കുട്ടികള്‍ക്ക് നേരെ ഓണ്‍ലൈനില്‍ ലൈംഗിക ചൂഷണം; നടപടി ഊർജിതമാക്കാൻ സൈബർ ഡോമും ഇന്റർപോളും

Posted on: June 11, 2019 8:28 am | Last updated: June 11, 2019 at 12:33 pm


തിരുവനന്തപുരം: കുട്ടികൾക്ക് നേരെ ഓൺലൈൻ വഴിയുള്ള ലൈംഗിക ചൂഷണത്തിന് എതിരെ കേരള പോലീസിന് കീഴിലെ സൈബർ ഡോമും, രാജ്യന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളും നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ സൈബർഡോം ആസ്ഥാനത്ത് എത്തിയ ആസ്ത്രേലിയയിലെ ക്യൂൺസ് ലാൻഡ് പോലീസ് സർവ്വീസിലെ സീനിയർ ഡിറ്റക്ടീവ് ജോൺ റോസും, ഐ സി എം ഇ സി എൻഫോഴ്‌സ്‌മെന്റിലെ ട്രെയിനിംഗ് ആൻഡ് ടെക്‌നോളജി ഡയറക്ടറുമായ ഗുല്ലിർമോ ഗലാർസയും സൈബർ ഡോം നോഡൽ ഓഫീസറും, എ ഡി ജി പിയുമായ മനോജ് എബ്രഹാം ഐ പി എസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

നിലവിൽ ഇന്റർപോളും, ഐ സി എം ഇ സിയും കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ രാജ്യത്താകമാനം സഹായങ്ങൾ നൽകിയിരുന്നു. ആക്കൂട്ടത്തിൽ കേരള പോലീസിന് നൽകിയ സഹായത്തിന്റെ ഫലമായി പോലീസ് നടപ്പിലാക്കിയ ഓപറേഷൻ പി ഹണ്ടിന്റെ വിജയത്തെ തുടർന്നാണ് ഇന്റർപോൾ അധികൃതർ കേരളത്തിൽ നേരിട്ടെത്തി ഇതിനെതിരെയുള്ള നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചത്.

സൈബർ ഡോം ആസ്ഥാനത്ത് എത്തിയ ഇരുവർക്കും മനോജ് എബ്രഹാം സൈബർ ഡോമിന്റെ പ്രവർത്തനങ്ങൾ വിവരിച്ച് നൽകുകയും ഓപറേഷൻ പി ഹണ്ടിന്റെ ഫലമായി സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തു.

തുടർന്നാണ് ഇതിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഇന്റർപോൾ പൂർണ പിന്തുണ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് സഹായകരമായ കൂടുതൽ വിവരങ്ങൾ ഇന്റർപോൾ സൈബർ ഡോമിന് കൈമാറും. ഇത് കൂടാതെ കേരള പോലീസിന് ഇന്റർ പോളിന്റെ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ നൽകുവാനും തീരുമാനിച്ചു. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ അന്വേഷണത്തിനും മറ്റും ഇന്റർ പോളിലെ സൈബർ വിഗദ്ധരുടെ സഹായവും ഇന്റർപോൾ സംഘം ഉറപ്പ് നൽകി. ബറ്റാലിയൻ ഡി ഐ ജി പി. പ്രകാശ് ഐ പി എസ്, സൈബർഡോം ഓപറേറ്റിംഗ് ഓഫീസർ പ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.