Connect with us

Eranakulam

കൊച്ചി- കോഴിക്കോട് ക്രൂയിസ് സർവീസിന് മന്ത്രാലയാനുമതി

Published

|

Last Updated

കൊച്ചി- കോഴിക്കോട് സർവീസിന് തയ്യാറെടുക്കുന്ന ഹൈഡ്രോ ഫോയിൽ ബോട്ട്

കൊച്ചി: കൊച്ചി- കോഴിക്കോട് ഹൈഡ്രോഫോയിൽ ക്രൂയിസ് കപ്പൽ സർവീസിന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി. രാജ്യത്തെ ആദ്യ ഹൈഡ്രോഫോയിൽ ക്രൂയിസ് സർവീസാണിത്.
കൊച്ചി മറൈൻ ഡ്രൈവിൽ നിന്ന് കോഴിക്കോട് ബേപ്പുരിലേക്കാണ് ആദ്യഘട്ട സർവീസ്. രണ്ടാം ഘട്ടമായി കൊച്ചി വിഴിഞ്ഞം (തിരുവനന്തപുരം) സർവീസും തുടങ്ങും. 2016ൽ പ്രവർത്തനാനുമതി നേടിയ പദ്ധതിയാണിത്. അടുത്ത മാസം ക്രൂയിസ് ബോട്ട് സർവീസ് തുടങ്ങും.
വിദേശ മലയാളി കൂട്ടായ്മ കമ്പനിയായ സേഫ് ബോട്ട് സർവീസ് പ്രൈവറ്റാണ് ഹൈഡ്രോ ഫോയിൽ ക്രൂയിസ് ബോട്ട് സർവീസ് നടത്തുന്നത്. 100 കോടി യുടെ പദ്ധതിയിൽ ഒന്നിന് 15 കോടി വിലയുള്ള രണ്ട് ബോട്ടുകൾ കൊച്ചിയിലെത്തിക്കഴിഞ്ഞു.

റഷ്യൻ നിർമിത ബോട്ട് ഗ്രീസിലെ ഏതൻസിൽ നിന്നാണ് കൊണ്ടുവന്നത്. ഒട്ടേറെ സവിശേഷതകളുള്ള ബോട്ടിന്റെ പ്രോപ്പല്ലർ മാത്രമേ ജലപ്പരപ്പിനടിയിലുണ്ടാകൂ.
ആധുനിക സൗകര്യങ്ങളും, ഭക്ഷണശാല, ഉല്ലാസപരിപാടികൾക്കുള്ള സംവിധാനങ്ങൾ തുടങ്ങിയവയുള്ള ക്രൂയിസ് ബോട്ട് രണ്ട് എൻജിനുകളിലാണ് പ്രവർത്തിക്കുന്നത്. 120 യാത്രക്കാർക്കാണ് യാത്രാനുമതിയുള്ളത്.

220 കിലോ മീറ്റർ ദൂരമുള്ള കൊച്ചി- കോഴിക്കോട് സർവീസിന് 1,500 രൂപയാണ് നിരക്ക്. ഇതിൽ കിലോമീറ്ററിന് ഒരു രൂപ സർക്കാർ സബ്‌സിഡിയുണ്ടാകും.
നാലര മണിക്കൂറാണ് സമയം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള സർവീസിൽ 100 യാത്രക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. സർവീസിൽ നിന്നുള്ള 30 ശതമാനം ലാഭ വിഹിതം സർക്കാറിന് ലഭിക്കണമെന്നാണ് നിബന്ധന. കൊച്ചി തുറമുഖ ട്രസ്റ്റ് ഹൈഡ്രോഫോയിൽ ക്രൂയിസ് ബോട്ടിനെ സേവനനിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓണത്തോടെ തിരുവനന്തപുരം സർവീസും തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

Latest