Connect with us

Articles

ശ്രീലങ്കയിൽ മുസ്‌ലിം മന്ത്രിമാർ രാജിവെച്ചതെന്തിന്?

Published

|

Last Updated

ഈസ്റ്റർ ദിനത്തിലെ സ്‌ഫോടന പരമ്പരകൾക്ക് ശേഷം ശ്രീലങ്കയിലെ മുസ്‌ലിം ജീവിതം എത്രമാത്രം അരക്ഷിതവും നിരാലംബവുമായിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുസ്‌ലിം ഗവർണർമാരുടെയും മന്ത്രിമാരുടെയും രാജി. ബുദ്ധ സന്യാസി അതുരേലിയേ രത്‌ന തേരോ കാൻഡിയിൽ ആരംഭിച്ച അനിശ്ചിത കാല നിരാഹാരവും അതിന് പിന്തുണയർപ്പിച്ച് വിവിധ സിംഹള ഗ്രൂപ്പുകൾ നടത്തിയ പ്രക്ഷോഭവും ശ്രീലങ്കയിലെ മുസ്‌ലിംകളെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ അന്യവത്കരണത്തിലേക്ക് എടുത്തെറിഞ്ഞിരിക്കുന്നു. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊഴിൽ മേഖലയിൽ നിന്ന് യുവാക്കളെ പിരിച്ചു വിട്ടു. അടിയന്തരാവസ്ഥയുടെ മറവിൽ ദിനംപ്രതി നൂറുകണക്കിന് ചെറുപ്പക്കാരെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുകയാണ്. സലഫീ ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും സഹ്‌റാൻ ഹാശിം അടക്കമുള്ള എല്ലാ തീവ്രവാദികളെയും മുസ്‌ലിം ജനസാമാന്യം കൃത്യമായി തള്ളിപ്പറഞ്ഞതാണെന്നും അറിയാത്തവരല്ല ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം.

പക്ഷേ, മുസ്‌ലിംവിരുദ്ധ പൊതു ബോധം കത്തി നിൽക്കുമ്പോൾ അവരാരും മിണ്ടില്ല. പകരം അതിൽ നിന്ന് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് നോക്കുക. ധനമന്ത്രി മംഗള സമരവീര ഒഴിച്ച് മറ്റെല്ലാവരും കുറ്റകരമായ മൗനം തുടരുകയായിരുന്നു. അതോടെ ബുദ്ധ സന്യാസിമാർ ഉണ്ണാവൃതമെടുത്ത് തുടങ്ങിയ പ്രക്ഷോഭം സമസ്ത മേഖലയിലേക്കും പടർന്നു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ച കിഴക്കൻ മേഖലയിലെ ഗവർണർമാരായ അസത് സാലി, എം ഹിസ്ബുല്ല, ക്യാബിനറ്റ് മന്ത്രി റിശാദ് ബൈത്തുദ്ദീൻ എന്നിവർ രാജി വെച്ചപ്പോൾ മാത്രമാണ് അക്രമാസക്ത പ്രക്ഷോഭം ഒന്നടങ്ങിയത്. ഇവർക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് ഒരു സർക്കാർ ഏജൻസിയും കണ്ടെത്തിയിട്ടില്ല. ഒരു കേസും ഇവരുടെ പേരിലില്ല. എന്നിട്ടും ബുദ്ധിസ്റ്റ് ശാഠ്യം വിജയിച്ചു. സർക്കാറിലെ ഉന്നതരുടെ ഒത്താശയിലാണ് പ്രക്ഷോഭം വിജയം കണ്ടത്.

