ഇന്ദ്രപ്രസ്ഥത്തിലെ വോട്ടുവര്‍ത്തമാനങ്ങള്‍

മധ്യവര്‍ഗത്തെ സ്വാധീനിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു ബി ജെ പി പ്രധാനമായും ഡല്‍ഹിയില്‍ ഉന്നയിച്ചിരുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍, തൊഴില്‍ തേടി നഗരത്തിലേക്ക് കുടിയേറിയവര്‍ തുടങ്ങിയ ഇന്ത്യന്‍ മധ്യവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു വിഭാഗമാണ് ഡല്‍ഹിയുടെ ജനവിധി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാധ്യമ സ്വാധീനം കൂടുതലുള്ള വിഭാഗം കൂടിയാണ് നഗരങ്ങളിലെ ഈ മധ്യവര്‍ഗം. അതുകൊണ്ടു തന്നെ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ വഴി മോദിയും സംഘവും നടത്തിയ പ്രചാരവേലകള്‍ക്ക് കൃത്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുല്‍വാമയടക്കമുള്ള സുരക്ഷാ ആകുലതകള്‍ ഡല്‍ഹിയിലെ മധ്യവര്‍ഗത്തെ സ്വാധീനിക്കാന്‍ പാകത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു. വിഭജനത്തിന്റെ മുറിവുകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന പല സാമൂഹിക വിഭാഗങ്ങളും ഡല്‍ഹിയില്‍ ഇപ്പോഴുമുണ്ട്. മോദിക്ക് വോട്ട് ചെയ്യാന്‍ അവരെ കൂടി പ്രേരിപ്പിക്കുന്നതായിരുന്നു ബി ജെ പിയുടെ അതിദേശീയതാ പ്രചാരണം. സിഖ് മതവിഭാഗങ്ങള്‍ക്ക് വലിയൊരു ശതമാനം വോട്ട് ബേങ്കുള്ള സംസ്ഥാനം കൂടിയാണ് ഡല്‍ഹി. കൃത്യമായി, ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്താണ് മോദി സിഖ് വിരുദ്ധ കലാപം അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കൊണ്ടുവന്നത്.
Posted on: June 1, 2019 1:34 pm | Last updated: June 1, 2019 at 1:34 pm

ഡല്‍ഹിയിലെ ബി ജെ പിയുടെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍ അവര്‍ നേടിയ ഭൂരിപക്ഷം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. അടുത്ത വര്‍ഷം നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും എ എ പിയും ത്രികോണ മത്സരം നടന്ന സംസ്ഥാനം. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഡല്‍ഹിയില്‍ ബി ജെ പി ഏഴില്‍ ഏഴ് സീറ്റും വിജയിച്ചു. എ എ പി – കോണ്‍ഗ്രസ് സഖ്യം സാധ്യമായിരുന്നെങ്കില്‍ സംസ്ഥാനത്ത് മതേതര എം പിമാരെ സൃഷ്ടിക്കാന്‍ കഴിയുമായിരുന്നുവെന്ന വിശകലനങ്ങളെ അപ്രസക്തമാക്കുന്നതാണ് ബി ജെ പിയുടെ വിജയം. 50 ശതമാനത്തിന് മുകളിലാണ് ഓരോ മണ്ഡലത്തിലും ബി ജെ പി വോട്ട് ഷെയര്‍ നേടിയിരിക്കുന്നത്. മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് രണ്ടാമത്തെ പാര്‍ട്ടിയായെങ്കിലും എവിടെയും 30 ശതമാനം വോട്ടു പോലും നേടാനായില്ല. എ എ പിക്ക് പല മണ്ഡലങ്ങളിലും 20 ശതമാനം കടക്കാനുമായില്ല. സംസ്ഥാനതലത്തില്‍ മൊത്തം വോട്ട് ഷെയറിന്റെ 56.6 ശതമാനമാണ് ബി ജെ പി നേടിയത്. കോണ്‍ഗ്രസ് 22.5 ശതമാനവും എ എ പി 18.1 ശതമാനം വോട്ടും നേടി. ഡല്‍ഹിയിലെ ഓരോ തിരഞ്ഞെടുപ്പും വ്യത്യസ്തമാണെന്ന് പറയുമ്പോഴും ഈ വിജയത്തിലേക്ക് ബി ജെ പിയെ നയിച്ച വസ്തുതകള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

മധ്യവര്‍ഗം
മധ്യവര്‍ഗത്തെ സ്വാധീനിക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളായിരുന്നു ബി ജെ പി പ്രധാനമായും ഡല്‍ഹിയില്‍ ഉന്നയിച്ചിരുന്നത്. തീവ്ര ദേശീയതയുള്‍പ്പെടെയുള്ള ഈ തന്ത്രങ്ങള്‍ കൃത്യമായ തോതില്‍ ഏറ്റുവെന്ന വിലയിരുത്തലിലേക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഡല്‍ഹിയിലെ വിജയത്തെ പ്രധാനമായും കണക്കാക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍, സ്വകാര്യ കമ്പനികളിലെ ജോലിക്കാര്‍, തൊഴില്‍ തേടി നഗരത്തിലേക്ക് കുടിയേറിയവര്‍ തുടങ്ങിയ ഇന്ത്യന്‍ മധ്യവര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന വലിയൊരു വിഭാഗമാണ് ഡല്‍ഹിയുടെ ജനവിധി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ബി ജെ പി ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചുവെന്നതാണ് മികച്ച വിജയം നേടുന്നതിലേക്ക് ബി ജെ പിയെ നയിച്ചത്.

ഗ്രാമങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാധ്യമ സ്വാധീനം കൂടുതലുള്ള വിഭാഗം കൂടിയാണ് നഗരങ്ങളിലെ ഈ മധ്യവര്‍ഗം. അതുകൊണ്ടു തന്നെ ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ വഴി മോദിയും സംഘവും നടത്തിയ പ്രചാരവേലകള്‍ക്ക് കൃത്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. പുല്‍വാമയടക്കമുള്ള സുരക്ഷാ ആകുലതകള്‍ ഡല്‍ഹിയിലെ മധ്യവര്‍ഗത്തെ സ്വാധീനിക്കാന്‍ പാകത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളില്‍ ഒന്നായിരുന്നു. പാക്കിസ്ഥാന്‍ രാജ്യത്തെ അക്രമിക്കുകയും മോദി അതിന് തിരിച്ചടി നല്‍കുകയും ചെയ്യുന്നു. കൂടാതെ, വിഭജനത്തിന്റെ മുറിവുകള്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന പല സാമൂഹിക വിഭാഗങ്ങളും ഡല്‍ഹിയില്‍ ഇപ്പോഴുമുണ്ട്. മോദിക്ക് വോട്ടു ചെയ്യാന്‍ അവരെ കൂടി പ്രേരിപ്പിക്കുന്നതായിരുന്നു ബി ജെ പിയുടെ അതിദേശീയതാ പ്രചാരണം. ബാലാക്കോട്ടില്‍ വെച്ച് പാക്കിസ്ഥാന്‍ സൈന്യത്തിന് നല്‍കിയ തിരിച്ചടി ഇവര്‍ക്കെല്ലാം മോദിക്ക് വോട്ടു ചെയ്യാന്‍ മതിയായ കാരണമായിരുന്നു. ഉയര്‍ന്ന ജാതിയിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡല്‍ഹിയിലെ ഉയര്‍ന്ന വിഭാഗത്തിലെ വോട്ടുകള്‍ സ്വന്തമാക്കുന്നതിന് ബി ജെ പിയെ സഹായിച്ചിട്ടുണ്ട്.

സിഖ് മതവിഭാഗം
സിഖ് മതവിഭാഗങ്ങള്‍ക്ക് വലിയൊരു ശതമാനം വോട്ട് ബേങ്കുള്ള സംസ്ഥാനം കൂടിയാണ് ഡല്‍ഹി. കൃത്യമായി, ഡല്‍ഹി തിരഞ്ഞെടുപ്പ് കാലത്താണ് മോദി സിഖ് വിരുദ്ധ കലാപം അടക്കമുള്ള വിഷയങ്ങള്‍ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കൊണ്ടുവന്നത്. ആസൂത്രിതമായ ഈ നീക്കം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ പോയി. ഇതോടെ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ സിഖ് വിരുദ്ധ കലാപം വോട്ടര്‍മാരുടെ ഇടയില്‍ കത്തി നിന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. സിഖ് മതവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള പല മേഖലകളിലും ബി ജെ പി വലിയ രീതിയിലുള്ള വോട്ട് ശേഖരിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്ന വോട്ടുകളായിരുന്നു ഇത്.

കോണ്‍ഗ്രസിന്റെ തിരിച്ചുവരവും
മുസ‌്ലിം വോട്ടുകളും
വോട്ട് ഷെയര്‍ വളരെ കുറവാണെങ്കിലും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ത്രികോണ മത്സരത്തിലെ രണ്ടാം സ്ഥാനം. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി എന്നീ മണ്ഡലങ്ങളിലൊഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് വോട്ട് ഷെയറില്‍ രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും എ എ പിയേക്കാള്‍ ചെറിയൊരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തില്‍ നിന്നുള്ള തിരിച്ചു വരവ് നടത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് ഫലം.

