പരിസ്ഥിതി പ്രേമികൾക്ക് ഒരു കൈപ്പുസ്തകം

എത്രയോ നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരു നദിയും തദ്വാരാ നദീതട സംസ്‌കാരവും രൂപമെടുക്കുന്നത്. ആ നദി നിർദയം വധിക്കപ്പെടാൻ വർഷങ്ങൾ മതിയെന്നത് അനുഭവം. ഒരു നദി മരിക്കുന്നതിലൂടെ ഒരു സംസ്‌കാരവും തലമുറകളുടെ നൈരന്തര്യവുമാണ് മരിക്കുന്നത്. ഈ വസ്തുത പരിസ്ഥിതി പ്രേമികളെ മാത്രമല്ല സമൂഹത്തെ മൊത്തം ബോധ്യപ്പെടുത്താനുള്ള യജ്ഞമാണ് സി റഹീം നിർവഹിക്കുന്നത്. അതിൽ അദ്ദേഹം പൂർണമായും വിജയിക്കുന്നുമുണ്ട്. പരിസ്ഥിതി ദിനത്തിൽ ചർച്ച ചെയ്യപ്പെടേണ്ട പുസ്തകം...
അതിഥി വായന: പുഴ വെറും ജലമല്ല- സി റഹീം
Posted on: June 4, 2019 3:34 pm | Last updated: June 4, 2019 at 3:34 pm

കുട്ടികൾ വീടിനും പുഴകൾ നാടിനും അലങ്കാരമാണെന്ന് ആപ്തവാക്യം. ഇത് നാം എന്നോ മറന്നു. ഇപ്പോൾ കുട്ടികളെ മാതാപിതാക്കൾ തന്നെ മുൻകൈയെടുത്ത് വധിക്കുന്നു. ഈദൃശ വാർത്തകൾ മാധ്യമങ്ങൾ പ്രതിദിനമെന്നോണം റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ. നദികളുടെ കാര്യവും വ്യത്യസ്തമല്ല. 44 വൻനദികൾ. അതിന്റെ ഇരട്ടിയിലധികം തോടുകൾ, കൈത്തോടുകൾ. അസംഖ്യം അരുവികൾ, ചെറുതും വലുതുമായ ആയിരക്കണക്കിന് കുളങ്ങൾ, കായലുകൾ. ഇവയെല്ലാം കൂടിച്ചേർന്ന് കേരളത്തെ ജലസമ്പുഷ്ടമാക്കിയിരുന്ന കാലമുണ്ടായിരുന്നു.

ഏതാണ്ട് രണ്ടുമൂന്ന് പതിറ്റാണ്ട് മുമ്പത്തെ ഈ ജലസമൃദ്ധിയോർത്ത് ഗൃഹാതുരത്വം കൊള്ളുന്നതിൽ കാര്യമില്ല. നമ്മുടെ പ്രവർത്തികളിൽ പശ്ചാത്തപിക്കുകയാണ് വേണ്ടത്. പുഴയോരങ്ങൾ വൻതോതിൽ കൈയേറി സ്വന്തമാക്കി, മണൽ വാരി വാരി പുഴകളെ കൊന്നു, വെളുത്തുരുണ്ട ചെറുതും വലുതുമായ കല്ലുകൾ ശേഖരിച്ച് വിറ്റു. ആവശ്യക്കാർ ഏറുകയും ലാഭം വർധിക്കുകയും ചെയ്തതോടെ, ആദ്യമെല്ലാം ചെറിയ തോതിൽ തുടങ്ങിയ “പുഴ വധം’ വ്യാപകമായിത്തുടങ്ങി. ക്രമേണ അതിന് മാഫിയാ സ്വഭാവം കൈവന്നു. “മണൽമാഫിയ’യുടെ ഉത്ഭവം ഇങ്ങനെയാണ്. ധാരാളം മണലൂറ്റ് തൊഴിലാളികൾ, മണൽ ശേഖരിക്കാനുള്ള സൗകര്യം, ആവശ്യക്കാർക്ക് യഥാസമയം എത്തിച്ചു കൊടുക്കാനായി ധാരാളം ലോറികൾ, ഡ്രൈവർമാർ, മറ്റ് ജോലിക്കാർ. നിയമപാലകരുടെ ദൃഷ്ടിയിൽപ്പെട്ടാലും കുരുക്കില്ലാതെ രക്ഷപ്പെടാൻ “കൈക്രിയകൾ’. ഇങ്ങനെ സർവസന്നാഹങ്ങളോടെയും യുദ്ധകാലാടിസ്ഥാനത്തിൽ, മണൽ വാരിയപ്പോൾ നദികൾ കേവലം നീർച്ചാലുകളായി. കുറ്റിക്കാടുകളും ചെറിയ വൃക്ഷത്തൈകളും മുളച്ചു വളർന്ന് “പുഴയൊഴുകിയ വഴി’ തന്നെയും അദൃശ്യമായി.

