Connect with us

Editorial

മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസില്‍ മാത്രമല്ല

Published

|

Last Updated

മക്കള്‍ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പ്രധാന കാരണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നത്. ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവരുടെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. കോണ്‍ഗ്രസിനെ മൊത്തം ജയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം സ്വന്തം മക്കളെ ജയിപ്പിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പാര്‍ട്ടി താത്പര്യത്തിനതീതമായി മക്കള്‍ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മക്കള്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സീറ്റിനായി നേതാക്കള്‍ ശാഠ്യം പിടിക്കുകയായിരുന്നു. സീറ്റ് കിട്ടിയില്ലെങ്കില്‍ രാജിവെക്കുമെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാര്‍ട്ടിയിലെ മറ്റു നേതാക്കളും ഈ ആരോപണം ഏറ്റുപിടിച്ചിട്ടുണ്ട്. രാഹുല്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് കൂടുതല്‍ ആത്മപരിശോധന നടത്തണമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ സഹകരണ മന്ത്രിയുമായ ഉദയലാല്‍ അഞ്ജന, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് മകന്റെ കാര്യം ശ്രദ്ധിക്കാനുണ്ടായിരുന്നില്ലെങ്കില്‍ കുറേ കൂടി സമയം മറ്റു മണ്ഡലങ്ങളില്‍ പ്രചാരണത്തിന് വിനിയോഗിക്കാമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മകന്‍ വൈഭവ് ഗെലോട്ടിനെ വിജയിപ്പിക്കാന്‍ ഒരാഴ്ചയോളം അശോക് ഗെഹ്‌ലോട്ട് ജോധ്പൂര്‍ മണ്ഡലത്തില്‍ തങ്ങി മറ്റു മണ്ഡലങ്ങളെ അവഗണിച്ചതായി വ്യാപകമായ പരാതിയുണ്ട്. എന്നിട്ടും കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനോട് വൈഭവ് ഗെലോട്ട് 2.7 ലക്ഷം വോട്ടുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ മത്സരിച്ച മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ മാത്രമല്ല, മക്കള്‍ രാഷ്ട്രീയവും കുടുംബ വാഴ്ചയുമുള്ളത്. കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ രൂക്ഷമായി വിമര്‍ശിക്കുന്ന ബി ജെ പിയില്‍ അടക്കം രാജ്യത്തെ മിക്ക കക്ഷികളിലുമുണ്ട് ഈ സ്വഭാവം. 1999ന് ശേഷം കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയിലൂടെ 36 പേര്‍ പാര്‍ലിമെന്റിലെത്തിയപ്പോള്‍, ബി ജെ പിയില്‍ 31 പേര്‍ എത്തിയതായി സ്വതന്ത്ര ഏജന്‍സിയായ ഇന്ത്യ സ്‌പെന്‍ഡ് ഡോട്ട്‌കോം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഹരിയാനയില്‍ ബി ജെ പി നേതാവും ഒന്നാം മോദി മന്ത്രിസഭയിലെ ഉരുക്ക് വകുപ്പ് മന്ത്രിയുമായ, ജാട്ട് നേതാവ് ബീരേന്ദര്‍ സിംഗിനു പകരം മകന്‍ ബ്രിജേന്ദര്‍ സിംഗിനാണ് ഇത്തവണ സീറ്റ് നല്‍കിയത്. അഖിലേഷ് യാദവും ജഗന്‍മോഹന്‍ റെഡ്ഡിയും നവീന്‍ പട്‌നായികും എം കെ സ്റ്റാലിനും ജ്യോതിരാദിത്യ സിന്ധ്യയും എം കെ കനിമൊഴിയുമെല്ലാം നേതാക്കളുടെ മക്കളായത് കൊണ്ട് തന്നെയാണ് പാര്‍ട്ടിയിലെ ഉന്നതങ്ങളിലെത്തിയത്. ബീഹാറിലെ ലോക്ജനശക്തി പാര്‍ട്ടിയില്‍ ചിരാഗ് പാസ്വാന്‍, സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ എന്നിവര്‍ പിതാവ് രാംവിലാസ് പാസ്വാന്റെ തണലില്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നവരാണ്. ആര്‍ ജെ ഡിയില്‍ ലാലുപ്രസാദ് യാദവിന്റെയും എന്‍ ഡി എയിലെ പ്രബല കക്ഷിയായ ശിവസേനയില്‍ ബാല്‍താക്കറെയുടെയും കുടുംബാധിത്യമാണ്. