Connect with us

Palakkad

ജീവൻ രക്ഷിക്കാൻ പായുന്നവരിൽ പരിശീലനം ലഭിക്കാത്തവരും

Published

|

Last Updated

പാലക്കാട്: ജീവൻ രക്ഷിക്കാൻ പായുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടത്ര പരിശീലനം ലഭിക്കുന്നില്ല. ഇതാണ് പലപ്പോഴും അപകടങ്ങളിലേക്ക് വഴിവെക്കാനുള്ള പ്രധാന കാരണമാകുന്നത്. ആംബുലൻസ് ഡ്രൈവർക്ക് എൽ എം വി ലൈസൻസും ബാഡ്ജും മാത്രം ലഭിച്ചാൽ തന്നെ ഓടിക്കാനുള്ള അനുമതിയായി. സാധാരണ ഡ്രൈവിംഗിനേക്കാൾ ആംബുലൻസ് ഓടിക്കുന്നതിന് പ്രത്യേക പരിശീലനം തന്നെ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് സംസ്ഥാനത്തെ നിരത്തുകളിൽ ഭൂരിഭാഗം ആംബുലൻസുകളും ഓടുന്നത്.

പുതുതായി ഡ്രൈവർമാരായി എത്തുന്ന പലർക്കും അപകടത്തിൽപെട്ട് കിടക്കുന്നയാളെ എങ്ങനെ കൈകൈാര്യം ചെയ്യണമെന്ന് പോലും അറിയില്ല. അപകടം സംഭവിക്കുമ്പോൾ മാത്രം ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമെങ്കിലും പിന്നീട് യാതൊരു നടപടിയുമില്ലാത്തതാണ് ദുരന്തം ആവർത്തിക്കാനിടയാക്കുന്നതെന്ന് മോട്ടോർവാഹന വകുപ്പ് തന്നെ സമ്മതിക്കുന്നു.

കഴിഞ്ഞ ദിവസം തണ്ണിശ്ശേരിയിൽ എട്ട് പേർ ദാരുണമായി മരണപ്പെടാനിടയാക്കിയത് ഡ്രൈവറുടെ പരിശീലനക്കുറവാണെന്നാണ് മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നത്. അപകടത്തിൽപ്പെട്ട ആംബുലൻസിന് യാതൊരു വിധ മെക്കാനിക്കൽ തകരാറുമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആംബുലൻസിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.

ആംബുലൻസ് ഡ്രൈവർമാർക്ക് ട്രാഫിക് പോലീസോ, സന്നദ്ധ സംഘടനകളോ ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും ഇതൊന്നും എല്ലാവരിലും എത്തുന്നില്ല. അത്യാഹിതം എന്തെന്ന് പോലും പല ഡ്രൈവർമാർക്കും അറിയില്ല. സർക്കാർതലത്തിൽ തന്നെ കൃത്യമായ ഇടവേളകളിൽ പരിശീലനത്തിന് സംവിധാനമൊരുക്കുകയും പരിശീലനം നിർബന്ധമാക്കുകയും ചെയ്യാത്ത പക്ഷം ഇത്തരം ദുരന്തം ആവർത്തിക്കുമെന്നാണ് സൂചന. കൂടാതെ, ആംബുലൻസുകളിൽ വേണ്ടത്ര സജ്ജീകരണങ്ങളില്ലാത്തതും രോഗികളുടെ ജീവന് ഭീഷണിയാകുന്നുണ്ടെന്ന പരാതിയുണ്ട്. അപകത്തിൽ പെട്ടവരെ രക്ഷിക്കാനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവം അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് തണ്ണിശ്ശേരിയിൽ അപകടത്തിൽപെട്ടവരെ പുറത്തെടുക്കാനായത് ഏറെ സമയമെടുത്താണ്. ആധുനിക സംവിധാനങ്ങളില്ലാത്തതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാകുകയും പരുക്കേറ്റവരെ ഏറെ പണിപ്പെട്ട് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു.