Connect with us

Eranakulam

നിപ്പാ: ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരുന്നു

Published

|

Last Updated

കൊച്ചി: നിപ്പാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയുടെ ഭാഗമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളിൽ നിന്നായി ഇതുവരെ 52 പഴം തീനി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇന്നലെ ഇവിടെ നിന്ന് 22 സാമ്പിളുകളാണ് പൂനെ എൻ ഐ വി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശേഖരിച്ചത്. ഈ സാന്പിളുകൾ ശേഖരിച്ച് പുനെയിലേക്ക് അയക്കും. നാളെ ആലുവ, പറവൂർ മേഖലകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും.

ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നീ ശാസ്ത്രജ്ഞരും ഉണ്ട്. അതേസമയം നിപ്പാ പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള പരിശീലന പരിപാടിയും ഊർജിതമാക്കി. ഇന്നലെ എറണാകുളം ജില്ലയിൽ 2,327 പേർക്ക് പരിശീലനം നൽകി. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18,655 ആയി. സ്‌കൂൾ വിദ്യാർഥികളിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും പദ്ധതി തുടങ്ങിയിട്ടുണ്ട്. പത്യേകം തയ്യാറാക്കിയ ബോധവത്കരണ സന്ദേശം 12ന് എല്ലാ സ്‌കൂളുകളിലും രാവിലത്തെ അസംബ്ലിയിൽ വായിക്കും.

ഇതര സംസ്ഥാന തൊഴിലാളികളിൽ നിപ്പാ ജാഗ്രത സന്ദേശം എത്തിക്കാൻ വേണ്ടി ബംഗാളി, തമിഴ്, ഹിന്ദി ഭാഷകളിൽ തയ്യാറാക്കിയ വീഡിയോയും, ആരോഗ്യ വകുപ്പ് തയ്യാറാക്കിയ ശബ്ദ സന്ദേശങ്ങളും തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പ്രദശിപ്പിക്കുകയും കേൾപ്പിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ തൊഴിലാളികൾക്ക് ഇടയിൽ ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നതിന് അതിഥി തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന തൊഴിൽ ഉടമകൾക്കും, കരാറുകാർക്കും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.

Latest