മോദിപ്പേടിയില്‍ മുസ്ലിംകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്. എ എ പി നേതാവ് അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമായി ചൂണ്ടിക്കാണിച്ചതും ഇതായിരുന്നു. മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് പോയതാണ് എ എ പിക്കേറ്റ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. ചാന്ദിനിചൗക്ക് അടക്കമുള്ള മുസ്ലിം സ്വാധീന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തെറ്റില്ലാത്ത വോട്ട് ഷെയര്‍ നേടിയത് ഇക്കാര്യം തെളിയിക്കുന്നതാണ്. ചാന്ദിനിചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയപ്രകാശ് അഗര്‍വാള്‍ നേടിയത് 29.67 ശതമാനം വോട്ടാണ്. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയും രണ്ട് തവണ മുഖ്യമന്ത്രി പദം അലങ്കരിക്കുകയും ചെയ്ത ഷീലാ ദീക്ഷിത്തും നോര്‍ത്ത്- ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ 28.85 ശതമാനം വോട്ട് നേടി. മുന്‍ പി സി സി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന അജയ് മാക്കാന്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് 26.91 ശതമാനം വോട്ടും നേടി. എ എ പിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ശതമാനം വോട്ടുകളാണിത്.

എ എ പി
സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എ എ പി ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനമാണ് നടത്തിയത്. കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിനും താഴെ പതിനാറും പതിനഞ്ചും ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. പാര്‍ട്ടി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ഒരു മികച്ച പ്രകടനം പോലും കാഴ്ച വെക്കാന്‍ കഴിയാതെയാണ് എ എ പി പിന്നോട്ടുപോയത്. ഇവിടെ എ എ പി സ്ഥാനാര്‍ഥിയും പ്രമുഖ ആക്ടിവിസ്റ്റുമായ അതിഷി 17.44 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. ബി ജെ പിയുടെ സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ 55.35 വോട്ട് നേടിയാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അരവിന്ദര്‍ സിംഗ് ലൗലി 24.24 ശതമാനം വോട്ടും നേടി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ റോഡ് ഷോകള്‍ അടക്കം എ എ പി നടത്തിയിരുന്നുവെങ്കിലും പാര്‍ട്ടിക്ക് ഒരു മികച്ച പ്രകടനം പോലും കാഴ്ച വെക്കാന്‍ കഴിയാതെ പോയി എന്നത് ഏറെ ദയനീയമാണ്.
അതേസമയം, ഡല്‍ഹിയിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ബാക്കി നില്‍ക്കുന്നതെങ്കിലും സംസ്ഥാനത്ത് ഇതേ വോട്ടിംഗ് പാറ്റേണ്‍ നിലനിന്നുകൊള്ളണമെന്നില്ല. ഡല്‍ഹിയിലെ ഓരോ തിരഞ്ഞെടുപ്പും വ്യത്യസ്തമാണ്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിലും ബി ജെ പി വിജയിച്ചപ്പോഴും തൊട്ടു പിന്നാലെ 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 70 സീറ്റില്‍ 67ലും വിജയിച്ചു എ എ പി അധികാരം പിടിച്ചു. ഇപ്പോഴും നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എ എ പിക്ക് വോട്ടു ചെയ്യുമെന്നാണ് ഡല്‍ഹിയിലെ വോട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസിനെതിരെയുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2012ലാണ് സംസ്ഥാനത്ത് എ എ പി രൂപം കൊള്ളുന്നത്. 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ എ പി മത്സരിക്കുകയും രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, ലോക്പാല്‍ ബില്ലിലുടക്കി സര്‍ക്കാര്‍ വീണു. പിന്നീട് 2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടി അരവിന്ദ് കെജ്‌രിവാള്‍ ചുഴലിക്കാറ്റായി തിരിച്ചുവന്നു. ശേഷിച്ച മൂന്ന് സീറ്റ് നേടി ബി ജെ പി ആശ്വാസ വിജയം കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്നേ മാഞ്ഞിരുന്നു. നാല് വര്‍ഷത്തെ എ എ പി ഭരണം സാധാരണക്കാരുടെ ജീവിത നിലവാരത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്ന പൊതു വിലയിരുത്തല്‍ ഇപ്പോഴും ഡല്‍ഹിയിലുണ്ട്. എ എ പി നടപ്പാക്കിയ പദ്ധതികളെല്ലാം തന്നെ ജനങ്ങള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് തന്നെ എ എ പി മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. റേഷന്‍ അടക്കമുള്ള അവശ്യ സേവനങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്ന പദ്ധതി, വെള്ളം, വൈദ്യുതി എന്നിവയുടെ വാടക പകുതിയാക്കി കുറച്ചത്, ചേരികള്‍ നിയമവിധേയമാക്കുകയും അവിടങ്ങളില്‍ വൈദ്യുതി എത്തിക്കുകയും ചെയ്തത്, നഗരം എപ്പോഴും വൃത്തിയായിരിക്കുന്നത്… എന്നിവയെല്ലാം എ എ പിയുടെ നേട്ടമായി വിലയിരുത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ ഫാക്ടറുകളൊന്നും എ എ പിക്ക് അനുകൂലമായില്ലെങ്കിലും അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എ എ പി. അതിനിടക്ക് മധ്യവര്‍ഗത്തെ സ്വാധീനിക്കുന്ന വല്ല തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ബി ജെ പി ആവിഷ്‌കരിച്ചില്ലെങ്കില്‍ അതെല്ലാം വോട്ടായി മാറുക തന്നെ ചെയ്യും.