പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ഷോക്കേറ്റു മരിച്ചു

Posted on: June 12, 2019 12:57 pm | Last updated: June 12, 2019 at 12:57 pm

കൊല്ലം: പത്തനാപുരം പാടത്ത് പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റു മരിച്ചു. മാങ്കോട് പാടം ആഷിഖ് മന്‍സിലില്‍ സുലൈമാന്‍- ഷീന ദമ്പതികളുടെ മകന്‍ ആഷിഖ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. പാടം ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡ്ഡില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന ആഷിഖ് പോലീസ് ജീപ്പ് വരുന്നത്കണ്ട് ഭയന്നോടുകയായിരുന്നു.

പ്രദേശത്ത് കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കളിയെ ചൊല്ലി എസ് ഡി പി ഐ- എ ഐ എസ് എഫ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് പട്രോളംഗ് ശക്തമാക്കിയിരുന്നു.

പോലീസ് വാഹനം ദൂരയില്‍ നിന്ന് ശ്രദ്ധയില്‍പ്പെട്ട ആഷിഖും സുഹൃത്തുക്കളും വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. വന്യമൃഗ ശല്യത്തില്‍ നിന്ന് കൃഷി സംരക്ഷിക്കാന്‍ പ്രദേശത്തെ കര്‍ഷകന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങിയ ആഷിഖിനും ഒരു സുഹൃത്തിനും ഷോക്കേല്‍ക്കുകയായിരുന്നു. സുഹൃത്തിന് കാര്യമായ പരുക്കില്ല. ആഷിഖിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് അനധികൃതമായി വൈദ്യുതി വേലി സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.