ഉയരെ…

പ്രചോദനം
Posted on: June 9, 2019 6:30 pm | Last updated: June 9, 2019 at 6:30 pm

അവയവങ്ങൾക്ക് പോരായ്മ ഉള്ളവർക്ക് നേരെ സഹതാപക്കണ്ണുകളോടെയാണ് സമൂഹം നോക്കുകയെങ്കിൽ, ഉയരമില്ലാത്തവർ പലപ്പോഴും ആ കണ്ണുകൾക്ക് കൗതുക കാഴ്ചയാണ്. അന്യഗ്രഹ ജീവിയോടെന്ന പോലെ മനുഷ്യവംശത്തിലെ അംഗമാണെന്ന യാതൊരു പരിഗണനയുമില്ലാതെയായിരിക്കും അത്തരം നോട്ടങ്ങളുണ്ടാകുക. നോട്ടം മാത്രമല്ല, അതിനേക്കാൾ മുറിവേൽപ്പിക്കുന്ന പരിഹാസ വാക്കുകളും. ഇത്തരം ദുർഘടപാതയിലൂടെയാണ് പ്രീതയും കടന്നുവന്നത്. പക്ഷേ, സമൂഹത്തിന്റെ സമീപനം അവളെ തളർത്തിയില്ല. ജീവിതത്തിൽ കുതിക്കാനുള്ള ഇന്ധനമാക്കി അവയെയൊക്കെയും മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ ജീവിത നേട്ടത്തിൽ ഉയരക്കുറവില്ലെന്ന് കാണിച്ചു, കരിമ്പ ഗവ. ഹൈസ്‌കൂളിലെ സാമൂഹികശാസ്ത്രം അധ്യാപിക പ്രീത. ജീവിതത്തിലെ നിസ്സാര പ്രതിസന്ധികളിൽ പോലും നിരാശരാകുന്ന പുതുതലമുറക്ക് മാതൃകയും ഊർജവുമാണ് ഈ അധ്യാപിക. എന്തും വേഗത്തിൽ പഠിച്ചെടുക്കുന്ന പ്രകൃതമാണ് തെങ്കര മുരിയൻകാവുങ്കൽ ജോയ്- ലീലാമ്മ ദമ്പതിമാരുടെ മകൾക്ക്.

“ഇൻഡോമിറ്റബിൾ സ്പിരിറ്റ്’
തുറന്ന അധ്യാപന വഴി

പ്രീതയുടെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. കുഞ്ഞൻ ശരീരം, നടക്കാൻ പ്രയാസം തുടങ്ങിയവയാൽ ചെറുപ്പത്തിൽ നന്നേ വിഷമിച്ചു. തന്റെ വൈകല്യം ക്രൂരമായി പരിഹസിക്കപ്പെടുന്ന നിരവധി അനുഭവങ്ങളുണ്ടായി. പല ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. പരിധിയലപ്പുറം ഉയരമുള്ളവരും പൊക്കക്കുറവുള്ളവരും സമൂഹത്തിൽ എങ്ങനെ ജീവിക്കുന്നുവെന്നത് പഠിക്കേണ്ട വസ്തുതയാണ്. മറ്റു രാജ്യത്തുള്ള ജനവിഭാഗങ്ങളെ അടുത്തറിഞ്ഞാൽ മനസ്സിലാകും, ശാരീരിക പരിമിതികളുള്ളവരോട് അവർ എത്ര ആദരവോടും പരിഗണനോടെയുമാണ് പെരുമാറുന്നതെന്ന്. നമ്മുടെ സമൂഹം പ്രബുദ്ധരായിട്ടും കുഞ്ഞുശരീരമുള്ളവർ വിസ്മയം മാത്രമല്ല ചിലപ്പോഴൊക്കെ ഭാരവുമാണ്.
എവിടെപ്പോയാലും കിട്ടുന്ന കളിയാക്കലുകൾ ക്രമേണ പ്രീത ഗൗനിക്കാതെയായി. എല്ലാ തുറിച്ചുനോട്ടത്തേയും തരണം ചെയ്യാൻ ഉറച്ചു. “പൊക്കക്കുറവാണെന്റെ പൊക്കം’ എന്ന കവി വാക്യത്തെ പ്രചോദനമാക്കാൻ തീരുമാനിച്ചു. അച്ഛനും അമ്മയും ഏക സഹോദരൻ പ്രശാന്തും നൽകിയ പിന്തുണ മാത്രം മതിയായിരുന്നു, വാശിയോടെ ജീവിക്കാൻ. ആ വാശി പ്രീതയെ എത്തിച്ചത് പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ എം എ പഠനത്തിനായിരുന്നു. പഠനശേഷം ഇനിയെന്ത് എന്ന ചോദ്യം വീണ്ടും കുഴക്കി. ആരെയും പ്രയാസപ്പെടുത്താതെ കഴിയാൻ ഒരു ജോലി നേടണമെന്നതിൽ കവിഞ്ഞ് പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ പി എസ് സി പഠനം തുടങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ “ഇൻഡോമിറ്റബിൾ സ്പിരിറ്റ്’ എന്ന പുസ്തകം കൈയിൽ എത്തിപ്പെടുന്നത്. ആ വായന അധ്യാപന അഭിരുചി ഉണർത്തി. അധ്യാപനം അതുവരെ മനസ്സിൽ കരുതിയിട്ടില്ലാത്ത പ്രീതക്ക് പിന്നീട് അതായി അഭിനിവേശം. ഈ ലോകത്തിലെ ഏറ്റവും മഹനീയമായ തൊഴിൽ അധ്യാപനമാണെന്നാണ് പ്രീതയുടെ പക്ഷം. അജയ്യമായ ആത്മചൈതന്യമാണത്.

