Connect with us

Editorial

ബ്രെക്‌സിറ്റിൽ തട്ടി തെരേസ മെയ്

Published

|

Last Updated

നേരത്തേ ബ്രെക്‌സിറ്റിനോട് വിയോജിക്കുകയും പിന്നീട് ബ്രെക്‌സിറ്റിനു വേണ്ടി ശക്തമായി രംഗത്തു വരികയും ചെയ്ത ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയെ ഒടുവിൽ ബ്രെക്‌സിറ്റ് അധികാരത്തിൽ നിന്ന് തട്ടിത്തെറിപ്പിച്ചിരിക്കുന്നു. ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലിമെന്റിനെ കൊണ്ട് അംഗീകരിപ്പിക്കാൻ കഴിയാത്തതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ചിരിക്കയാണ് തെരേസ മെയ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ജൂൺ ഏഴിന് ഒഴിയുമെന്നും അവർ അറിയിച്ചു. യൂറോപ്യൻ യൂനിയനിൽ നിന്ന് ബ്രിട്ടൻ പുറത്തു പോകുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ബ്രെക്‌സിറ്റ് കരാർ രണ്ട് തവണ ബ്രിട്ടീഷ് പൊതുസഭയുടെ പരിഗണനക്ക് വന്നെങ്കിലും രണ്ടിലും പരാജയപ്പെടുകയായിരുന്നു. ജനുവരി 15നാണ് ആദ്യം വോട്ടിനിട്ടത്. അന്ന് 202നെതിരെ 432 വോട്ടിന് തള്ളിപ്പോയി. മെയുടെ കൺസർവേറ്റീവ് പാർട്ടിയിലെ 118 എം പിമാർ പ്രതിപക്ഷ ലേബർ പാർട്ടിക്കൊപ്പം കരാറിനെ എതിർത്താണ് വോട്ട് ചെയ്തത്.

ചില മാറ്റങ്ങൾ വരുത്തി കരാർ മാർച്ച് 12ന് വീണ്ടും സഭയിൽ വെച്ചു. അന്നും 242 നെതിരെ 392 വോട്ടിന് തള്ളിപ്പോയി. ആധുനിക ബ്രിട്ടന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു ഗവൺമെന്റ് പാർലിമെന്റിൽ നേരിടുന്ന ഏറ്റവും വലിയ പരാജയമാണിത്. തെരേസ മെയുടെ നേതൃത്വത്തിൽ രണ്ട് വർഷം യൂറോപ്യൻ യൂനിയനുമായി കൂടിയാലോചിച്ച് തയ്യാറാക്കിയതാണ് കരാർ. ഇക്കൊല്ലം മാർച്ച് 29നാണ് ബ്രിട്ടൻ യൂറോപ്യൻ യൂനിയനിൽ നിന്ന് പിൻമാറേണ്ടിയിരുന്നത്. പിന്നീട് ഏപ്രിൽ 12ലേക്ക് തീയതി നീട്ടിവാങ്ങി. എന്നിട്ടും പാർലിമെന്റിനെ വിശ്വാസത്തിലെടുക്കാനാകാത്തതിനെ തുടർന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ സൗഹൃദ രാഷ്ട്രങ്ങളുടെ സഹായത്തോടെ ഒക്ടോബർ 31 വരെ സാവകാശം നേടിയെടുത്തു. ഇക്കാലയളവിനുള്ളിൽ എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷ നഷ്ടമായതോടെയാണ് അവർ പരാജിതയായി പടിയിറങ്ങുന്നത്.

ബ്രിട്ടനിൽ 2016 ജൂൺ 23നു നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യൻ യൂനിയൻ വിടാനുള്ള (ബ്രെക്‌സിറ്റ്) ജനവിധി ഉണ്ടായത്. പ്രായപൂർത്തിയായ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ അനുവാദമുണ്ടായിരുന്ന ജനഹിത പരിശോധനയിൽ 51.9 ശതമാനം യൂറോപ്യൻ യൂനിയൻ വിടുന്നതിനെ അനുകൂലിച്ചപ്പോൾ 48.1 വിയോജിപ്പ് രേഖപ്പെടുത്തി. 2017 മാർച്ച് 29നാണ് യൂറോപ്യൻ യൂനിയൻ വിടുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതുകാർഷിക നയം, പൊതുവ്യാപാര നയം, പൊതു മത്സ്യ ബന്ധന നയം എന്നീ വ്യവസ്ഥകൾ അംഗീകരിക്കുന്ന ഏകീകൃത രാഷ്ട്രീയ സംവിധാനമാണ് യൂറോപ്യൻ യൂനിയൻ. ബ്രെക്‌സിറ്റ് നടപ്പായാൽ ബ്രിട്ടന് യൂറോപ്യൻ യൂനിയൻ നിയമങ്ങൾ ബാധകമാവില്ല. പകരം വ്യാപാര രംഗത്ത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളാണ് പ്രാബല്യത്തിൽ വരിക. നിലവിലുള്ളവ മാറി പുതിയ ചരക്ക്, കയറ്റുമതി, ഇറക്കുമതി നികുതികൾ വരും. ഇതു പല സേവനങ്ങൾക്കും സാധനങ്ങൾക്കും വില കൂടാൻ ഇടയാക്കും. യൂറോപ്യൻ യൂനിയനിൽ അംഗങ്ങളായ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകളിലും മാറ്റം വരുത്തേണ്ടി വരും.