രാജിവെച്ച മുസ്‌ലിം ഗവർണർമാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് റനിൽ വിക്രമ സിംഗെ സർക്കാറിലെ മുഴുവൻ മുസ്‌ലിം മന്ത്രിമാരും കസേര ഉപേക്ഷിക്കുന്നതാണ് പിന്നെ കണ്ടത്. ശ്രീലങ്കൻ മുസ്‌ലിം കോൺഗ്രസിന്റെ പ്രതിനിധികളായി മന്ത്രിസഭയിലുള്ള നാല് ക്യാബിനറ്റ് മന്ത്രിമാർ, അഞ്ച് സഹമന്ത്രിമാർ, ഒരു ഡെപ്യൂട്ടി മന്ത്രി എന്നിവരാണ് രാജിവെച്ച് പുറത്ത് വന്നത്. രാജി തീരുമാനം പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി റഊഫ് ഹഖീം വികാരഭരിതമായാണ് സംസാരിച്ചത്: “മുസ്‌ലികൾക്ക് നേരെ വിദ്വേഷ സംസ്‌കാരം വിഷം ചീറ്റുകയാണ്. ഈ ജനത ഒരുപാട് അനുഭവിച്ചു. ഒരു കുറ്റവും ചെയ്യാതെ ഞങ്ങൾ ക്രൂശിക്കപ്പെടുകയാണ്” മന്ത്രിമാരുടെ ഈ വൈകാരിക തീരുമാനം വഴി സത്യത്തിൽ സിംഹള വർഗീയവാദികൾ ആഗ്രഹിച്ചത് തന്നെയാണ് സംഭവിച്ചത്. തികച്ചും ന്യൂനപക്ഷമായ മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രതിനിധാനം നിർവഹിച്ചിരുന്ന മന്ത്രിസഭാംഗങ്ങൾ അധികാരം വിട്ടൊഴിയുന്നത് വംശീയ വാദികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരും. തീവ്രവാദി സെല്ലുകളെ അടിച്ചമർത്താനുള്ള സർക്കാറിന്റെ ശ്രമങ്ങൾ മുസ്‌ലിം വേട്ടയായി മാറിക്കഴിഞ്ഞ ശ്രീലങ്കയിൽ ആ നില കൂടുതൽ ക്രൗര്യത്തോടെ തുടരാനേ ഈ സ്ഥാനത്യാഗം ഉപകരിക്കുകയുള്ളൂ. ചില മിതവാദി ബുദ്ധ സന്യാസിമാർ മുസ്‌ലിം മന്ത്രിമാർ മന്ത്രിസഭയിൽ തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടതൊഴിച്ചാൽ ഈ നേതാക്കൾ സ്ഥാനത്യാഗം വഴി വിളിച്ചു പറയാൻ ശ്രമിച്ചത് എവിടെയും മുഴങ്ങിയില്ലെന്നതാണ് കഷ്ടം. മുസ്‌ലിംവിരുദ്ധ കലാപം തടയാൻ ഇവരുടെ രാജി ഉപകരിച്ചുവെന്ന് മുഖപ്രസംഗമെഴുതുകയാണ് ശ്രീലങ്കൻ മാധ്യമങ്ങൾ ചെയ്തത്. ശ്രീലങ്കൻ പൊതുസമൂഹത്തിന്റെ കർണങ്ങൾ അത്രമേൽ ബധിരമായിരിക്കുന്നു. അതിന്റെ കാഴ്ചക്ക് അത്രമേൽ വംശീയ ആന്ധ്യം ബാധിച്ചിരിക്കുന്നു. 250 മനുഷ്യരെ കൊന്നു തള്ളിയവർക്കും അവരുടെ ആശയ മച്ചുനൻമാർക്കും ഇപ്പോൾ എന്ത് പറയാനുണ്ട്?

തമിഴ് പുലികൾക്കെതിരായ സൈനിക നീക്കം സൃഷ്ടിച്ച വംശീയ വിടവ് പരിഹരിക്കും മുമ്പ് വിദ്വേഷത്തിന്റെയും സംശയത്തിന്റെയും മറ്റൊരു സുനാമിയിൽ അകപ്പെടുകയാണ് ഈ ദ്വീപ് രാഷ്ട്രം. മഹിന്ദാ രജപക്‌സേയുടെ നേതൃത്വത്തിൽ ഭൂരിപക്ഷ സിംഹള രാഷ്ട്രീയം വലിയ കരുത്ത് നേടുകയാണ്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്നെ ജയിപ്പിച്ച മതേര ചേരി അതിവേഗം ദുർബലമാകുന്നുവെന്ന് ഏറ്റവും നന്നായി തിരിച്ചറിയുന്നത് പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെയാണ്. വിദ്വേഷ പ്രസംഗത്തിന് ജയിലിലായിരുന്ന ബുദ്ധ സന്യാസി വേഷധാരി ഗലഗോഡ അത്തേ ജ്ഞാനസരയെ പൊതു മാപ്പ് പട്ടികയിൽ ഉൾപ്പെടുത്തി തുറന്ന് വിടാനുള്ള ഫയലിൽ സിരിസേന ഒപ്പിടുന്നത് അതുകൊണ്ടാണ്. ജ്ഞാനസര പുറത്തിറങ്ങിയപ്പോഴാണ് മുസ്‌ലിം വേട്ട കൂടുതൽ ക്രൗര്യം നേടിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആസൂത്രിതമായ കലാപം അരങ്ങേറി. നൂറ് കണക്കിന് കടകൾക്കും വീടുകൾക്കും നേരെ ബുദ്ധ തീവ്രവാദികളുടെ നേതൃത്വത്തിൽ ആക്രമണം നടന്നു.

