Connect with us

National

ഗുരു ഗ്രന്ഥ് സാഹിബ് അശുദ്ധമാക്കിയ കേസ്: തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ-സുഖ്ബീര്‍ സിംഗ് ബാദല്‍

Published

|

Last Updated

ഫരീദ്‌കോട്ട്: സിഖുകാരുടെ ആത്മീയ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അശുദ്ധമാക്കിയ സംഭവത്തിലും ഇതുമായി ബന്ധപ്പെട്ടുണ്ടായ പോലീസ് വെടിവെപ്പിലും തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണമെന്ന വെല്ലുവിളിയുമായി ശിരോമണി അകാലിദള്‍ (എസ് എ ഡി) നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍. 2015ലെ സംഭവത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘ (എസ് ഐ ടി)ത്തില്‍ അംഗമായ ഐ ജി. കുന്‍വര്‍ വിജയ് പ്രതാപ് സിംഗിനെയാണ് ബാദല്‍ വെല്ലുവിളിച്ചത്.

ഗുരു ഗ്രന്ഥ് സാഹിബ് അശുദ്ധമാക്കിയതിനു പിന്നില്‍ അന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിയായിരുന്ന സുഖ്ബീര്‍ സിംഗ് ബാദല്‍, മുന്‍ ഡി ജി പി. സുമേദ് സിംഗ് സെയ്‌നി, സിര്‍സ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദേര സച്ചാ സൗദ എന്നിവരുടെ ആസൂത്രിത പദ്ധതിയായിരുന്നുവെന്ന് എസ് ഐ ടി ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് കുന്‍വര്‍ വിജയ് എന്ന് ബാദല്‍ ആരോപിച്ചു. ഈ അന്വേഷണ പ്രക്രിയയെല്ലാം ഒരു രാഷ്ട്രീയ നാടകമാണ്. യാതൊരു തെളിവുമില്ലാതെ അകാലിദളിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണവര്‍. കുറ്റപത്രത്തിലെ ആരോപണങ്ങളെല്ലാം രാഷ്ട്രീയപ്രേരിതവും അടിസ്ഥാന രഹിതവുമാണ്. കുന്‍വര്‍ വിജയ്ക്ക് ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യട്ടെ-ബാദല്‍ പറഞ്ഞു.

Latest