Connect with us

National

സവര്‍ക്കറുടെ ജന്മദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഹിന്ദു മഹാസഭയുടെ വക കത്തി സമ്മാനം

Published

|

Last Updated

ആഗ്ര: ഹിന്ദു മഹാസഭാ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പത്താം ക്ലാസിലേയും പ്ലസ് വണ്ണിലേയും വിദ്യാര്‍ഥികള്‍ക്ക് കത്തി സമ്മാനമായി നല്‍കി തീവ്രവാദ സംഘടനയായ അഖില ഭാരതീയ ഹിന്ദു മഹാസഭ.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കഴിഞ്ഞ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദു മഹാസഭയുടെ നടപടി വലിയ വിവാദമായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ കത്തി നല്‍കി വിദ്യാര്‍ഥികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി നരേന്ദ്ര മോദി സവര്‍ക്കറിന്റെ സ്വപ്‌നത്തിന്റെ ആദ്യപടി നേടിക്കഴിഞ്ഞു. ഹിന്ദു സൈന്യം എന്നത് സവര്‍ക്കറിന്റെ മറ്റൊരു സ്വപ്‌നമായിരുന്നു. ഇത് സാക്ഷാത്കരിക്കുന്നതിനാണ് കുട്ടികള്‍ക്ക് കത്തികളും ആയുധങ്ങളും സമ്മാനിച്ച് ഇവരെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് ഹിന്ദു മഹാസഭാ വക്താവ് അശോക് പാണ്ഡെ പറഞ്ഞു.

ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നതിലൂടെ മാത്രമേ ഹിന്ദുക്കള്‍ക്ക് സ്വയം സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനും കഴിയുകയുള്ളൂ.
ഹിന്ദുക്കള്‍ക്ക് കത്തി ഉപയോഗിച്ച് സ്വയം സംരക്ഷണം തീര്‍ക്കാനാകും. പുതിയ തലമുറയിലുള്ളവരെ എല്ലാത്തിനും പ്രേരിപ്പിക്കുകയാണ് തങ്ങളെന്നും മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പറഞ്ഞു.

ശക്തരും സ്വതന്ത്രരുമാണെന്ന തോന്നല്‍ അവരിലുണ്ടാകണം. തങ്ങളുടെ സഹോദരിയേയും മകളേയും അല്ലെങ്കില്‍ ബന്ധുക്കളെയോ സംരക്ഷിക്കാന്‍ ആകുമെന്ന് അവര്‍ക്ക് തോന്നണം.

നിരവധി ആക്രമണങ്ങളാണ് ഇന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്നത്. സ്വന്തം സംരക്ഷണത്തിനായി കത്തിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് അവരെ പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.