പോലീസും സൈന്യവും നോക്കിനിൽക്കെയാണ് പലയിടങ്ങളിലും കലാപം നടന്നത്. ഒരു വശത്ത് ഈ കലാപങ്ങൾ മുസ്‌ലിം ജീവിതം ദുരിതപൂർണമാക്കുന്നു. മറുവശത്ത് ഐ എസ് പോലുള്ള അന്താരാഷ്ട്ര തീവ്രവാദി സംഘങ്ങൾക്ക് ശ്രീലങ്കൻ മണ്ണിൽ നിന്ന് പുതിയ അടിമകളെ നേടിക്കൊടുക്കുകയും ചെയ്യുന്നു. മധ്യകാൻഡിയിൽ അരങ്ങേറിയ ബുദ്ധ തീവ്രവാദി ആക്രമണങ്ങളെ ചൂണ്ടിയായിരുന്നുവല്ലോ നാഷനൽ തൗഹീദ്, ജമാഅത്ത് മില്ലത്ത് ഇബ്‌റാഹിം പോലുള്ള സലഫീ ഗ്രൂപ്പുകൾ യുവാക്കളെ പിടിച്ചത്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന ശ്രീലങ്കൻ സർക്കാർ ആ നടപടി മുസ്‌ലിം വേട്ടയായി മാറുന്നത് ജാഗ്രതയോടെ തടയണമെന്ന് ബുദ്ധിയുള്ളവരെല്ലാം ഉപദേശിക്കുന്നതിന്റെ അർഥമതാണ്.

ശ്രീലങ്ക സലഫീ ആശയധാരയിലുള്ള തീവ്രവാദികൾക്ക് നല്ലൊരു കാലൂന്നിയാണ്. ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും പാക്കിസ്ഥാനിലേക്കുമെല്ലാം പടരാൻ ഇവിടെ നിന്ന് സാധിക്കും. സിറിയയിലും ഇറാഖിലും തകർന്നുവെന്ന് പറയുന്ന ഐ എസിന് ജീവൻ പകരാൻ പോന്ന ചെറു ഗ്രൂപ്പുകൾ ഈ രാജ്യങ്ങളിൽ നിന്ന് രൂപപ്പെട്ടേക്കാം. നിർഭാഗ്യവശാൽ ശ്രീലങ്കയിൽ ഇപ്പോൾ നടക്കുന്ന വംശീയ ആക്രമണങ്ങൾ ഇത്തരം ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് ഉണ്ടാക്കുന്നത്. ആക്രമണം അഴിച്ചു വിടുന്ന സിംഹള വർഗീയവാദികളും 250 പേരെ കൊന്ന ശേഷം ശാന്തമായി കഴിയുന്ന സലഫീ ഗ്രൂപ്പുകളും ഒരേ കളിത്തട്ടിന്റെ ഇരുവശങ്ങളിലുമിരുന്ന് കരുക്കൾ ചുഴറ്റിയെറിയുകയാണ്. അവർ കളിച്ചു രസിക്കുകയാണ്.
ഈസ്റ്റർ ആക്രമണത്തിന് വഴി വെച്ച ഇന്റലിജൻസ് വീഴ്ച ശ്രീലങ്കയിലെ സുരക്ഷാ സംവിധാനത്തെയാകെ നാണക്കേടിലാക്കിയിരുന്നു. അതിന് അവർ പ്രതിക്രിയ ചെയ്യുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമായ നിരീക്ഷണ വല പൗരൻമാർക്ക് മേൽ വിരിച്ചു കൊണ്ടാണ്.

