Connect with us

Kerala

മമത വാക്ക് പാലിച്ചു;ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു

Published

|

Last Updated

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട പശ്ചിമ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പുതിയ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം നിര്‍മിച്ച പ്രതിമ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് അനാച്ഛാദനം ചെയ്തത് .കോളജ് സ്ട്രീറ്റിലെ ഹാരെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അനാച്ഛാദന ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കം കലാ, സാംസ്‌കാരിക, രാഷ്ട്രീയ, ചലച്ചിത്ര മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

മെയ് 14നാണ് അമിത് ഷാ പങ്കെടുത്ത ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലി വിദ്യാസാഗര്‍ കോളജിന്റെ സമീപത്ത് കൂടി കടന്നു പോകുന്നതിനിടെയാണ് അവിടെ സ്ഥാപിച്ചിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. പ്രതിമ തകര്‍ത്ത സംഭവം ബംഗാളില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.പുതിയ പ്രതിമ നിര്‍മ്മിച്ച് നല്‍കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം തള്ളിയ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രതിമ നിര്‍മിക്കാന്‍ ബംഗാളിന് കഴിവുണ്ടെന്നും ഒരു മാസത്തിനുള്ളില്‍ അനാച്ഛാദനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Latest