എട്ടില്‍ ലോക റെക്കോര്‍ഡ് !

Posted on: June 7, 2019 8:04 am | Last updated: June 7, 2019 at 5:08 pm

38 റണ്‍സിന് നാല് വിക്കറ്റ് ! വിന്‍ഡീസിന് മുന്നില്‍ ആസ്‌ത്രേലിയ ആടിയുലഞ്ഞു. വലിയ നാണക്കേടിലേക്ക് മൂക്കും കൂത്തും എന്നിരിക്കെ ആസ്‌ത്രേലിയ തപ്പിത്തടഞ്ഞ് നിലഭദ്രമാക്കി. നാല്‍പ്പത്തൊമ്പതാം ഓവറില്‍ ഓസീസ് ആള്‍ ഔട്ടാകുമ്പോള്‍ ടീം സ്‌കോര്‍ 288 ! അവിശ്വസനീയമായ തിരിച്ചുവരവിന്റെ കഥയാണ് ഓസീസ് ഇന്നിംഗ്‌സ്.

എട്ടാം നമ്പറില്‍ ഇറങ്ങിയ നഥാന്‍ കോള്‍ട്ടര്‍ നീല്‍ 60 പന്തില്‍ 92 റണ്‍സെടുത്ത് ഹീറോ ആയി മാറി. എട്ട് ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടുന്ന മഹാ ഇന്നിംഗ്‌സ്.

ലോകകപ്പ് ചരിത്രത്തില്‍ എട്ടാം സ്ഥാനത്തിറങ്ങി ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണ് നഥാന്‍ നേടിയത്. ആ അര്‍ഥത്തില്‍ ലോകറെക്കോര്‍ഡാണിത്.
2003ല്‍ സിംബാബ് വെയുടെ ഹീത്ത് സ്ട്രീക്ക് പുറത്താകാതെ നേടിയ 72 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇരുപത്തൊമ്പതാം ഏകദിനം കളിച്ച നഥാന്‍ തന്റെ ആദ്യ അര്‍ധസെഞ്ച്വറിയാണ് ഇന്നലെ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം നേടിയ 34 റണ്‍സായിരുന്നു നഥാന്റെ ഉയര്‍ന്ന വ്യക്തികത സ്‌കോര്‍.

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ എട്ടാം സ്ഥാനക്കാരന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് മൂന്ന് റണ്‍സ് വ്യത്യാസത്തിനാണ് നഥാന്‍ കോള്‍ട്ടറിന് നഷ്ടമായത്. ആ റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ ക്രിസ് വോക്‌സിന്റെ പേരിലാണ്, 95 റണ്‍സ്.

എട്ടിന്റെ പണി !
(ഏകദിനത്തില്‍ എട്ടാം നമ്പറില്‍ ഇറങ്ങി കൂടുതല്‍ റണ്‍സ് നേടിയവര്‍)

1- ക്രിസ് വോക്‌സ് 95 – 2016ല്‍ ശ്രീലങ്കക്കെതിരെ
2- നഥാന്‍ കോള്‍ട്ടര്‍ നീല്‍ 92 – 2019 ല്‍ വിന്‍ഡീസിനെതിരെ
3- ഒഡോയോ 84 – 2006ല്‍ ബംഗ്ലാദേശില്‍
4 – ലാന്‍സ് ക്ലൂസ്‌നര്‍ 83 – 2002ല്‍ ആസ്‌ത്രേലിയക്കെതിരെ
5- ഡാനിയെല്‍ വെറ്റോറി 83 – 2005ല്‍ ആസ്‌ത്രേലിയക്കെതിരെ