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ മാത്രമാണ് മക്കള്‍ രാഷ്ട്രീയവും കുടുംബാധിപത്യവും കുറവ്.
മക്കള്‍ രാഷ്ട്രീയം എതിര്‍ക്കപ്പെടേണ്ടതാണോ, ഡോക്ടറുടെ മക്കള്‍ക്ക് ഡോക്ടറും സിനിമാക്കാരുടെ മക്കള്‍ക്ക് സിനിമാക്കാരും ആകാമെങ്കില്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് രാഷ്ട്രീയ മേഖലയിലേക്ക് കടന്നു വന്നു കൂടാ എന്നു ചോദിക്കുന്നവരുണ്ട്. ന്യായമായ ചോദ്യം. പാര്‍ട്ടി നേതാവിന്റെ മക്കളോ കുടുംബക്കാരോ ആണെന്നത് ഒരാള്‍ക്കും പാര്‍ട്ടിയില്‍ കടന്നു വരുന്നതിനോ നേതൃസ്ഥാനത്ത് അവരോധിതനാകുന്നതിനോ അയോഗ്യതയായി കണ്ടുകൂടാ. രാഷ്ട്രീയത്തില്‍ കടന്നു വരാന്‍ ആര്‍ക്കും അവകാശമുണ്ട്. സംഘടനാ വൈഭവവും നേതൃ യോഗ്യതയുമുണ്ടെങ്കില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതും വിമര്‍ശിക്കപ്പെടേണ്ടതല്ല. വേണ്ടത്ര യോഗ്യതയില്ലാതെ, പാര്‍ട്ടിയില്‍ കഴിവു തെളിയിച്ചവരും പാരമ്പര്യമുള്ളവരുമായ നേതാക്കളെ തഴയുക, പിതാവിന്റെയോ മാതാവിന്റെയോ സ്വാധീനത്തില്‍ പദവികള്‍ കൈയടക്കുക, കുടുംബ താത്പര്യം പ്രത്യയശാസ്ത്ര താത്പര്യത്തെ കവച്ചു വെക്കുക എന്നതൊക്കെയാണ് ആക്ഷേപകരം. മക്കള്‍ രാഷ്ട്രീയത്തെ സര്‍ക്കാര്‍ സര്‍വീസിലെ ആശ്രിതനിയമനത്തിന് സമാനമാക്കുന്നതാണ് എതിര്‍ക്കപ്പെടുന്നത്. മാത്രമല്ല, ഡോക്ടറാകണമെങ്കില്‍ കൊല്ലങ്ങളോളം അധ്വാനിച്ചു പഠിക്കണം. സിനിമയില്‍ വിജയിക്കണമെങ്കില്‍ കലാപരമായ കഴിവും വേണം. ഇത് രണ്ടും വേണ്ടാത്ത മേഖലയാണ് രാഷ്ട്രീയം. രാജ്യത്തിപ്പോള്‍ ജനാധിപത്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത് കുടംബ ബന്ധങ്ങളും ഗുണ്ടായിസവും ജാതിയുമൊക്കെയാണ്. ജനസേവനത്തിന് താത്പര്യമില്ലാത്ത മക്കളെ പോലും മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു രാഷ്ട്രീയത്തിലേക്ക് വലിച്ചിറക്കുകയാണ്. ഇത് പ്രോത്സാഹിപ്പിക്കപ്പെടാവതല്ല.

അതേസമയം, ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പരാജയം മക്കള്‍ രാഷ്ട്രീയത്തിന്റെ മാത്രം ഫലമല്ല. രാഹുലും പ്രിയങ്കയും എല്ലാ അടവും പയറ്റിയിട്ടും അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടതിന് മക്കള്‍ രാഷ്ട്രീയത്തെ പഴിച്ചതു കൊണ്ടായില്ലല്ലോ. അതിലപ്പുറം പാര്‍ട്ടി നേതൃത്വത്തിന്റെ മൃദുഹിന്ദുത്വ നിലപാട്, സംഘടനാ സംവിധാനത്തിന്റെ കുറവ്, സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് സംഭവിച്ച പാളിച്ച, പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മ തുടങ്ങി അതിന്റെ കാരണങ്ങള്‍ പലതാണ്. സംഘടനാ തലത്തില്‍ അടിമുടി അഴിച്ചുപണി നടത്തിയും നയപരമായ പാളിച്ചകള്‍ പരിഹരിച്ചും കോണ്‍ഗ്രസ് ഒരു തിരിച്ചു വരവ് നടത്തേണ്ടത് മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.