തെരേസ മെയ് രാജിവെച്ചെങ്കിലും ബ്രിട്ടനിൽ ബ്രെക്‌സിറ്റ് സൃഷ്ടിച്ച പ്രതിസന്ധി ഇനിയും തുടരും. നേരത്തേ നടത്തിയ ഹിതപരിശോധനയിൽ ഒരു ആവേശത്തിൽ ബ്രെക്‌സിറ്റ് വിജയിപ്പിച്ചെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന ചിന്തയിലേക്ക് പിന്നീട് ജനങ്ങളും രാഷ്ട്രീയ നേതൃത്വവും തിരിച്ചു പോയിട്ടുണ്ട്. 2016ൽ നേരിയ ഭൂരിപക്ഷത്തിനാണ് ഹിതപരിശോധനയിൽ ബ്രെക്‌സിറ്റ് വിജയിച്ചത്. ഇനിയൊരു ഹിതപരിശോധന നടത്തിയാൽ ജനം ബ്രെക്‌സിറ്റിന് എതിരായി വിധിയെഴുതുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബ്രെക്‌സിറ്റ് വേണ്ട, യൂറോപ്യൻ യൂനിയനിൽ തുടരാം എന്നാണ് ബ്രിട്ടന്റെ തീരുമാനമെങ്കിൽ അതിനുള്ള സാധ്യത ഇനിയും അവസാനിച്ചിട്ടില്ല എന്ന സൂചനകൾ യൂറോപ്യൻ യൂനിയൻ നേതൃത്വം നൽകിയിട്ടുണ്ട്. “പോകുന്നവർ പോകട്ടെ, ഇനി തിരിച്ചുവിളിക്കേണ്ട” എന്ന് ചില രാജ്യങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ബ്രെക്‌സിറ്റ് വേണ്ട എന്ന് ബ്രിട്ടൻ തീരുമാനിച്ചാൽ എല്ലാവരും അത് അംഗീകരിക്കാനാണ് സാധ്യത.

ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്ന തെരേസ മെയ് 2016 മെയിൽ ബ്രക്‌സിറ്റ് റഫറണ്ടത്തെത്തുടർന്ന് കാമറൂൺ രാജിവച്ചപ്പോഴാണ് പ്രധാനമന്ത്രിപദത്തിലേറിയത്. സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ആറ് മാസത്തിനുള്ളിൽ അവർ ഇടക്കാല തിരഞ്ഞെടുപ്പു നടത്തി. പാർട്ടിയിലും സർക്കാറിലും തന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും സ്‌കോട്ട്‌ലൻഡിനായുള്ള സ്‌കോട്ടിഷ് നാഷനൽ പാർട്ടിയുടെ നീക്കത്തിനു തടയിടുകയുമായിരുന്നു ലക്ഷ്യം. ഫലം അപ്രതീക്ഷിതമായിരുന്നു. പ്രതിപക്ഷ ലേബർ പാർട്ടിയാണ് മുന്നേറ്റം നടത്തിയത്. അതോടെ സർക്കാറിന് കേവല ഭൂരിപക്ഷം നഷ്ടമായി. അതിനിടെ പാർട്ടിക്കുള്ളിൽ നിന്ന് തെരേസ മെയ്‌ക്കെതിരേ വിമത സ്വരങ്ങൾ ഉയർന്നു. വിശ്വസ്തരെന്നു കരുതപ്പെട്ടിരുന്ന പലരും തിരിഞ്ഞു കുത്തി.

അമേരിക്ക ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുടെ നേതാക്കൾ പോലും അകന്നു. ഇതുകൊണ്ടൊന്നും നിരാശരാകാതെ ബ്രെക്‌സിറ്റ് ചർച്ചയുമായി മുന്നോട്ടു പോയെങ്കിലും കരാറിന് പാർലിമെന്റിന്റെ അംഗീകാരം നേടിയെടുക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് മാർഗരറ്റ് താച്ചർക്കു ശേഷമുള്ള രണ്ടാം ഉരുക്കുവനിതയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന തെരേസ മെയ് തളർന്നു പടിയിറങ്ങാൻ നിർബന്ധിതയായത്. ബ്രിട്ടനിലെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയാണ് ഇവർ. ഡേവിഡ് കാമറൂൺ ഭരണ കാലത്ത് അവർ ബ്രെക്‌സിറ്റിന്റെ വിമർശകയായിരുന്നു. പിന്നീട് രാഷ്ട്രീയ സാഹചര്യങ്ങളാണ് അവരെ അനുകൂലിയാക്കിയത്.