വാജ്‌പെയിയുടെ ഔദ്യോഗിക വസതി അമിത് ഷാക്ക് അനുവദിച്ചേക്കും

Posted on: June 7, 2019 11:09 am | Last updated: June 7, 2019 at 3:46 pm

ന്യൂഡല്‍ഹി: മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ന്യൂഡല്‍ഹി കൃഷ്ണ മേനോന്‍ മാര്‍ഗിലെ ഔദ്യോഗിക വസതി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് അനുവദിച്ചേക്കും. ഒരുയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. ‘കൃഷ്ണ മേനോന്‍ മാര്‍ഗിലെ ആറ് എ വസതി ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിക്കുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. പ്രത്യേക സുരക്ഷാ ഗ്രൂപ്പ് (എസ് പി ജി) അടക്കമുള്ളവയുടെ ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ആഭ്യന്തര മന്ത്രി ഇവിടേക്ക് താമസം മാറ്റുക.’- പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ പാര്‍പ്പിട-നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

രാജ്യസഭാംഗമായിരുന്നപ്പോള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ അക്ബര്‍ റോഡിലുള്ള 11 ാം നമ്പര്‍ വസതിയിലായിരുന്നു ഷാ താമസിച്ചിരുന്നത്. 2004ല്‍ കൃഷ്ണ മേനോന്‍ മാര്‍ഗിലെ വസതിയില്‍ താമസമാക്കിയ വാജ്‌പെയ് 14 വര്‍ഷത്തോളം ഇവിടെ തുടര്‍ന്നു.