ഇന്ന് ജയിക്കണം, അല്ലെങ്കില്‍ നാണക്കേടാണ്

തിരിഞ്ഞു നോക്കുമ്പോള്‍
  • ലോകകപ്പിൽ പരസ്പരം ഏറ്റുമുട്ടിയത് ഏഴ് തവണ.
  • ഏഴിലും വിജയം പാക്കിസ്ഥാന്
  • ആകെ 153 ഏകദിനത്തിൽ 90ലും ജയിച്ചത് പാക്കിസ്ഥാൻ.
  • റാങ്കിംഗ്: പാക്കിസ്ഥാൻ 6 , ശ്രീലങ്ക 9
  • വേദി: കൺട്രി ഗ്രൗണ്ട്, ബ്രിസ്റ്റൽ
  • സമയം: ഇന്ന് വൈകുന്നേരം 3.00
  • ലൈവ്: സ്റ്റാർ സ്പോർട്സ്
Posted on: June 7, 2019 11:38 am | Last updated: June 7, 2019 at 11:58 am

പരിശീലനത്തിനിടെ കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്ന പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്‌മദ്ലണ്ടൻ: ഒരിക്കലും തകർക്കപ്പെടാത്ത ആ റെക്കോർഡ് ഇക്കുറിയും പൂർവസ്ഥിതിയിലാകുമെന്ന് തന്നെയാണ് കരുതേണ്ടത്. ക്രിക്കറ്റ് ലോകത്തെ തങ്ങളുടെ ബദ്ധവൈരികളായി കണക്കാക്കപ്പെടുന്ന പാക്കിസ്ഥാനോട് ഒരുലോകകപ്പ് മത്സരത്തിലെങ്കിലും വിജയിക്കണമെന്ന ശ്രീലങ്കയുടെ ആഗ്രഹം ബ്രിസ്റ്റലിലെ കൺട്രി ഗ്രൗണ്ടിൽ പൂവണിയാനിടയില്ലെന്നാണ് ക്രിക്കറ്റ് ലോകം ഉറപ്പിച്ചുപറയുന്നത്.

പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാതെയാണ് പാക്കിസ്ഥാനും ശ്രീലങ്കയും ഇംഗ്ലണ്ടിലെത്തിയത്. ദുർബലരായ ടീം അംഗങ്ങളും ആത്മവിശ്വാസമില്ലാത്ത ക്യാപ്റ്റന്മാരുമാണ് ഇരുടീമുകളുടെയും പ്രത്യേകത. ലോകകപ്പ് മാമാങ്കത്തിൽ പങ്കാളിയാകൽ മാത്രമാണ് മുൻ ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഇക്കുറിയുള്ള ലക്ഷ്യം. സെമി ഫൈനലിൽ പോലും എത്തില്ലെന്ന ഉറച്ച ബോധ്യത്തോടെയായിരുന്നു ഇവർ ഇംഗ്ലണ്ടിലെത്തിയതെങ്കിലും അവസാന മത്സരത്തിലെ ആതിഥേയർക്കെതിരെയുള്ള ആകസ്മിക വിജയം പാക്കിസ്ഥാൻ ടീം അംഗങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാൽ, ദുർബലരായ അഫ്ഗാനിസ്ഥാനോട് നേരിയ മാർജിനിൽ ജയിച്ചുകയറിയ ശ്രീലങ്കക്ക് ആത്മവിശ്വാസത്തിനുള്ള വകയൊന്നും ഈ ലോകകപ്പ് നൽകിയിട്ടില്ല. തങ്ങളുടെ ആദ്യമത്സരം ഇരുടീമുകളും വൻപരാജയമാണ് ഏറ്റുവാങ്ങിയത്.

വെസ്റ്റിൻഡീസിനെതിരെ ഏഴ് വിക്കറ്റിന് പാക്കിസ്ഥാനും ന്യൂസിലാൻഡിനെതിരെ പത്ത് വിക്കറ്റിന് ശ്രീലങ്കയും തോറ്റമ്പിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇരുടീമുകളും യഥാക്രമം 105ഉം 136ഉം റൺസാണ് എടുത്തത്.

