പ്രധാനമന്ത്രി മാലദ്വീപില്‍;ലക്ഷ്യം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍

Posted on: June 8, 2019 6:56 pm | Last updated: June 8, 2019 at 9:55 pm

ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിലെത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. രണ്ടാം തവണ പ്രധാമന്ത്രി പദത്തിലെത്തിയ മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. മാലെ വിമാനത്താവളത്തില്‍ മോദിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.

മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ പുരസ്‌കാരം മോദിക്ക് സമ്മാനിക്കും. മാലദ്വീപ് പാര്‍ലമെന്റായ മജ്‌ലിസിനെ മോദി അഭിസംബോധന ചെയ്യും. മാലദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോദിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിക്കും. അയല്‍രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പ്രധാമന്ത്രിയുടെ വിദേശ സന്ദര്‍ശനം.