ബീഹാറില്‍ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിം യുവാവിന് മര്‍ദനം;

Posted on: May 26, 2019 7:38 pm | Last updated: May 27, 2019 at 10:51 am

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ സിയോനിയില്‍ ബീഫ് കൈവശം വെച്ചാന്നാരോപിച്ച് സ്ത്രീയടക്കം മൂന്ന് പേരെ സംഘപരിവാര്‍ ആക്രമിച്ചതിന് പിന്നാലെ ബിഹാറിലും സമാന അക്രമം. പള്ളിയില്‍ പോയി തിരിച്ചുവരുകയായിരുന്ന യുവാവിന് നേരെയാണ് ബിഹാറിലെ ഗുര്‍ഗോണില്‍ അക്രമമുണ്ടായത്. 25 വയസ്സുകാരനായ മുഹമ്മദ് ബര്‍ക്കാത്ത് എന്നയാള്‍ക്കാണ് ഇന്നലെ രാത്രി പത്ത് മണിക്ക് മര്‍ദനമേറ്റത്.

തന്നെ മര്‍ദിച്ച അക്രമികള്‍ തലയിലെ തൊപ്പി വലിച്ചെറിയുകയും, ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി മുഹമ്മദ് ബര്‍ക്കത്ത് പോലീസിന് മൊഴി നല്‍കി. അവരുടെ ഭീഷണിക്ക് വഴങ്ങാതിരുന്നപ്പോള്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

സംഭവമുമായി ബന്ധപ്പെട്ട് അജ്ഞാത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഇതു വരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.