കേരളത്തിൽ പ്രധാനപ്പെട്ട 44 നദികളും തോടുകളും മിക്കവാറും അകാല ചരമം പ്രാപിച്ചു. ഞാൻ കുന്തിപ്പുഴയുടെ സമീപവാസിയാണ്. തീരങ്ങളെ തഴുകിയും പാർശ്വങ്ങളെ ഫലഭൂയിഷ്ടമാക്കിയും ചിരിയിൽ ചിലങ്ക കെട്ടിയൊഴുകിയ, ആകാശനീലിമയുള്ള ജലം നിറഞ്ഞൊഴുകിയ, കുന്തിപ്പുഴ ഇന്ന് ഓർമയിൽ മാത്രം! സമ്പന്നർ പമ്പുസെറ്റ് വെച്ച് രാപ്പകൽ ഭേദമന്യേ ജലമൂറ്റിയും മണൽ കൊള്ളക്കാർ അഹോരാത്രം മണൽവാരിയും കുന്തിപ്പുഴയെ കൊല്ലുന്നു, എല്ലാ പുഴകളേയും പോലെ.

എത്രയോ നൂറ്റാണ്ടുകൾ കൊണ്ടാണ് ഒരു നദിയും തദ്വാരാ നദീതട സംസ്‌കാരവും രൂപമെടുക്കുന്നത്. ആ നദി നിർദയം വധിക്കപ്പെടാൻ വർഷങ്ങൾ മതിയെന്നത് അനുഭവം. ഒരു നദി മരിക്കുന്നതിലൂടെ ഒരു സംസ്‌കാരവും തലമുറകളുടെ നൈരന്തര്യവുമാണ് മരിക്കുന്നത്. ഈ വസ്തുത പരിസ്ഥിതി പ്രേമികളെ മാത്രമല്ല സമൂഹത്തെ മൊത്തം ബോധ്യപ്പെടുത്താനുള്ള യജ്ഞമാണ് സി റഹീം നിർവഹിക്കുന്നത്. അതിൽ അദ്ദേഹം പൂർണമായും വിജയിക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും പക്ഷിനിരീക്ഷണ രംഗത്തും വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ പാരമ്പര്യത്തിൽ നിന്ന് രചിക്കപ്പെട്ടതാണ് “പുഴ വെറും ജലമല്ല’ എന്ന കൃതി. സ്റ്റാറ്റിസ്റ്റിക്‌സിൽ ബിരുദവും പബ്ലിക് റിലേഷൻസ് ആൻഡ് ജേർണലിസം, എക്കോളജി ആൻഡ് എൻവിയോൺമെൻറ് എന്നിവയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും ഗ്രന്ഥകർത്താവ് സി റഹീം നേടിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദത്തിനുള്ള കോഴ്‌സ് പൂർത്തിയാക്കി. ചില പണ്ഡിതന്മാരെ പോലെ തന്റെ അറിവുകളുടെ ഭാണ്ഡം മുഴുവൻ, അനുവാചകരുടെ ശിരസ്സിൽ ഇറക്കിവെക്കാൻ ഗ്രന്ഥകർത്താവ് ഒട്ടും ശ്രമിക്കുന്നില്ല. മറിച്ച് ലളിത ശൈലിയിൽ നിത്യ ജീവിതാനുഭവങ്ങളെ വരച്ചുവെക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് അപൂർവമായൊരു വായനാനുഭവം തന്നെ.

ഗ്രന്ഥകർത്താവ് എഴുതുന്നു: ‘പുഴയെ അതിന്റെ സമഗ്രതയിലറിയാൻ നാമിനിയും ഏറെ ധ്യാനിക്കേണ്ടിയിരിക്കുന്നു. കുടിക്കുന്നതിനുള്ള ജലമോ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രകൃതിവിഭവമോ മാത്രമല്ല പുഴയെന്നറിയണം. പുഴകൾ ഒരു ജൈവവ്യൂഹമാണ്. അതിന് അതിന്റെതായ ബോധമണ്ഡലവും ജൈവമണ്ഡലവുമുണ്ട്. അത് ജീവന്റെ അനുസ്യൂതമായ ഒഴുക്കാണ്. നിങ്ങൾ സൂക്ഷിച്ച് പുഴയിലേക്കൊന്നുനോക്കൂ. എത്രയെത്ര ജീവനുകളാണ് അതിൽ നീന്തിത്തുടിക്കുന്നത്. പുഴയുടെ സ്ഥൂല പ്രപഞ്ചത്തിനപ്പുറത്ത് സൂക്ഷ്മ പ്രപഞ്ചത്തിന്റെ കഥ ഇതിലും വലുതാണ്’.

