അമേഠിയില്‍ തോറ്റ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചതിന് കാരണം 40 ശതമാനം വരുന്ന മുസ്ലിങ്ങള്‍:ഒവൈസി

Posted on: June 10, 2019 3:48 pm | Last updated: June 10, 2019 at 3:48 pm

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ വിജയിക്കാന്‍ കാരണം 40 ശതമാനം വരുന്ന മുസ്ലിം വോട്ടര്‍മാരെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുള്‍ മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. ഹൈദരാബാദില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് ഒവൈസിയുടെ പരാമര്‍ശം.

രാഹുല്‍ വയനാട്ടില്‍ വിജയിക്കുകയും അമേഠിയില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് കാരണം 40 ശതമാനം വരുന്ന മുസ്ലിം ജനസംഖ്യ കാരണമല്ലേയെന്ന് ഒവൈസി ചോദിച്ചു. കോണ്‍ഗ്രസില്‍നിന്നോ മറ്റ് മതേതര പാര്‍ട്ടികളില്‍നിന്നോ നിങ്ങള്‍ പിന്‍വാങ്ങേണ്ടതില്ല. പക്ഷെ അവര്‍ക്ക് കരുത്തില്ല. ദിശാ ബോധമില്ലാത്ത അവര്‍ ശക്തമായി ഇടപെടുന്നില്ലെന്നും ഒവൈസി പറഞ്ഞു. സ്വാതന്ത്രാനന്തര ഇന്ത്യ ആസാദിന്റേയും ഗാന്ധിയുടേയും അംബേദികറിന്റേയും അവരുടെ കോടിക്കണിക്കിന് അണികളുടേയും ആകുമെന്ന് കരുതി. ഞങ്ങളുടെ സ്ഥാനം ഞങ്ങള്‍ക്ക് കിട്ടുമെന്ന് എനിക്കിപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ആരുടേയും ദാനം ആവശ്യമില്ല. നിങ്ങളുടെ ദാനത്താല്‍ ഞങ്ങള്‍ക്ക് അതിജീവിക്കേണ്ട-ഒവൈസി പറഞ്ഞു.