Connect with us

Articles

ലോണ്‍... അവസാനം എലോണ്‍..!

Published

|

Last Updated

പണത്തിന് വളരെ അത്യാവശ്യം വന്നാല്‍ പണ്ടൊക്കെ ആരെയെങ്കിലും സമീപിച്ച് കടം വാങ്ങും. മുട്ടു വായ്പ എന്ന് പറയും. രണ്ട് ദിവസം കഴിഞ്ഞ് തരാം, ഒരഞ്ഞൂറ് രൂപ വേണം. കൊപ്ര വിറ്റിട്ട് തരാം എന്നാണ്. അല്ലെങ്കില്‍ വിദേശത്ത് നിന്ന് പണം വന്നോട്ടെ എന്ന്. കൊടുക്കലും വാങ്ങലും നാട്ടില്‍ പുറങ്ങളിലെ നന്മയായി. അന്ന് അത്യാവശ്യത്തിന് മാത്രമേ കടം വാങ്ങിയിരുന്നുള്ളൂ.

പിന്നീട് പലിശക്കാര്‍ വന്നു. തമിഴ്‌നാട്ടുകാരാണ്. നാട്ടിന്‍പുറത്തെ കട കേന്ദ്രീകരിച്ചാണ് കടം കൊടുക്കല്‍. പലിശക്കാണ്. പിന്നെ തിരിച്ചടവ്. തിരിച്ചടവ് വൈകിയാല്‍ അടിയായി, തിരിച്ചടിയായി. ഇതോടൊപ്പം നാടന്‍ ബ്ലേഡുകാരും വിപണിയില്‍ ഇറങ്ങി. പലിശ, കൂട്ടുപലിശ, ബ്ലേഡ് മാഫിയ. കടം കേറിക്കേറി ഒടുവില്‍ ആത്മഹത്യ. കൂട്ടമരണമാണ്. പിന്നില്‍ സാമ്പത്തിക പ്രതിസന്ധി.
വിദ്യാഭ്യാസ വായ്പയുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ബേങ്ക് വായ്പ നല്‍കുന്നു. ജോലി കിട്ടിയതിന് ശേഷം ലോണ്‍ തിരിച്ചടച്ചാല്‍ മതി. പുതിയ പാഠം. ഒടുവില്‍ ബിരുദത്തോടൊപ്പം കടം ഫ്രീ.

കണാരേട്ടന്റെ മകളുടെ കല്യാണം കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ ചോദിച്ചു. എന്തൊക്കെയാണ് കല്യാണം കഴിഞ്ഞപ്പോഴുള്ള സ്ഥിതി?

സാധനങ്ങളൊക്കെ ബാക്കിയാണ്. അരി ഒരു ചാക്ക് ബാക്കിയുണ്ട്. പച്ചക്കറിയും കുറച്ചുണ്ട്. തേങ്ങയും ഉണ്ട്.
കടമെങ്ങാനുമുണ്ടോ?

കടവും ബാക്കിയാണ്!
ഇതാണ് സ്ഥിതി. അപ്പുറത്തെ വീട്ടുകാരന്റെ മകളുടെ വിവാഹത്തേക്കാള്‍ കെങ്കേമമാക്കണം. രണ്ടായിരം അതിഥികള്‍. സ്വര്‍ണത്തിനൊന്നും ഒരു കുറവും വേണ്ട. സദ്യ ഗംഭീരമാകട്ടെ. തലേന്ന് രാത്രി ഗാനമേളയും. കടമാണ്. കല്യാണം കഴിഞ്ഞാല്‍ ഭൂമിയുടെ ആധാരം ബേങ്കില്‍. പിന്നെയോ, നിദ്രാവിഹീനങ്ങളല്ലോ അവരുടെ രാവുകള്‍. ഉറക്കം വരില്ല, നാളെ രാവിലെ കൊടുത്തു തീര്‍ക്കേണ്ട ബാധ്യതയുടെ ലിസ്റ്റാണ് മനസ്സില്‍.

ബേങ്കുകളുടെ പരസ്യം. ഒരു രൂപയുമായി വരൂ എന്നാണ്. വണ്ടിയുമായി തിരിച്ചു പോകൂ.

വീട് വായ്പയുമുണ്ട്. മോഹിപ്പിക്കുകയാണ്. അയലത്തെ വീടെന്തൊരു വീടാണ്. നമുക്ക് വേണം അതു പോലൊരെണ്ണം. കടം വാങ്ങുന്നു. പിന്നെ തിരിച്ച് കൊടുക്കേണ്ടേ? വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന്, നാട്ടില്‍ കേണു നടപ്പൂ എന്നാണ് പരസ്യം. അത് കേട്ട് ധാരാളം വാങ്ങുന്നു, തിരിച്ചടക്കാന്‍ പറ്റുന്നില്ല. പിന്നെയോ, നാട്ടില്‍ കേണു നടപ്പൂ…

കുടുംബശ്രീക്കാരുണ്ട്. വനിതകളെ വായ്പയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ്. ലോണ്‍ വന്നിട്ടുണ്ട്, രണ്ട് വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. വേണ്ടവരും വേണ്ടാത്തവരും കടമെടുക്കുന്നു. ആരുമോര്‍ക്കുന്നില്ല, ഈ പണം എങ്ങോട്ട് പോകുന്നു? ലോണെടുക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. ബേങ്കുകാരന്റെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ. നല്ല മുഖശ്രീ. തിരിച്ചടവ് തെറ്റുമ്പോള്‍ മുഖം മാറുന്നു. പിന്നെ കടം തിരികെ പിടിക്കാനുള്ള നടപടികളാണ്. കേസോട് കേസ്. അവസാനം ജപ്തി.
കരയുമ്പോള്‍ കൂടെ കരയാന്‍ ആരുമുണ്ടാകില്ല എന്ന് കവി പാടിയിട്ടുണ്ട്. ലോണിന്റെ കാര്യവും ഇങ്ങനെ തന്നെ. കടത്തില്‍ മുങ്ങിപ്പൊങ്ങി കാലിട്ടടിക്കുമ്പോള്‍, ജപ്തി വന്ന് വാതിലില്‍ മുട്ടുമ്പോള്‍ ആരും കാണില്ല, വാങ്ങിയവന്‍ മാത്രം, എലോണ്‍!

നാണു ആയഞ്ചേരി • nanuayancheri@gmail.com

 

---- facebook comment plugin here -----

Latest