നെറ്റ് ബൗളറുടെ തലക്ക് പരുക്ക്, വാര്‍ണര്‍ ആകെ തകര്‍ന്നു

Posted on: June 9, 2019 2:56 pm | Last updated: June 9, 2019 at 2:56 pm

ലണ്ടന്‍: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന സെഷനില്‍ നെറ്റ് ബൗളര്‍ക്ക് തലക്ക് പരുക്കേറ്റു. ഓപണിംഗ്ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറുടെ അതിശക്തമായ സ്‌ട്രെയിറ്റ് ഡ്രൈവ് ബൗളറുടെ തലക്ക് കൊള്ളുകയായിരുന്നു.
ഉടനടി ഗ്രൗണ്ടില്‍ അബോധാവസ്ഥയിലായ ബൗളര്‍ ജയ്കിഷന്‍ പ്ലാഹയെ സ്‌ട്രെച്ചറില്‍ മെഡിക്കല്‍ റൂമിലേക്ക് മാറ്റി.

എന്നാല്‍, പരുക്ക് തലക്കായതിനാല്‍ താരം വിദഗ്ധ നിരീക്ഷണത്തിനായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്ലാഹക്ക് ബോധമുണ്ട്, ചിരിച്ചു – ഐ സി സി വേദി മാനേജര്‍ മൈക്കല്‍ ഗിബ്‌സന്‍ അറിയിച്ചു.
എന്നാല്‍, തന്റെ ബാറ്റിംഗില്‍ നെറ്റ് ബൗളര്‍ക്ക് പരുക്കേറ്റത് ഡേവിഡ് വാര്‍ണറെ ആകെ ഉലച്ചു. അദ്ദേഹം ആകെ അസ്വസ്ഥനാണ്, ആശുപത്രിയില്‍ നിന്ന് നല്ല വാര്‍ത്തകള്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് – ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു.

2014 ല്‍ ഓസീസിന്റെ ടെസ്റ്റ്ബാറ്റ്‌സ്മാന്‍ ഫിലിപ് ഹ്യൂസ് പന്ത് തലയില്‍ കൊണ്ട് മരിച്ചിരുന്നു. ഈ സംഭവം മനസിലുള്ളതു കൊണ്ടാകാം വാര്‍ണറുടെ മുഖത്ത് വലിയ സമ്മര്‍ദം നിറഞ്ഞു നില്‍ക്കുന്നത്.

ന്യൂ സൗത്ത് വെയില്‍സും സൗത്ത് ആസ്‌ത്രേലിയയും തമ്മിലുള്ള മത്സരത്തിലായിരുന്നു ദാരുണ സംഭവം. അന്നും വാര്‍ണര്‍ ഗ്രൗണ്ടിലുണ്ടായിരുന്നു.