Connect with us

Ongoing News

അഫ്ഗാനിസ്ഥാന്റെ 'നെടുംതൂൺ' തകർന്നു

Published

|

Last Updated

ലണ്ടൻ: കാൽമുട്ടിന് പരുക്കേറ്റ അഫ്ഗാനിസ്ഥാൻ ഓപണറും വിക്കറ്റ്കീപ്പറുമായ മുഹമ്മദ് ശഹ്‌സാദ് ടീമിൽ നിന്ന് പുറത്തായി. പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിനിടെ പരുക്കേറ്റ ശഹ്‌സാദ് അഫ്ഗാന്റെ നെടുംതൂണായാണ് അറിയപ്പെടുന്നത്. ന്യൂസിലാൻഡുമായുള്ള ഇന്നത്തെ കളിയിൽ ശഹ്‌സാദ് ഗ്രൗണ്ടിലിറങ്ങില്ലെന്നും പകരം ഇക്‌റം അലി ഖിൽ ഗ്ലൗസണിയുമെന്നും ടീം മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു. 2015ലെ ലോകകപ്പ് മുതൽ ടീമിന്റെ നിർണായക താരമായ ശഹ്‌സാദ് 55 അന്താരാഷ്ട്ര മത്സരങ്ങളിൽ 1,843 റൺസെടുത്തിട്ടുണ്ട്.

ശഹ്‌സാദിന് പകരക്കാരനായെത്തുന്ന അലി ഖിൽ 2018ലെ അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. നാല് ഇന്നിംഗ്‌സിൽ നിന്നായി ഖിൽ 185 റൺസെടുത്തിട്ടുണ്ട്. അയർലാൻഡിനെതിരായ ടെസ്റ്റ് ടീമിലും ഖിൽ അംഗമായിരുന്നു.

ലോകകപ്പിൽ വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാൻ ഇംഗ്ലണ്ടിലെത്തിയതെങ്കിലും അട്ടിമറി പ്രകടനത്തിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. പാക്കിസ്ഥാനെ അട്ടിമറിച്ച് ലോകകപ്പിലെത്തിയ അഫ്ഗാന് ഇഷ്ടപ്രേമികളുടെ എണ്ണം വർധിച്ചിരുന്നു. കഴിഞ്ഞ രണ്ട് കളിയിലും പരാജയപ്പെട്ട അഫ്ഗാനിസ്ഥാന് ഇനി കാര്യമായ പ്രതീക്ഷക്കൊന്നും വകയില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും ശഹ്‌സാദ് കളിച്ചിരുന്നില്ല.

Latest