ഇന്നും ഇന്നലെയും തുല്യമായാൽ…

Posted on: June 3, 2019 3:52 pm | Last updated: June 3, 2019 at 3:52 pm

മകൻ വിദേശത്തേക്ക് പോകുമ്പോൾ കരയുന്ന ഉമ്മയെക്കണ്ടിട്ടില്ലേ. എത്ര സങ്കടകരമാണത്. കണ്ടുനിൽക്കുന്നവരുടെ കണ്ണും നിറയും. മകൻ ജീവിത വൃത്തിക്കായി ജോലി തേടപ്പോകുകയാണെന്നറിയാം. എല്ലാം ഇട്ടേച്ച് പോവുകയല്ല, തിരിച്ചുവരുമെന്നുമറിയാം. എന്നാലും സ്‌നേഹമുള്ള ഉമ്മ കെട്ടിപ്പിടിച്ച് കരയും. ഉമ്മക്ക് താങ്ങും തണലുമായി എല്ലാ കാര്യങ്ങൾക്കും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട മകനെ വിട്ട് പിരിയുന്നതിലുള്ള സങ്കടം അണപൊട്ടുകയാണത്. വിൽപ്പനക്കാരൻ പശുവിനെ കൊണ്ടുപോകുമ്പോൾ കിടാവ് അലമുറയിടുന്നു. സ്‌നേഹം തന്ന് കൂടെയുണ്ടായിരുന്ന തള്ളപ്പശു വിട്ട് പോകുന്നതിലുള്ള വേർപാടിന്റെ ദുഃഖമാണത്. വിവേക ബുദ്ധിയില്ലാത്ത പക്ഷിമൃഗാദികൾക്ക് പോലും വേർപാടിന്റെ ദുഃഖം സഹിക്കാൻ കഴിയുകയില്ല.

ഒരു മാസം…അതെത്ര ധന്യമായിരുന്നു. സ്രഷ്ടാവായ അല്ലാഹു തആല സൃഷ്ടികളിലേക്ക് കാരുണ്യം ചൊരിഞ്ഞതെത്രയാണ്. മാപ്പപേക്ഷിച്ച അടിമകൾക്ക് കണക്കറ്റ് മാപ്പ് നൽകിയ ദിനരാത്രങ്ങൾ, എത്രയെത്ര വിശ്വാസികൾക്കാണവൻ സ്വർഗ പ്രവേശവും നരക മോചനവും നൽകിയത്. ചെയ്യുന്ന സത്കർമങ്ങൾക്കെല്ലാം എത്രയെത്ര പ്രതിഫലമാണ് നൽകിയത്. സുന്നത്തുകൾക്ക് ഫർളിന്റെയും ഫർളുകൾക്ക് 70 ഇരട്ടി പ്രതിഫലവും നൽകി. 1000 മാസത്തെ പുണ്യം ലഭിക്കുന്ന ഒറ്റ രാത്രിയും നൽകി.

ഇന്നലെകൾ അനുഗ്രഹീതമായിരുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും നാമെത്ര അനുസരണ ശീലരായിരുന്നു. പരസ്പരം വിദ്വേഷങ്ങളില്ല. അക്രമങ്ങളില്ല. അഹങ്കാരം, അസൂയ, തുടങ്ങിയ മാനസിക ചേഷ്ടകളോടൊക്കെ വിട പറഞ്ഞ ഒരു മാസക്കാലം. വിശുദ്ധ റമസാൻ.

റമസാൻ വിട പറയുകയാണ്. ഈ അനുഗ്രഹപ്പെയ്ത്തിന് ഇനി അടുത്ത വർഷം വരേ കാത്തിരിക്കണം. അന്നാരൊക്കെ ഉണ്ടാകുമെന്നറിയില്ല. ഇത് തങ്ങളുടെ അവസാനത്തെ റമസാനക്കരുതേ എന്ന് വിശ്വാസികൾ പ്രാർഥിച്ചു കൊണ്ടിരിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലത്തോടുള്ള വേർപാടിന്റെ ദുഃഖത്താൽ വിശ്വാസികൾ കണ്ണീർ പൊഴിക്കുകയാണ്. ആകാശം വരെ കരയുന്ന നിമിഷമാണ്.
ഈ സുകൃതക്കാലത്ത് നാം നേടിയെടുത്ത ആത്മീയ ചൈതന്യം റമസാൻ കഴിയുന്നതോടെ കളഞ്ഞ് കുളിക്കരുത്.

ഇന്നലെത്തേതിൽ നിന്ന് എന്തെങ്കിലും ഒരു മാറ്റം നമ്മിൽ പ്രകടമാകണം. ഇന്നലെയും ഇന്നും തുല്യമായാൽ പിന്നെ പുരോഗതിയുണ്ടോ? റമസാൻ കൊണ്ടെന്ത് നേട്ടമാണുണ്ടായത്.

ഒരു മാറ്റവുമില്ലെങ്കിൽ അവർ പരാജിതരാണെന്ന് ഹദീസുകൾ വ്യക്തമാക്കുന്നു. എന്തെങ്കിലുമൊരു സത്കർമം ജീവിതത്തിൽ പുതുതായിച്ചേർത്ത് പതിവാക്കാൻ നാം ശ്രമിക്കണം. അത് നമ്മുടെ പരലോക വിജയത്തിന് നിദാനമാകും. അല്ലാഹുവിന്റെ റസൂൽ (സ്വ) ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന കർമം പതിവായിച്ചെയ്യുന്നതായിരുന്നുവെന്ന് ആഇശ (റ) പറഞ്ഞതായി ഹദീസിൽ കാണാം.

പതിവായി ചെയ്യാറുണ്ടായിരുന്ന രാത്രി നിസ്‌കാരം ഉപേക്ഷിച്ചവനെപ്പോലെ മോഷപ്പെട്ടവനായി നീ മാറരുതെന്ന് നബി (സ്വ) ഉപദേശിച്ചതായി അബ്ദുല്ലാഹിബ്‌നു അംറ് (റ) പറയുന്നു. ഒരു സത്കർമം പതിവാക്കി (അതെത്ര ചെറുതാണെങ്കിലും) റമസാൻ കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ പെടാൻ നാം ബദ്ധശ്രദ്ധരാകണം.