ന്യൂനപക്ഷങ്ങളുടെ ജീവിതം നിതാന്തമായ നിരീക്ഷണപ്പുറത്ത് തളച്ചിടുന്നതിലേക്കാണ് ഇത് നയിക്കുക. തീവ്രവാദവിരുദ്ധ യുദ്ധങ്ങളുടെ ഇരകൾ എവിടെയും മുസ്‌ലിംകളാണ്. മുസ്‌ലിംകൾ ഭൂരിപക്ഷമായ ഇടങ്ങളിലും ന്യൂനപക്ഷമായ ഇടങ്ങളിലും അത് തന്നെയാണ് സ്ഥിതി. എത്ര ശക്തമായി തീവ്രവാദത്തെ തള്ളിപ്പറഞ്ഞാലും സലഫീ, ഇഖ്‌വാൻ സംഘങ്ങളുടെ സാന്നിധ്യം മുസ്‌ലിംകളെയൊന്നാകെ പൊട്ടൻഷ്യൽ തീവ്രവാദി ഗണത്തിലേക്ക് ചേർക്കുന്നതിന് കാരണമാകുന്നു.

ശ്രീലങ്കയിലും അതാണ് സംഭവിച്ചത്. തമിഴ് സ്വത്വവും മുസ്‌ലിം സ്വത്വവും ഒരുമിച്ച് പേറുമ്പോഴും ശ്രീലങ്കയിലെ മുസ്‌ലിംകൾ എൽ ടി ടി ഇയെ തള്ളിപ്പറഞ്ഞത് തീവ്രവാദ പ്രവണതകളോടുള്ള വിസമ്മതം കൊണ്ടാണ്. സഹ്‌റാൻ ഹാശിമിന്റെ പ്രഭാഷണങ്ങൾ യുവാക്കളിൽ ചിലരെ ആവേശം കൊള്ളിച്ചപ്പോഴും മുസ്‌ലിം ജനസാമാന്യം അതിനെ തള്ളിപ്പറഞ്ഞു. 2014ൽ “സമാധാനകാംക്ഷികളായ മുസ്‌ലിംകളുടെ കൂട്ടായ്മ” ആഭ്യന്തര വകുപ്പിന് നൽകിയ നിവേദനത്തിൽ നാഷനൽ തൗഹീദ് ജമാഅത്തിനെ വിശേഷിപ്പിച്ചത് “അതിവേഗം വ്യാപിക്കുന്ന ക്യാൻസർ” എന്നാണ്. ഇസ്‌ലാമിക മൂല്യങ്ങൾ കർശനമായി പാലിക്കണമെന്നും ഏകദൈവാരാധനയിൽ കലർപ്പ് പാടില്ലെന്നുമാണ് പുറമേ പറയുന്നതെങ്കിലും അവരുടെ ആശയപ്രചാരണം ആത്യന്തികമായി ചെന്നെത്തുക ഗുരുതരമായ ഭീകരതയിലായിരിക്കുമെന്ന് അന്നത്തെ നിവേദനത്തിൽ ഒപ്പിട്ട മുസ്‌ലിം നേതാക്കൾ മുന്നറിയിപ്പ് നൽകി. നാഷനൽ തൗഹീദ് ജമാഅത്തുമായും ജമാഅത്തെ മില്ലത്ത് ഇബ്‌റാഹിമുമായും ഒരു ബന്ധവും പാടില്ലെന്ന് ആൾ സിലോൺ ജംഇയ്യത്തുൽ ഉലമ വിശ്വാസികൾക്ക് കർശന നിർദേശവും നൽകി. ഈ സംഘടനകൾ പുറത്തിറക്കുന്ന ഖുർആൻ പരിഭാഷകൾ നിരോധിക്കണമെന്ന് സർക്കാറിനെ ജംഇയ്യത്തുൽ ഉലമ ഓർമിപ്പിക്കുകയുമുണ്ടായി.