ലോകകപ്പ് മുൻ വിജയികളായ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം നാണക്കേട് ഒഴിവാക്കാനുള്ളതാണ്. പോയിന്റ് പട്ടികയിൽ ഭേദപ്പെട്ട നിലയിലെത്താൻ (ചുരുങ്ങിയത് ബംഗ്ലാദേശിനെങ്കിലും മുകളിൽ) ഇന്ന് വിജയം അനിവാര്യമാണ്.

ശ്രീലങ്കയേക്കാൾ വിജയ പ്രതീക്ഷ എന്തുകൊണ്ടും പാക്കിസ്ഥാനാണുള്ളത്. 71 ശതമാനം വിജയവും അവർക്ക് ക്രിക്കറ്റ് ലോകം പ്രവചിക്കുന്നു.

അവസാന അഞ്ച് ഏകദിന മത്സരങ്ങളിലും ദയനീയമായ പ്രകടനങ്ങളാണ് ഇരുടീമുകളും കാഴ്ചവെച്ചത്. ദുർബലരായ രണ്ട് ടീമുകളോടുള്ള വിജയമാണ് ശ്രീലങ്കക്കുള്ളതെങ്കിൽ ഇംഗ്ലണ്ടിനോടുള്ള ഒരു വിജയം മാത്രമാണ് പാക്കിസ്ഥാന് ആശ്വസിക്കാനുള്ളത്. ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയിൽ പാക്കിസ്ഥാന്റെ പരാജയം പരിപൂർണമായിരുന്നു(4-0). ശ്രീലങ്കയാകട്ടെ സ്‌കോട്‌ലാൻഡിനോടും അഫ്ഗാനിസ്ഥാനോടുമാണ് അടുത്തിടെ വിജയിച്ചത്. മഴ പെയ്ത് മുടങ്ങുമെന്ന അവസ്ഥയിലെത്തിയ അഫ്ഗാനുമായുള്ള കളിയിൽ ഭാഗ്യം കൊണ്ട് മാത്രമാണ് ശ്രീലങ്കക്ക് കരകയറാനായത്.

ശ്രീലങ്കയെ നേരിടുമ്പോൾ പാക്കിസ്ഥാന് ഏക പ്രതീക്ഷയുള്ളത് ബാബർ അസാമിലാണ്. അവസാന നാല് ഏകദിനത്തിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. പാക്കിസ്ഥാൻ ടീമിൽ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്നതും അസാം തന്നെയാണ്. ഈ മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും രണ്ട് ഫിഫ്റ്റിയും അസാം നേടി.
ശ്രീലങ്കൻ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ കുസാൽ പെരേരയാണ് ടീമിന്റെ ആകെയുള്ള പ്രതീക്ഷ. സനത് ജയസൂര്യയുടെ പിൻഗാമിയായി അറിയപ്പെടുന്ന പെരേര മോശമല്ലാത്ത പ്രകടനമാണ് കഴിഞ്ഞ ഏതാനും കളിയിൽ പുറത്തെടുത്തത്.

സാധ്യതാ ടീം

പാക്കിസ്ഥാൻ: സർഫറാസ് അഹ്‌മദ് (ക്യാപ്റ്റൻ, വി. കീപ്പർ) ആസിഫ് അലി, ഹസൻ അലി, ശഹീൻ അഫ്രീദി, മുഹമ്മദ് അമീർ, ബാബർ അസാം, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹുസൈൻ, ഇമാമുൽ ഹഖ്, ശദാബ് ഖാൻ, ശുഹൈബ് മാലിക്, വഹാബ് റൈസ്, ഹാരിസ് സുഹൈൽ, ഇമാദ് വാസിം, ഫഖർ സമാൻ

ശ്രീലങ്ക: ദിമുത് കരുണരത്‌നെ (ക്യാപ്റ്റൻ), അവിഷ്‌കാ ഫെർണാണ്ടോ, സുരൻഗ ലക്മാൽ, ലാസിത് മലിംഗ, അഞ്ചെലോ മാത്യൂസ്, ജീവൻ മെൻഡിസ്, കുസാൽ മാൻഡിസ് (വി.കീപ്പർ), തിസാര പെരാര, നുവാൻ പ്രതീപ്, ദനാൻജിയ ഡി സിൽവ, മിലിൻഡ സിരിവർധന, ലഹിറു തിരിമാന്നെ, ഇസുറു ഉഡാന, ജെഫ്രി വാൻഡെർസെ.