ദീപകുമാർ വിടപറഞ്ഞതറിയാതെ ഭാര്യയും മകളും

Posted on: June 8, 2019 9:01 am | Last updated: June 8, 2019 at 9:01 am


തിരുവനന്തപുരം: ഭർത്താവിനെ മരണം കവർന്നെടുത്തത് അറിയാതെ ദീപകുമാറിന്റെ ഭാര്യ ആതിരയും, നാല് വയസുകാരി മകൾ അമൂല്യ മാധവും ദുബൈയിലെ ആശുപത്രിയിൽ ചികിത്സയിയിലാണ്.

വ്യാഴാഴ്ച ഒമാനിൽ നിന്ന് ദുബൈയിലേക്ക് വരുമ്പോഴായിരുന്നു അപകടമെന്ന് ദീപകുമാറിന്റെ ജ്യേഷ്ഠൻ ദീപ്തികുമാർ പറയുന്നു. തന്റെ ഭാര്യാബന്ധുക്കൾ ദുബൈയിൽ താമസിക്കുന്നുണ്ട്. അപകടവിവരം അറിഞ്ഞയുടൻ തന്നെ നാട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു എന്നാണ് ദീപ്തി കുമാർ പറയുന്നത്.

കൊച്ചുവേളി, മാധവപുരം, ടൈറ്റാനിയം പി ഒ ടി സി 32/223 ജയ ഭവനിൽ, പി മാധവൻ, പ്രഭുല ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനാണ് അപകടത്തിൽ മരിച്ച ദീപകുമാർ(40).
അഞ്ച് ദിവസത്തെ അവധി ആഘോഷിക്കാൻ ഒമാനിലുള്ള ബന്ധുക്കളുടെ അടുത്ത് പോയ ശേഷം ഭാര്യയും മകളുമായി തിരിച്ച് ദുബൈയിലേക്ക് വരുമ്പോഴായിരുന്നു 17 പേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ അപകടം ഉണ്ടായത്.

ദുബൈയിലേക്കുള്ള മടക്കയാത്രയിൽ, കാറുകൾക്ക് മാത്രം സഞ്ചരിക്കാനുള്ള റോഡിലേക്ക് അറിയാതെ ഡ്രൈവർ ബസ് ഓടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. എന്നാൽ, ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് പറയാനാവില്ലെന്നും ജ്യേഷ്ഠൻ ദീപ്തി കുമാർ പറയുന്നു.

35 സീറ്റർ ബസായിരുന്നുവെന്നാണ് വിവരം. ആതിരയുടെയും മകൾ അമൂല്യയുടെയും പരുക്കുകൾ ഗുരുതരമല്ലെന്നും, ചിലപ്പോൾ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നുമാണ് വിവരം. അവധി ആഘോഷത്തിന്റെ ആലസ്യത്തിൽ നിന്ന് വിട്ടുമാറാത്ത അമൂല്യ ഇപ്പോഴും അച്ഛൻ മരിച്ച വിവരം അറിഞ്ഞിട്ടില്ല. ഭാര്യയോടും വിവരം പറഞ്ഞിട്ടില്ല. ദീപകുമാർ മൂന്ന് വർഷം മുൻപാണ് ഭാര്യയെയും കുഞ്ഞിനെയും ദുബൈയിലേക്ക് കൊണ്ടുപോയത്.