ഈ ഒരൊറ്റ ഒറ്റ ഖണ്ഡിക കൊണ്ടുതന്നെ, “പുഴ വെറും ജലമല്ല’ എന്ന ശീർഷകം സാർഥകമായി. ഇതുപോലെ വേറെയും പ്രൗഢമായ ഉപന്യാസങ്ങൾ വിവിധ വിഷയങ്ങളെ അധികരിച്ച് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുഴ പാടുന്നു, നദികളെ കൂട്ടിക്കെട്ടുന്നവരോട്, കുരുമുളക് വള്ളിക്കുമുണ്ടൊരു കഥ പറയാൻ, കുട്ടനാടൻ യാത്രയുടെ ഓർമ എന്നീ വിവിധ ജനകീയ വിഷയങ്ങളെ അധികരിച്ച് 38 ഉപന്യാസങ്ങൾ ഈ ഗ്രന്ഥത്തിലുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. ഗ്രന്ഥശാലകളിലും വിദ്യാലയങ്ങളിലും വിലകൊടുത്തു വാങ്ങി സൂക്ഷിക്കേണ്ടതും പാരായണം ചെയ്യേണ്ടതുമാണ്, തീർച്ചയായും ഈ ഗ്രന്ഥം.

നാം എല്ലാ വർഷവും ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ വിരാജിക്കുന്ന പ്രഗത്ഭരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന സെമിനാറുകൾ ഇതിന്റെ ഭാഗമാണ്. 1972ൽ സ്‌റ്റോക്ക് ഹോമിൽ ചേർന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം, പ്രകൃതി നശീകരണം, ജൈവ സമൂഹം, അജൈവ സമൂഹം, ആവാസവ്യവസ്ഥ, വനവത്കരണം, ഓസോൺപാളി… തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചയും ഓരോ വർഷവും പൂർവാധികം ഭംഗിയായി നടത്തപ്പെടുന്നു. ചിലയിടങ്ങളിൽ പൊതുസ്ഥലങ്ങളിലായി അല്പം വൃക്ഷത്തൈകളും നട്ടെന്നു വരും. ഇത്തരം പരിപാടികൾ കേവലം ഔദ്യോഗികമായി നടത്തപ്പെടുന്നതിനാലും ബഹുജനങ്ങളുടെ പങ്ക് തുലോം കുറവായതിനാലും, ഇവ പ്രതീക്ഷിച്ചത്ര ഫലപ്രദമാകുന്നില്ല. അതിനർഥം, ഓരോ വർഷവും ഈയിനത്തിൽ അനുവദിക്കപ്പെട്ട ഫണ്ട് ചെലവാക്കപ്പെടുന്നു എന്നുമാത്രം. “സർക്കാർ കാര്യം മുറപോലെ’ എന്നൊരു ശൈലി തന്നെ പ്രചാരത്തിലുണ്ടല്ലൊ.

ഗ്രന്ഥകർത്താവിന്റെ ചില വരികൾ ഉദ്ധരിക്കട്ടെ: “ഗ്രാമങ്ങളിൽ പോലും കുടിവെള്ള വിൽപ്പന തകൃതിയായി നടക്കുന്നു. പത്തും ഇരുപതും രൂപ മുടക്കി വാങ്ങി കുടിക്കുന്ന കുടിവെള്ളം കുടിക്കാൻ കൊള്ളാത്തതാണെന്ന് വേറെ കാര്യം.., പുഴകളിൽ വെള്ളമില്ലാതെ നമ്മുടെ ജലോത്സവങ്ങൾ മുടങ്ങുന്നു, പുഴകളിലും അണക്കെട്ടുകളിലും വെള്ളമില്ലെന്ന് പറഞ്ഞ് സർക്കാർ വെളിച്ചം മുടക്കുന്നു. ഇങ്ങിനെ വെള്ളം നമുക്കൊരു കീറാമുട്ടിയായതോടെ മലയാളി പുഴയെ സ്വപ്‌നം കാണാൻ തുടങ്ങിയിരിക്കുന്നു. അത്രയും നല്ലത്.’

ഇതുമാത്രമല്ല മലയാളി സ്വപ്‌നം കാണുന്നത്. മേടുരുകുന്ന മേടച്ചൂട്, ഇടവപ്പാതി, മിഥുനപ്പൂട്ട്, കർക്കിടക കാർമുകിൽ, ചിങ്ങവെയിൽ, കന്നിനിലാവ്, തുലാം മഴ, വൃശ്ചിക കൊയ്ത്ത്, ധനുക്കുളിര്, മകരക്കൊയ്ത്ത്, കുംഭക്കാറ്റ്, മീനച്ചൂട്… ഇതിന്റെയെല്ലാം കാലംതെറ്റി. ക്രമം തെറ്റി. ആർക്കും കട്ടു കൊണ്ടു പോകാൻ കഴിയില്ലെന്ന് നാം ദൃഢമായി വിശ്വസിച്ചിരുന്ന ഞാറ്റുവേലകൾപോലും താളം തെറ്റി. (ചിന്തിക്കുന്ന) മലയാളി സ്വയം ചോദിച്ചു പോകും: എന്തേ ഇങ്ങനെ? അതിനുള്ള ലളിതവും ഋജുവുമായ മറുപടിയാണ് ഈ ഗ്രന്ഥം. സൂര്യാ ബുക്‌സ് ആണ് പ്രസാധകർ. വില 75 രൂപ.
.