തൃണമൂല്‍-ബി ജെ പി ഏറ്റുമുട്ടല്‍: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Posted on: June 9, 2019 9:49 am | Last updated: June 9, 2019 at 1:22 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബി ജെ പിയുടെ മൂന്നും തൃണമൂലിന്റെ ഒന്നും  പ്രവര്‍ത്തകരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും വിവരമുണ്ട്. ശനിയാഴ്ച രാത്രി നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ നസ്റത് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന ബി ജെ പി പതാകകള്‍ അഴിച്ചമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. എന്നാല്‍ മരണങ്ങള്‍ ഇതേവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തങ്ങളുടെ പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂലുകാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ ആരോപണം. ബി ജെ പിയുടെ കൊടികള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകകയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സായന്തന്‍ ബസു ആരോപിച്ചു.