നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരേ ഹോങ്കോംഗില്‍ വന്‍ പ്രക്ഷോഭം

Posted on: June 12, 2019 9:38 am | Last updated: June 12, 2019 at 11:37 am

ഹോങ്കോംഗ്: ചൈനീസ് നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രദേശമായ ഹോങ്കോംഗില്‍ നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭം ശക്തമാകുന്നു. ഹോങ്കോംഗ് നിവാസികളെ വിചാരണക്കു ചൈനയിലേക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രക്ഷോഭപകര്‍ ആരോപിക്കുന്നത്.

ഇന്ന് ഹോങ്കോംഗ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നിയമം രണ്ടാംഘട്ട ചര്‍ച്ചക്ക് എടുക്കാനിരിക്കെയാണ് രാജ്യത്ത പ്രകമ്പനം കൊള്ളിക്കുന്ന പ്രക്ഷോഭം അരങ്ങേറുന്നത്. ചൈന അനുകൂലികള്‍ക്കു ഭൂരിപക്ഷമുള്ള 70 അംഗ കൗണ്‍സില്‍ നിയമഭേഗതി അംഗീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് ഹോങ്കോംഗ് പൗരനനെന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ജനങ്ങള്‍ ഒട്ടാകെ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.

പത്ത് ലക്ഷത്തോളം പ്രക്ഷോഭകരാണ് കൗണ്‍സില്‍ മന്ദിരം ഉപരോധിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്ക്, കോഫി ഷോപ്പ് ഉടമകളും ഇന്നു കടകള്‍ അടച്ചിടും. അധ്യാപകര്‍ പണിമുടക്കുകയും സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയും പ്രക്ഷോഭത്തിന്റെ ഭാഗമാകും. 2014ലെ ജനാധിപത്യ അവകാശ സമരത്തിനുശേഷം ഹോങ്കോംഗില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിതെങ്കിലും പ്രബലരായ ബിസിനസ് സമൂഹം പ്രക്ഷോഭത്തിനെതിരെ രംഗത്തുണ്ട്.

ഹോങ്കോംഗ് സ്വദേശിനിയായ യുവതി തായ്‌ലന്‍ഡില്‍ കൊല്ലപ്പെട്ടതും അതിനുശേഷം പ്രതിയായ കാമുകന്‍ ഹോങ്കോംഗിലേക്ക് മടങ്ങിയെത്തിയതും സംബന്ധിച്ച വിവാദമാണ് നിയമ ഭേദഗതിക്ക് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. തായ്‌ലന്‍ഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാല്‍ പ്രതിയെ അങ്ങോട്ടു വിട്ടുകൊടുക്കാനായില്ല. തായ്‌ലന്‍ഡില്‍ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോംഗില്‍ കേസെടുക്കാനും നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാഷ്ട്രങ്ങള്‍ നിയമ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് ചൈന.