Connect with us

National

ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ല; കരടില്‍ പറയുന്നത് മൂന്നാമതൊരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കണമെന്നു മാത്രം: കസ്തൂരിരംഗന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെവിടെയും ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ കരട് തയാറാക്കിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്‍. ഏതെങ്കിലുമൊരു ഭാഷ നിര്‍ബന്ധമായി പഠിക്കണമെന്ന് കരടില്‍ പറഞ്ഞിട്ടില്ലെന്നും ഒരു സംസ്ഥാനത്തെ പ്രാദേശിക ഭാഷയുടെയും ഇംഗ്ലീഷ് ഭാഷയുടെയും കൂടെ ഏതെങ്കിലുമൊരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കണമെന്നാണ് വ്യക്തമാക്കിയതെന്നും ദേശീയ മാധ്യമത്തോട് സംസാരിക്കവെ കസ്തൂരിരംഗന്‍ പറഞ്ഞു.

ഏത് ഭാഷ വേണമെന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം. ഹിന്ദി വേണമെന്ന് നിര്‍ബന്ധമില്ല. കരടില്‍ ഭാഷയെ സംബന്ധിച്ച നയം വ്യക്തമാക്കുന്ന ഭാഗം മുഴുവന്‍ വായിച്ചാല്‍ ഇത് മനസ്സിലാകും. കരടിന്റെ കാര്യത്തില്‍ കമ്മിറ്റി സ്വതന്ത്രമായാണ് തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല- ചെയര്‍മാന്‍ പറഞ്ഞു.

ഹിന്ദി സംസാര ഭാഷയല്ലാത്ത മുഴുവന്‍ സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാന്‍ മാനവ വിഭവശേഷി വകുപ്പുമായി ബന്ധപ്പെട്ട സമിതി ശിപാര്‍ശ നടത്തിയതായി ആരോപിച്ചാണ് വിവാദമുയര്‍ന്നത്. തമിഴ്നാട്ടിലെ ഡി എം കെ, സി പി ഐ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ പി എം കെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ശിപാര്‍ശക്കെതിരെ ശക്തമായി രംഗത്തു വരികയും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു.