അദ്വാനി, ജോഷി, സുഷമ എന്നിവര്‍ക്ക് രാജ്യസഭാംഗത്വം; പാര്‍ട്ടി തീരുമാനം ഉടനുണ്ടായേക്കും

Posted on: June 4, 2019 1:17 pm | Last updated: June 4, 2019 at 3:19 pm

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് രാജ്യസഭാ അംഗത്വം നല്‍കുന്ന കാര്യത്തില്‍ ബി ജെ പി ഈയാഴ്ച തന്നെ തീരുമാനമെടുത്തേക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനം അദ്വാനിയും ജോഷിയും എടുത്തയുടന്‍ തന്നെ ഇരുവരും രാജ്യസഭയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. 2014ല്‍ ഇരു നേതാക്കളെയും പാര്‍ട്ടിയുടെ ഉപദേശക കമ്മിറ്റി (മാര്‍ഗ്ദര്‍ശക് മണ്ഡല്‍) യില്‍ ഉള്‍പ്പെടുത്തിയിരുന്നു.

‘അദ്വാനിയും ജോഷിയും മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിയുടെ ചാലകശക്തിയുമാണ്. അവര്‍ക്ക് എന്തു സ്ഥാനമാണ് പാര്‍ട്ടിയില്‍ നല്‍കേണ്ടതെന്നതു സംബന്ധിച്ച് അടുത്തുതന്നെ വിളിച്ചു ചേര്‍ക്കുന്ന സംഘടനാ സെക്രട്ടറിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗത്തില്‍ തീരുമാനമെടുക്കും.’-പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ പാര്‍ട്ടി മേല്‍കമ്മിറ്റിയുമായി അടുത്ത ബന്ധമുള്ള വ്യക്തി പറഞ്ഞു. വിദേശ മന്ത്രി എസ് ജയശങ്കര്‍, ബി ജെ പി സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ നേതാവ് രാംവിലാസ് പസ്വാന്‍ എന്നിവരുടെ പേരും രാജ്യസഭയിലേക്ക് പരിഗണനയിലുണ്ടെന്നും സൂചനയുണ്ട്.

അതേസമയം, കഴിഞ്ഞ സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരു മുതിര്‍ന്ന നേതാവ് സുഷമ സ്വരാജിനെ ഉപരി സഭയില്‍ അംഗത്വം നല്‍കിയേക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരോഗ്യ പ്രശ്‌നങ്ങളാല്‍ 67കാരിയായ സുഷമ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 2014ല്‍ മധ്യപ്രദേശിലെ വിദിഷ മണ്ഡലത്തില്‍ നിന്നാണ് സുഷമ തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭയില്‍ പ്രായ പരിധി കൊണ്ടുവരണമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്. 2014ല്‍ ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ മന്ത്രി പദവിക്കുള്ള പ്രായ പരിധി 75 ആയി നിജപ്പെടുത്തിയിരുന്നു.

അടുത്ത രണ്ട് മാസങ്ങള്‍ക്കിടയില്‍ പത്ത് ഒഴിവുകളാണ് രാജ്യസഭയിലുണ്ടാകുക. ഇതില്‍ അഞ്ചെണ്ണം തമിഴ്‌നാട്ടില്‍ നിന്നാണ്. ഗുജറാത്ത്, അസം (രണ്ടു വീതം), ബീഹാര്‍ (ഒന്ന്) എന്നിങ്ങനെയാണ മറ്റിവിടങ്ങളിലെ കണക്ക്. ആകെയുള്ള 543 ലോക്‌സഭാ സീറ്റില്‍ 303 എണ്ണം നേടി അധികാരത്തില്‍ വീണ്ടുമെത്തിയ ബി ജെ പി, പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുള്‍പ്പടെ സംഘടനാ തലത്തിലുള്ള അഴിച്ചുപണിക്കും മുതിര്‍ന്നേക്കും. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതോടെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാളെ തേടുന്നത്.