Connect with us

Articles

വനവത്കരണം മറക്കുന്ന പരിസ്ഥിതി ദിനാചരണങ്ങള്‍

Published

|

Last Updated

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വനവത്കരണത്തിനാണ് കഴിഞ്ഞ സര്‍ക്കാറുകളത്രയും പ്രാധാന്യം നല്‍കിയിട്ടുള്ളത്. അതിന്റെ ഭാഗമെന്ന നിലയില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നതിനും നട്ട് പിടിപ്പിക്കുന്നതിനുമായി കോടികള്‍ വര്‍ഷം തോറും സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട് കൊണ്ടിരിക്കുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകള്‍ പ്രകാരം സാമൂഹിക വനവത്കരണ വിഭാഗവും സന്നദ്ധ സംഘടനകളും മതസംഘടനകളും വിദ്യാഭ്യാസ വകുപ്പും പരിസ്ഥിതി സംഘടനകളുമെല്ലാം ചേര്‍ന്ന് ഓരോ ജൂണ്‍ മാസങ്ങളിലും അഞ്ച് കോടിയോളം വൃക്ഷത്തൈകളാണ് കൊച്ചു കേരളത്തിന്റെ തെരുവോരങ്ങളില്‍ കുഴിച്ചിട്ട് കൊണ്ടിരിക്കുന്നത്.

സര്‍ക്കാറിതര സംഘടനകളുടെ വനവത്കരണ ഫലത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെങ്കിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി നടത്താറുള്ള വനവത്കരണ നടപടികളുടെ ഫലം പരിശോധിച്ചറിയാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാണ്.

നാളിത് വരെയുള്ള സര്‍ക്കാറുകള്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തെരുവോരങ്ങളില്‍ കുഴിച്ചിട്ട വൃക്ഷത്തൈകളില്‍ നാലില്‍ ഒരു ഭാഗമെങ്കിലും സംരക്ഷിക്കാന്‍ താത്പര്യപ്പെട്ടിരുന്നുവെങ്കില്‍ വര്‍ത്തമാനകാലത്തെ വനരഹിത പ്രശ്‌നങ്ങള്‍ അവസാനിക്കുമായിരുന്നു. പകരം വന സമ്പുഷ്ട കേരളമായി മാറിയിരുന്നു.

44 നദികളും എണ്ണമറ്റ തോടുകളും കുളങ്ങളും ശുദ്ധജല തടാകങ്ങളുമെല്ലാം ഉണ്ടായിട്ട് പോലും വേനല്‍ കാലത്ത് ജലത്തിന് വേണ്ടി അലയേണ്ട സാഹചര്യങ്ങളുണ്ടായതിനെ തുടര്‍ന്നാണ് വനവത്കരണത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. കേരളത്തിന്റെ പ്രതികൂല കാലാവസ്ഥയുടെ പ്രധാന കാരണങ്ങളിലൊന്ന് വനഭൂമികളിലെ വനനശീകരണമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ വനഭൂമികള്‍ വനസമ്പുഷ്ടമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം പാതയോരങ്ങളില്‍ വൃക്ഷത്തൈകള്‍ കുഴിച്ചിടുന്നതിനാണ് നാളിത് വരെയുള്ള സര്‍ക്കാറുകളത്രയും താത്പര്യപ്പെട്ടിട്ടുള്ളത്.
അതേസമയം, റോഡ് വികസനത്തിന്റെ പേരിലും കെട്ടിട ഉടമസ്ഥരുടെ ആവശ്യപ്രകാരവും പാതയോരങ്ങളിലെ തണല്‍ മരങ്ങളത്രയും മുറിച്ച് മാറ്റിക്കൊണ്ടിരിക്കുന്നതും വനവത്കരണത്തെ കുറിച്ച് വാചാലമാകുന്ന സര്‍ക്കാറുകള്‍ തന്നെയാണ്. ഏറനാട് മണ്ഡലത്തില്‍ ബ്യൂട്ടിഫിക്കേഷന്‍ എന്ന ഓമനപ്പേരില്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വര്‍ഷത്തിനകം അഞ്ഞൂറോളം തണല്‍മരങ്ങളാണ് മുറിച്ച് മാറ്റപ്പെട്ടിട്ടുള്ളത്.
ഏറെ ശ്രദ്ധേയമായ കാര്യം, റോഡ് നവീകരണത്തിന്റെ പേരില്‍ മുറിച്ച് കളഞ്ഞ മരങ്ങളില്‍ പകുതിയും പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം മുന്‍ വര്‍ഷങ്ങളില്‍ നട്ട് പിടിപ്പിച്ചവയായിരുന്നു.

സംസ്ഥാനത്തെ വനഭൂമികളിലൊക്കെയും വന നശീകരണം സംഭവിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷം തോറും പാതയോരങ്ങളില്‍ കുഴിച്ചിട്ട് കൊണ്ടിരുന്ന വൃക്ഷത്തൈകളില്‍ പത്ത് ശതമാനം തൈകളെങ്കിലും നിലവില്‍ തരിശായി മാറിയ വനഭൂമികളില്‍ നട്ട് പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ കേരളത്തിലെ വനഭൂമികളത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പേ വനസമ്പുഷ്ടമാകുമായിരുന്നു.

സംസ്ഥാനത്ത് സാമൂഹിക വനവത്കരണ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് വനം വകുപ്പിന്റെ ഭാഗമായ സോഷ്യല്‍ ഫോറസ്റ്റി. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അഭ്യര്‍ഥനകള്‍ പ്രകാരം പൊതു സ്ഥലങ്ങളില്‍ തൈകള്‍ നട്ട് പിടിപ്പിക്കുകയും നിശ്ചിത കാലയളവില്‍ പരിപാലിക്കുകയും ചെയ്യുക എന്ന പ്രവര്‍ത്തിയാണ് സോഷ്യല്‍ ഫോറസ്റ്റി ചെയ്ത് കൊണ്ടിരിക്കുന്നത്.

സാമൂഹിക വനവത്കരണാവശ്യാര്‍ഥം ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് വര്‍ഷം തോറും സോഷ്യല്‍ ഫോറസ്റ്റിയുടെ നഴ്‌സറികളില്‍ മുളപ്പിച്ചെടുക്കാറുള്ളത്. നിര്‍ഭാഗ്യവശാല്‍ മുളപ്പിച്ചെടുക്കുന്ന തൈകളത്രയും വര്‍ഷംതോറും പാതയോരങ്ങളില്‍ കുഴിച്ചിടുകയും പിന്നീട് ആവശ്യമായ സംരക്ഷണമോ പരിചരണങ്ങളോ ലഭിക്കാത്തതിന്റെ പേരില്‍ പൂര്‍ണമായും നശിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.

കേരളത്തിലെ വനഭൂമികളിലേറെയും തരിശായി മാറാന്‍ തുടങ്ങിയതിന്റെ യഥാര്‍ഥ കാരണക്കാര്‍ ഇക്കാലമത്രയും വനം വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരുമാണെന്നാണ് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നത്. അത്തരത്തില്‍ സര്‍ക്കാറിന്റെ കോടാലി ഏറ്റ് ഏകദേശം അര നൂറ്റാണ്ട് മുമ്പ് പൂര്‍ണമായും തരിശാക്കി മാറ്റപ്പെട്ട വനഭൂമിയാണ് നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനിലെ അരിമ്പ്രക്കുത്ത് വനഭൂമി.

ഏറനാട് മണ്ഡലത്തിലെ കീഴുപറമ്പ് പഞ്ചായത്തിലാണ് അരിമ്പ്രക്കുത്ത് വനഭൂമി സ്ഥിതി ചെയ്യുന്നത്. 1840ല്‍ ബ്രിട്ടീഷുകാര്‍ നിലമ്പൂര്‍ ഫോറസ്റ്റിന് കീഴിലെ വിവിധ പ്രദേശങ്ങള്‍ പാട്ടത്തിനെടുക്കുകയായിരുന്നു പതിവ്. അതില്‍ ഉള്‍പ്പെട്ട അരിമ്പ്രക്കുത്ത് 1930ല്‍ പൂര്‍ണമായും സര്‍ക്കാറിന്റേതായി മാറുകയും തുടര്‍ന്ന് വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ എത്തിച്ചേരുകയുമാണുണ്ടായത്.
323 ഏക്കര്‍ വിസ്തൃതിയുള്ള അരിമ്പ്രക്കുത്ത് ഭൂമിയെ ബ്രിട്ടീഷുകാര്‍ ഇരുമ്പകം പ്ലാന്റേഷനാക്കി മാറ്റി. പിന്നീട് 1972ലെ അച്ചുതമേനോന്‍ സര്‍ക്കാറാണ് അരിമ്പ്രക്കുത്ത് വനഭൂമിയിലെ മരങ്ങള്‍ പൂര്‍ണമായും മുറിച്ച് മാറ്റുകയും പകരമായി 15 വര്‍ഷത്തെ ഉത്പാദന ശേഷിയുള്ള 35,000 കശുമാവ് തൈകള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തത്.
കശുമാവ് തൈകള്‍ വളരാന്‍ തുടങ്ങിയതോട് കൂടി അരിമ്പ്രക്കുത്തിലെ അരുവികള്‍ വറ്റിവരളുകയും സമീപ പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമത്തിന് കാരണമാകുകയും അതിന്റെ ഭാഗമായി സമീപ പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ നെല്‍പാടങ്ങള്‍ കൃഷിയോഗ്യമല്ലാതായി മാറുകയും ചെയ്ത അനുഭവങ്ങളാണ് കര്‍ഷകര്‍ക്ക് പറയാനുള്ളത്.

പ്രതീക്ഷിത ഉത്പാദന കാലാവധി പിന്നിടുകയും നാമമാത്രമായ കശുമാവുകള്‍ ഒഴികെയുള്ളവയെല്ലാം പുഴുക്കുത്ത് ബാധിച്ച് ഉണങ്ങി നശിക്കുകയും വനഭൂമി പൂര്‍ണമായും തരിശായി മാറി കൊണ്ടിരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് 2012ല്‍ പ്രദേശത്തെ മത-രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുടെ പങ്കാളിത്തത്തോടെ അരിമ്പ്രക്കുത്ത് വനവത്കരണ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ജൂണ്‍ അഞ്ചിലെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൊതു സ്ഥലങ്ങളിലും പുറംപോക്ക് ഭൂമികളിലും തരിശായി കിടക്കുന്ന സ്വകാര്യ ഭൂമി കളിലുമുള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കാനുള്ള തീരുമാനമുണ്ട്. എന്നാല്‍ ജില്ലാ ഭരണകൂടം തൈകള്‍ നട്ട് പിടിപ്പിക്കുന്നതിന് വേണ്ടി നിശ്ചയിച്ചിട്ടുള്ള പൊതുഭൂമികളില്‍ നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷനിലെ തരിശായി കിടക്കുന്ന 323 ഏക്കര്‍ വിസ്തൃതിയുള്ള അരിമ്പ്രക്കുത്ത് വനഭൂമി ഉള്‍പ്പെടാതെ പോയിരിക്കുന്നു. സര്‍ക്കാറിന്റെ സാമൂഹിക വനവത്കരണ പ്രവര്‍ത്തനത്തോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റേത് പദ്ധതികളെയും പോലെ വനവത്കരണ പദ്ധതിയിലും വനംവകുപ്പിന്റെ പൂര്‍ണമായ പങ്കാളിത്തം ഉറപ്പ് വരുത്തണം. ഇങ്ങനെയല്ലാതെ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സാധ്യമല്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയാത്ത കാലത്തോളം പരിസ്ഥിതി ദിനാചരണത്തിന്റെ പേരില്‍ നടന്ന് കൊണ്ടിരിക്കുന്ന തൈ നടല്‍ കര്‍മങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാതിരിക്കലാണ് ഉചിതം.