Connect with us

National

പ്രധാന മന്ത്രി മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും ഇന്ന് കേരളത്തില്‍

Published

|

Last Updated

കൊച്ചി: പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനമാണ് പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടി. ഇന്ന് രാത്രി 11.35ന് അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങും. ശനിയാഴ്ച രാവിലെ 9.15ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കുന്ന പ്രധാന മന്ത്രി ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ മൈതാനത്തു നടക്കുന്ന ബി ജെ പി പൊതു യോഗത്തിലും പങ്കെടുക്കും. മോദി രണ്ടാം വട്ടം പ്രധാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള കേരളത്തിലെ ആദ്യ പരിപാടിയാണ് ശനിയാഴ്ച നടക്കുന്നത്.

ഒരുമണിയോടടുത്ത് ഹെലികോപ്ടറില്‍ തന്നെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു തിരിക്കും. ഉച്ചക്ക് രണ്ടിന് ന്യൂഡല്‍ഹിയിലേക്കു മടങ്ങിപ്പോകും. പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ നന്ദി അറിയിക്കുന്നതിനാണ് സന്ദര്‍ശനം നടത്തുന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹം കോഴിക്കോട് വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വയനാട് ലോക്‌സഭാ ണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. പിന്നീട് റോഡ് മാര്‍ഗം കല്‍പ്പറ്റയിലേക്കും പോകും. ശനിയാഴ്ചയാണ് വയനാട്ടിലെ പര്യടനം. വയനാട്ടില്‍ ആറ് സ്വീകരണ പൊതു യോഗങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ പങ്കെടുത്ത ശേഷം തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പര്യടനവും കഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ മടങ്ങും.

Latest