സംസ്ഥാനത്തെ നിപ്പാ വിമുക്തമാക്കുന്നതിന് ഗവേഷണം നടത്തി നടപടി: മുഖ്യമന്ത്രി

Posted on: June 6, 2019 5:35 pm | Last updated: June 7, 2019 at 7:00 am

കൊച്ചി: സംസ്ഥാനത്തെ നിപ്പാ വിമുക്തമാക്കാന്‍ ഗവേഷണം നടത്തി ആവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ്പായില്‍ നിന്ന് നാടിനെ മുക്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാറും ഗവേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്പാ ബാധിച്ചതായി സംശയിച്ച് നിരീക്ഷണത്തിലുണ്ടായിരുന്ന ആറു പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്നത്‌ ആശ്വാസകരമാണ്. പൂന വൈറോളജി ലാബില്‍ നിന്നു ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആണ്. എങ്കിലും ജാഗ്രത തുടരും. നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടു കൊണ്ടുപോകും. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടുണ്ടായ നിപ്പാ ബാധയെ മുന്‍നിര്‍ത്തി സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഇത്തവണ ഗുണകരമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.