ശബരിമല: വിശ്വാസികളുടെ പിന്തുണ തിരിച്ചുപിടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി നിര്‍ദേശം

Posted on: June 9, 2019 8:50 pm | Last updated: June 10, 2019 at 8:55 am

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പിന്തുണ ഇടത് പക്ഷത്തിന് ലഭിച്ചില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്ന് തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കി.

തിരഞ്ഞെടുപ്പിലെ വലിയ പരാജയം മറികടന്ന് തിരിച്ചുവരാന്‍ 11 ഇന കര്‍മ്മ പരിപാടികള്‍ക്ക് സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നല്‍കി. പാര്‍ട്ടിയെ കൈവിട്ട വോട്ടര്‍മാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തില്‍ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിര്‍ത്തും. പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കും. സംഘടനാ ദൗര്‍ബല്യം മറികടക്കും.സംഘടനയെ ശക്തിപ്പെടുത്താനുള്ള കൊല്‍ക്കത്ത പ്ലീന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും സിപിഎം കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ നാളെ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിശദീകരിക്കും.