അതൊന്നും ചെവികൊള്ളാത്ത സർക്കാറാണ് ഇന്ന് ബുദ്ധ തീവ്രവാദികൾ മുസ്‌ലിംകൾക്ക് നേരെ അഴിഞ്ഞാടുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കുന്നത്. വിദേശത്ത് പോയി തിരിച്ചുവരുന്ന വഹാബി സിംപതൈസർമാർ സാമൂഹിക മാധ്യമങ്ങളിൽ എന്താണ് പ്രചരിപ്പിക്കുന്നതെന്ന് ഒരു ഇന്റലിജൻസും പരിശോധിച്ചില്ല. 2004 മുതൽ ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തകരും വഹാബികളും തമ്മിൽ കാറ്റാങ്കുടി മേഖലയിൽ ഉണ്ടായ സംഘർഷങ്ങളെയും സർക്കാർ ഗൗരവത്തിലെടുത്തില്ല. മുസ്‌ലിംകളിലെ ആഭ്യന്തര പ്രശ്‌നമായി അതിനെ ചുരുക്കിക്കാണുകയാണ് അവർ ചെയ്തത്. ചില പുരോഗമന രാഷ്ട്രീയക്കാർ വഹാബി മൂവ്‌മെന്റുകളെ മുസ്‌ലിംകൾക്കിടയിലെ അനിവാര്യമായ പരിഷ്‌കരണത്തിന്റെ സൂചനയായി കാണുക പോലും ചെയ്തു. പുണ്യ കേന്ദ്രങ്ങൾക്ക് മുന്നിൽ വഹാബി പ്രവർത്തകർ വിശ്വാസികളെ തടഞ്ഞപ്പോൾ ദർഗകൾക്ക് താഴിടുകയെന്ന ലളിത പരിഹാരമായിരുന്നു സർക്കാർ പുറത്തെടുത്തത്.

ഇത് അച്ചടിച്ചു വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും കൂടിക്കാഴ്ച കഴിഞ്ഞ് പത്രങ്ങൾക്ക് മുമ്പിൽ ചിരിച്ചു നിൽക്കുന്നുണ്ടാകും. അവർ പ്രതിജ്ഞാബദ്ധത ഊട്ടിയുറപ്പിച്ചത് തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാകും. അതിൽ ശ്രീലങ്കക്ക് ഇന്ത്യയുടെ എല്ലാ സഹായവും ഉണ്ടാകും. ശ്രീലങ്കയിൽ ചൈന നടത്തുന്ന സാമ്പത്തിക ഇടപെടലുകളെ ഗൗരവമായി കാണുന്ന ഇന്ത്യ ഉപദേശിയുടെ റോളിൽ തിളങ്ങാനാകും ശ്രമിക്കുക. ഇന്ത്യ നൽകുന്ന ഉപദേശം തീർച്ചയായും അടിച്ചമർത്തലിന്റെതാകും. ബുർഖ നിരോധനം, പള്ളികൾക്ക് മേൽ നിയന്ത്രണം, മദ്‌റസകളുടെ പ്രവർത്തനത്തിൽ ഇടപെടൽ, മുസ്‌ലിം സംരംഭങ്ങളെ നിരീക്ഷണത്തിന് കിഴീൽ കൊണ്ടുവരൽ തുടങ്ങിയ ഇസ്‌ലാമോഫോബിക് നടപടികളാണ് ഇപ്പോൾ ശ്രീലങ്കൻ സർക്കാർ കൈകൊള്ളുന്നത്. ഈ നടപടികൾ ഒരു ബഹു മത സമൂഹത്തിൽ ഉത്കൃഷ്ട- അധമ വിഭജനത്തിന് മാത്രമേ വഴിവെക്കൂ. തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരിൽ 99.99 ശതമാനവും പുരുഷൻമാരാണെന്നിരിക്കെ ബുർഖ നിരോധിക്കുന്നത് എന്തിനാണ്? 99.99 ശതമാനം പള്ളികളും സമാധാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുമ്പോൾ അവിടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തിരിഞ്ഞു കളിക്കുന്നത് എന്തിനാണ്? കൊളംബോ കർദിനാൾ മാൽക്കം രഞ്ജിത്തിനെപ്പോലുള്ളവർ നടത്തുന്ന മുറിവുണക്കൽ പ്രവർത്തനങ്ങളെ പിന്തുണക്കുകയും മുസ്‌ലിംകളിലെ മഹാഭൂരിപക്ഷം വരുന്ന സമാധാനസ്‌നേഹികളെ വിശ്വാസത്തിലെടുക്കുകയുമാണ് ശ്രീലങ്കൻ സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സിംഹള ദേശീയതക്ക് എരിവു പകരുന്ന പരിപാടി നിർത്തുകയും വേണം. അതാണ് നയമെങ്കിൽ പ്രസിഡന്റും പ്രധാനമന്ത്രിയും മുസ്‌ലിം ഗവർണർമാരെയും മന്ത്രിമാരെയും തിരിച്ചു വിളിക്കുകയാണ് വേണ്ടത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest