Connect with us

Ramzan

ജീവിതത്തിൽ ഒരിക്കലെങ്കിലും...

Published

|

Last Updated

ചില അധ്യാപകർ വിദ്യാർഥികളോട് പറയാറുണ്ട് “ഒരു തവണയെങ്കിലും എഴുതി വരണം”. എന്താണിതിനർഥം ? പലയാവർത്തി ചെയ്യേണ്ടതാണ്. ഒരു തവണയെങ്കിലും ചെയ്യൽ അനിവാര്യമാണ്, ഇല്ലെങ്കിൽ കാര്യം ബുദ്ധിമുട്ടാകുമെന്നാണ്. കുടവയറിന് പരിഹാരമായി ഡോക്ടർ എക്‌സൈസ് നിർദേശിച്ചു. വയറ് തെല്ലും കുറയാതെ അടുത്ത തവണയും ഡോക്ടറെ കണ്ടു. ഡോക്ടറുടെ ചോദ്യം ഇതായിരുന്നു. “ഞാൻ പറഞ്ഞത് ഒരു തവണയെങ്കിലും ചെയ്‌തോ” ?. ഒരു തവണയെങ്കിലും എന്ന് നിർദേശിക്കുന്നിടത്തൊക്കെ നിർബന്ധത്തിന്റെ സ്വരമുണ്ടാകുമെന്ന് ചുരുക്കം.

സുന്നത്ത് നിസ്‌കാരങ്ങളുടെ കൂട്ടത്തിൽ പ്രധാനപ്പെട്ട തസ്ബീഹ് നിസ്‌കാരത്തെക്കുറിച്ച് പറയുന്ന ഹദീസിൽ ഇങ്ങനെ കാണാം: അബ്ബാസ് (റ) വിനോട് നബി (സ) പറഞ്ഞു: “അബ്ബാസേ, താങ്കൾക്ക് ഞാൻ ഒരു സമ്മാനം തരട്ടേ. അതു ചെയ്താൽ നിങ്ങളുടെ ആദ്യാന്തമുള്ള എല്ലാ ദോഷങ്ങളും പൊറുക്കപ്പെടും.” എന്നിട്ട് തസ്ബീഹ് നിസ്‌കാരത്തിന്റെ രൂപം നബി (സ) പറഞ്ഞു കൊടുത്തു. തുടർന്ന് പറഞ്ഞു: “ഇതെപ്പോൾ വേണമെങ്കിലും ചെയ്യാം. ദിവസവും ഒരു തവണ നിർവഹിക്കാനാവുമെങ്കിൽ അങ്ങനെ ചെയ്യുക. ഇല്ലെങ്കിൽ വെള്ളിയാഴ്ചകളിലെങ്കിലും ചെയ്യുക. അതുമില്ലെങ്കിൽ മാസത്തിലൊരിക്കലെങ്കിലും നിർവഹിക്കുക. അതിനും സാധിച്ചില്ലെങ്കിൽ വർഷത്തിലൊരിക്കലെങ്കിലും നിർവഹിക്കുക. അതും സാധ്യമല്ലെങ്കിൽ ആയുസ്സിൽ ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്‌കരിക്കുക (ദാറഖുത്‌നി, അബൂദാവൂദ്). ജീവിതത്തിലൊരിക്കലെങ്കിലും തസ്ബീഹ് നിസ്‌കാരം മുസ്‌ലിം നിർവഹിച്ചേ മതിയാകൂ. നിർബന്ധ കർമങ്ങൾ ചെയ്യുന്ന അതേ പ്രാധാന്യത്തോടെ തന്നെ തസ്ബീഹ് നിസ്‌കാരവും നിർവഹിക്കണമെന്ന് ഹദീസ് വ്യക്തമാക്കുന്നു. ഇമാം താജുദ്ദീനുസ്സുബ്കി (റ) വിന്റെ വാക്കുകളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അദ്ദേഹം പറയുന്നു; തസ്ബീഹ് നിസ്‌കാരത്തിന് ദീനിൽ പ്രമുഖ സ്ഥാനമുണ്ട്. അതിന്റെ മഹത്വങ്ങൾ അറിഞ്ഞ ശേഷവും അതിൽ അലസത കാണിക്കുന്നവർ ദീനിനെ നിന്ദിക്കുന്നവനാകും. അവനെ സജ്ജനങ്ങളുടെ കൂട്ടത്തിൽ എണ്ണാൻ സാധിക്കുകയില്ല. ഇത്രയും പ്രാധാനപ്പെട്ടതും മഹത്വമേറിയതുമായ ഈ നിസ്‌കാരം നിർവഹിക്കാൻ വിശ്വാസികൾ കർമബദ്ധരാകണം. നാല് റക്അത്തിലായി 300 തസ്ബീഹ് ഉൾക്കൊള്ളുന്നതാണീ നിസ്‌കാരം.

കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവൻ ദോഷങ്ങളും പൊറുക്കപ്പെടാൻ ഇത് നിമിത്തമാകും.
അതുപോലെത്തന്നെ സുപ്രധാന സുന്നത്തുകളിൽപ്പെട്ടതാണ് തഹജ്ജുദ് നിസ്‌കാരവും. നബി (സ) പറഞ്ഞു: റമസാൻ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് മുഹർറത്തിലേതാണ്. ഫർള് നിസ്‌കാരങ്ങൾ കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠമായ നിസ്‌കാരം രാത്രിയിലെ സുന്നത്ത് നിസ്‌കാരമായ തഹജ്ജുദാണ് (മുസ്്‌ലിം, അബൂദാവൂദ്). രാത്രി ഉറങ്ങി എഴുന്നേറ്റ ഉടനെയാണ് തഹജ്ജുദ് നിസ്‌കാരത്തിന്റെ സമയം. ചുരുങ്ങിയത് രണ്ട് റക്അത്തും കൂടിയാൽ എത്രയാകാമെന്നും പണ്ഡിതന്മാർ പറയുന്നു.

ഹൃദയ ശുദ്ധി ലഭിക്കാനും ഉന്മേഷം കൈവരിക്കാനും ഈ നിസ്‌കാരം കാരണമാകും. അബൂഹുറൈറ (റ) വിൽ നിന്നുള്ള നിവേദനം; നബി (സ) പറഞ്ഞു: ഒരാൾ ഉറങ്ങുമ്പോൾ അവന്റെ പിരടിയിൽ പിശാച് മൂന്ന് കെട്ടുകളിടും. എന്നിട്ടവൻ പറയും. രാത്രി ഇനിയും ബാക്കിയുണ്ട്, സുഖമായി ഉറങ്ങുക. ഈ സമയം അവൻ ഉണർന്ന് അല്ലാഹുവിനെ സ്മരിച്ചാൽ ഒരു കെട്ട് അഴിഞ്ഞ് പോകും. വുളൂഅ് എടുത്താൽ രണ്ടാമത്തെ കെട്ടും അഴിഞ്ഞ് വീഴും. ശേഷം തഹജ്ജുദ് നിസ്‌കരിച്ചാൽ മുന്നാമത്തെ കെട്ടും അഴിഞ്ഞ് വീഴും. നേരം പുലരുമ്പോൾ അവൻ ഉന്മേഷവാനും ശുദ്ധമനസ്‌കനുമാകും. മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും തഹജ്ജുദിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങൾക്ക് തഹജ്ജുദ് നിസ്‌കാരം പരിഹാരമാണെന്ന് ഹദീസിൽ കാണാം. സന്ധികളിലെ വേദനകൾ തഹജ്ജുദ് നിസ്‌കാരം പതിവാക്കിയതിലൂടെ മാറിയതായി നിരവധി ആളുകൾ അനുഭവം പറഞ്ഞതായി കേട്ടിട്ടുണ്ട്.

സബ് എഡിറ്റർ, സിറാജ്

Latest