സ്വയം കാറോടിച്ച്
സ്‌കൂളിലേക്ക്

കോട്ടയം മാന്നാനം സെന്റ് ജോസഫ് അധ്യാപക പരിശീലന കോളജ് ഈ ആഗ്രഹത്തിന് വെള്ളവും വളവും നൽകി. ഓരോ അധ്യാപകനും പ്രീതയെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അവിടുത്തെ സുനിത മിസ്സിന്റെ സ്വാധീനമാണ് പ്രീതയുടെ ജീവിതത്തിൽ അന്നും ഇന്നും വെളിച്ചം പരത്തിയത്. ഒരർഥത്തിൽ ഇന്നത്തെ പ്രീത സെന്റ് ജോസഫ് ട്രെയിനിംഗ് കോളജിന്റെ സന്തതിയാണ്. അധ്യാപന ജോലി തേടി പല അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു. എല്ലാ യോഗ്യതകളുമുണ്ടായിട്ടും ഉയരക്കുറവിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് ചിലർ തുറന്നു പറഞ്ഞു. കൂടെ കൊണ്ടുനടക്കാൻ ബുദ്ധിമുട്ടാണത്രേ. കൊച്ചാക്കിയവർക്ക് മുന്നിൽ അധ്യാപികയായി തന്നെ സേവനം ചെയ്യണമെന്നത് പ്രീതയുടെ ദൃഢനിശ്ചയമായിരുന്നു. അട്ടപ്പാടിയിലും നിലമ്പൂരിലും ജോലി ചെയ്തു. ഈ വർഷമാണ് കരിമ്പ ഹൈസ്‌കൂളിൽ എത്തിയത്. മുന്നിലിരിക്കുന്ന ഒരു വിദ്യാർഥിയും പരിഹസിക്കാറില്ല. അവർക്ക് എന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ല. ഓരോ ദിവസവും വിദ്യാർഥികൾക്ക് മുമ്പിലെത്തുമ്പോഴുണ്ടാകുന്ന നിർവൃതി പറഞ്ഞറിയിക്കാവതല്ല. ഞാൻ അത്രമേൽ ആസ്വദിക്കുന്നു ഈ തൊഴിൽ. ബ്ലാക്ക്‌ബോർഡിൽ എഴുതാൻ പറ്റാത്തപ്പോഴെല്ലാം കസേരക്ക് മുകളിൽ കയറി നിന്നും എഴുതാറുണ്ട്. ക്ലാസിൽ പഠിപ്പിക്കുമ്പോൾ ടീച്ചർ ഒരു തികഞ്ഞ അധ്യാപിക തന്നെ. അല്ലാത്തപ്പോഴെല്ലാം ഞങ്ങൾക്ക് ടീച്ചർ കൂട്ടുകാരിയും ചേച്ചിയും പോലെ എന്ന് വിദ്യാർഥികൾ പറയുന്നു.
ആർക്കും അലോസരമാകാതിരിക്കാനാണ് പ്രീതയുടെ ശ്രദ്ധ. മൂന്നടി അഞ്ചിഞ്ച് മാത്രം പൊക്കമുള്ള പ്രീതയെ എല്ലാ കാര്യത്തിനും അധ്യാപകരും വിദ്യാർഥികളും കൂടെ കൂട്ടാറുണ്ട്. സ്വയം കാറോടിച്ചാണ് സ്‌കൂളിലെത്തുന്നതും മടങ്ങുന്നതും. പ്രീതയുടെ മനസ്സിന് മതിലുകളില്ല. ജീവിതം ചെറുതും സുന്ദരവുമല്ലേ? പിന്നെന്തിന് സങ്കീർണമാക്കണം, പ്രീത ചോദിക്കുന്നു. ഉയരക്കുറവുകൊണ്ട് നഷ്ടമായതൊക്കെ മനസ്സുറപ്പുകൊണ്ട് നേടുകയാണ് ഈ അധ്യാപിക. ഇന്നലെയുടെ നോവുകളെ കുറിച്ച് പ്രീത ഓർക്കാറില്ല. നാളെയെ കുറിച്ചുള്ള ശുഭപ്രതീക്ഷയും സ്‌നേഹവുമാണ് മനസ്സ് നിറയെ.
.
.