കുടിവെള്ളം കൊണ്ടു കാര്‍ കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ

Posted on: June 8, 2019 12:05 pm | Last updated: June 8, 2019 at 12:05 pm

ഗുഡ്ഗാവ്: കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തി. 500 രൂപയാണ് പിഴ ഈടാക്കിയത്. ഡിഎല്‍എഫ് ഫെയ്‌സിലെ വസതിയില്‍വെച്ചാണ് കോഹ്‌ലിയുടെ വീട്ടുവേലക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയത്. കോഹ്‌ലി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാക്കിക്കളയുന്നുവെന്ന് അയല്‍വാസിയാണ് പരാതി നല്‍കിയത്.

കടുത്ത ചൂട് കാരണം ഉത്തരേന്ത്യയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് കുടിവെള്ളം പാഴാക്കുന്നത് പരാതിക്ക് കാരണമായത്. ഗുഡ്ഗാവിലെ മറ്റു ചില വീട്ടുകാരില്‍ നിന്നും ഇതേ കാരണത്തിന് മുന്‍സിപ്പല്‍ അധികാരികള്‍ പിഴ ഈടാക്കിയിട്ടുണ്ട്.

ലോകകപ്പ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കോഹ്‌ലി ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്.