പാക് തിരിച്ചു വരവ്; ഇംഗ്ലണ്ടിനെതിരെ 14 റണ്‍സ് ജയം

Posted on: June 4, 2019 12:24 am | Last updated: June 4, 2019 at 10:12 am

നോട്ടിംഗ്ഹാം: ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്താന് തകര്‍പ്പന്‍ ജയം. 14 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സടിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 334 റണ്‍സില്‍ ഒതുങ്ങി. നോട്ടിംഗ്ഹാമിലെ മികച്ച ബാറ്റിംഗ് പിച്ചില്‍ ആനുകൂല്യം മുതലെടുത്ത് തകര്‍പ്പന്‍ ബാറ്റിംഗാണ് പാകിസ്ഥാന്‍ പുറത്തെടുത്തത്.

മൂന്ന് താരങ്ങള്‍ അര്‍ധസെഞ്ച്വറി നേടി. ഓപ്പണിംഗില്‍ ഇമാം ഉള്‍ ഹഖും ഫഖര്‍ സമാനും ചേര്‍ന്ന് 82 റണ്‍സ് ചേര്‍ത്തതാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇമാം 44 റണ്‍സും ഫഖര്‍ 36 റണ്‍സുമെടുത്തു. പിന്നീടെത്തിയ ബാബര്‍ അസം 64 റണ്‍സും മുഹമ്മദ് ഹഫീസ് 84 റണ്‍സുമായി പാകിസ്താനെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചു. 62 പന്ത് നേരിട്ട ഹഫീസ് എട്ട് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് വെടിക്കെട്ട് ഇന്നിംഗ്‌സാണ് കാഴ്ച്ചവെച്ചത്. സര്‍ഫ്രാസ് അഹമ്മദ് 55 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലി മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ജേസന്‍ റോയിയെ തുടക്കത്തില്‍ തന്നെ പാകിസ്ഥാന് നഷ്ടമായി. അധികം വൈകാതെ 32 റണ്‍സെടുത്ത ജോണി ബെയര്‍ സ്‌റ്റോയെയും പാകിസ്താന്‍ മടക്കി. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 118 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ സെഞ്ച്വറി ശക്തമായി മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. 104 പന്തില്‍ 107 റണ്‍സടിച്ച റൂട്ട് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന് അടിത്തറയിട്ടു. ബട്‌ലര്‍ 76 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെയും രണ്ട് സിക്‌സറിന്റെയും സഹായത്തോടെയാണ് സെഞ്ച്വറി നേടിയത്. ഇരുവരും പുറത്തായതോടെ വാലറ്റത്ത് ആര്‍ക്കും വലിയ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. പാകിസ്താന് വേണ്ടി വഹാബ് റിയാസ് മൂന്നും, മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റെടുത്തു.

ഒരു സെഞ്ച്വറി പോലും ഇല്ലാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത് – 348/8 !
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഹഫീസാണ് പാക് നിരയില്‍ ടോപ് സ്‌കോറര്‍. 62 പന്തുകളില്‍ 84 റണ്‍സാണ് ഹഫീസ് നേടിയത്.
ഹഫീസിന് പുറമെ ബാബര്‍ അസം (64), സര്‍ഫറാസ് അഹമ്മദ് (55) എന്നിവര്‍ അര്‍ധശതകവുമായി പാക് ഇന്നിംഗ്‌സിന് നട്ടെല്ലായി മാറി.
ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഒരു വ്യക്തിഗത സെഞ്ച്വറി പോലും ഇല്ലാതെ മുന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്നത് ഇത് മൂന്നാം തവണയാണ്. 1983 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 5 വിക്കറ്റിന് 338 നേടിയതും 2015 ല്‍ യു എ ഇക്കെതിരെ ആറ് വിക്കറ്റിന് 339 റണ്‍സ് നേടിയതുമാണ് ആദ്യ രണ്ട് സംഭവങ്ങള്‍.

സെഞ്ച്വറിയില്ലാതെ ലോകകപ്പില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടല്‍ ദക്ഷിണാഫ്രിക്കയുടേതാണ്. യു എ ഇക്കെതിരെ 2015 ല്‍ ആറ് വിക്കറ്റിന് 341 റണ്‍സ്. മൂന്നും നാലും പ്രകടനം പാക്കിസ്ഥാന്റെത്.