിവ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായി അബുദാബി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുനരുദ്ധാരണത്തിന്റെ ഭാഗമായി പുതിയ സ്ട്രീറ്റ് ലൈറ്റുകളും, ഡ്രെയിനേജ് നെറ്റ്വര്‍ക്കുകളും സ്ഥാപിച്ചു. വ്യക്തിയുടെയും സമൂഹത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കകത്ത് നിന്നാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജീവന്റെ നിലവാരം ഉയര്‍ത്തുക, സുസ്ഥിര വികസനം ഏകീകരിക്കുക സമൂഹത്തിന്റെ സന്തുഷ്ടിയിലും ക്ഷേമത്തിലും സംഭാവനചെയ്യുക എന്നതും പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു. 2008 ഡിസംബറിലാണ് അല്‍ സാഹിയ നിര്‍മ്മാണ പദ്ധതി ആരംഭിച്ചത്.