Connect with us

International

സുഡാനില്‍ സൈന്യം കൊന്നൊടുക്കിയത് നൂറില്‍പരം പ്രക്ഷോഭകരെ; 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ഖാര്‍ത്തൂം: സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സൈന്യം കടലില്‍ വലിച്ചെറിഞ്ഞിരുന്ന നാല്‍പത് ജനാധിപത്യ പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൈല്‍ നദിയിലാണ് കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍ കണ്ടത്. സൈനിക ആസ്ഥാനത്തിനു സമീപം കുത്തിയിരിപ്പു നടത്തിയ ജനാധിപത്യ പ്രക്ഷോഭകരെ പിരിച്ചുവിടുന്നതിന് സൈന്യം നടത്തിയ വെടിവെപ്പില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീര്‍ പുറത്താക്കപ്പെട്ട ശേഷം അധികാരമേറ്റെടുത്ത സൈനിക ഭരണകൂടം അധികാരം സിവിലിയന്‍ സര്‍ക്കാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്കു നേരെയാണ് സൈന്യം നിര്‍ദാക്ഷിണ്യം വെടിയുതിര്‍ത്തത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പലരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു.

കാര്‍ത്തൂമിലും അയല്‍ പട്ടണമായ ഒംദുര്‍മനിലും പ്രക്ഷോഭം ഉയര്‍ത്തുന്നവരെ പൂര്‍ണമായി തുടച്ചുനീക്കാനാണ് അധികാരത്തിന് നേതൃത്വം നല്‍കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസിന്റെ (ആര്‍ എസ് എഫ്) ശ്രമം. അര്‍ധ സൈനികരില്‍ നിന്നു കവര്‍ച്ചക്കാരില്‍ നിന്നും തങ്ങളുടെ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിന് റോഡുകളിലും മറ്റും താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൈനികര്‍ നൈല്‍ നദിയിലേക്ക് വലിച്ചെറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ദര്‍ഫൂറില്‍ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ സൈനികരെ കൂട്ടിച്ചേര്‍ത്താണ് ആര്‍ എസ് എഫ് രൂപവത്കരിച്ചത്. അധികാരത്തിലിരിക്കുന്ന ട്രാന്‍സിഷിണല്‍ മിലിട്ടറി കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേധാവിയായ ഹെമേതി എന്നറിയപ്പെടുന്ന മുഹമ്മദ് ഹംദാന്‍ ദഗാലോയാണ് ആര്‍ എസ് എഫിന്റെ തലവന്‍. സുഡാന്‍ കലാപത്തിലേക്കു പതിക്കാന്‍ അനുവദിക്കില്ലെന്നും നിയമ സംവിധാനത്തിലൂടെ സ്റ്റേറ്റിന്റെ അധികാരം നടപ്പിലാക്കുമെന്നും ടെലിവിഷനില്‍ നടത്തിയ അഭിസംബോധനയില്‍ ദഗോലോ പറഞ്ഞു.

Latest