ന്യൂനമര്‍ദം ചുഴലിയായി; ‘വായു’ ഗുജറാത്ത് തീരത്തേക്ക്

Posted on: June 11, 2019 8:47 am | Last updated: June 11, 2019 at 12:04 pm

കൊച്ചി: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. വായു എന്ന് പേരിട്ട ചുഴലി ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് ഗുജറാത്ത്, കര്‍ണാടക, ഗോവ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വായുവിന്റെ ഫലമായി കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.