Connect with us

Kerala

ഇടുക്കിയിലും എറണാകുളത്തും തുണയായത് ക്രിസ്ത്യൻ വോട്ടുകൾ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് ആഞ്ഞുവീശിയ മോദി വിരുദ്ധ വികാരത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാനായത് യു ഡി എഫിന് എറണാകുളം, ഇടുക്കി ജില്ലകളിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ അനായാസം ജയിച്ചുകയറാനായി. യു ഡി എഫ് എറണാകുളം മണ്ഡലം സ്ഥാനാർഥി െൈഹബി ഈഡനും ചാലക്കുടി മണ്ഡലം സ്ഥാനാർഥി ബെന്നി ബെഹ്‌നാനും ഇടുക്കി മണ്ഡലം സ്ഥാനാർഥി ഡീൻ കുര്യാക്കോസും വൻ ഭൂരിപക്ഷത്തോടെയാണ് ജയിച്ചുകയറിയത്. സ്ഥാനാർഥികൾക്ക് ക്രിസ്ത്യൻ സമുദായങ്ങളുമായുള്ള അടുത്ത ബന്ധം വിജയക്കുതിപ്പിനിടയാക്കി. മൂന്നിടങ്ങളിലും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് യു ഡി എഫ് നേടിയത്.

സി പി എമ്മിലെ പി രാജീവിനോട് മത്സരിച്ചാണ് 1,69,153 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൈബി മണ്ഡലം നിലനിർത്തിയത്. ലത്തീൻ കത്തോലിക്കാ സമുദായം ലോക്‌സഭയിൽ തങ്ങൾക്കുള്ള ഏക മണ്ഡലം എന്ന നിലയിലാണ് എറണാകുളത്തെ കാണുന്നത്. മുൻ കാലങ്ങളിൽ കെ വി തോമസിന് ജയിക്കാനായത് പോലെ തന്നെ ഹൈബിക്കും കരകയാറാനായത് ഇരുവരും ലത്തീൻ സമുദായാംഗങ്ങൾ ആയതിനാലാണ്. ക്രിസ്തീയ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള എറണാകുളം മണ്ഡലത്തിൽ തന്നെ കേന്ദ്ര മന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തെ ഇറക്കി ബി ജെ പിയും ജനവിധി തേടിയെങ്കിലും പതിവ് പോലെ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

1951 മുതൽ 2019 വരെ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ 19 തിരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ നടന്നത്. ഇതിൽ 14 തവണയും വെന്നിക്കൊടി പാറിക്കാൻ യു ഡി എഫിനായി. ക്രിസ്ത്യൻ സമുദായവുമായി അടുത്ത ബന്ധമുള്ളവരെ കളത്തിലിറക്കിയായിരുന്നു യു ഡി എഫ് മത്സരങ്ങളെയെല്ലാം നേരിട്ടത്. എറണാകുളം മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷം മറികടന്നാണ് ഇത്തവണ ഹൈബിയുടെ വിജയം. ഹൈബിയുടെ പിതാവ് ജോർജ് ഈഡൻ 1999ൽ 1,11,305 വോട്ടുകൾക്ക് വിജയിച്ചതായിരുന്നു മണ്ഡലത്തിലെ ഉയർന്ന ഭൂരിപക്ഷം. ഇതാണ് മകൻ മറികടന്നത്. ചാലക്കുടിയിൽ സിറ്റിംഗ് എം പിയായ സി പി എമ്മിലെ ഇന്നസെന്റിനെയാണ് യു ഡി എഫ് കൺവീനർ കൂടിയായ ബെന്നി ബെഹ്‌നാൻ തറപറ്റിച്ചത്. ചാലക്കുടി ലോക്‌സഭാ മണ്ഡലം രൂപവത്കൃതമായതിന് ശേഷം നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ബെന്നിയും ലോക്‌സഭയിലേക്കെത്തുന്നത്. ക്രിസ്ത്യൻ ആധിപത്യ പ്രദേശങ്ങളായ ചാലക്കുടി, അങ്കമാലി, കുന്നത്തുനാട് എന്നിവിടങ്ങളിൽ വൻ മുന്നേറ്റമാണ് ബെന്നി ബെഹ്‌നാൻ കാഴ്ചവെച്ചത്. 1,32,274 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ബെന്നി വിജയക്കൊടി പാറിച്ചത്. ബി ജെ പി സ്ഥാനാർഥിയായിരുന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ 1,54,159 വോട്ടുകളും നേടി. ഇടുക്കിയിൽ സിറ്റിംഗ് എം പിയായ ഇടത് സ്വതന്ത്രൻ ജോയിസ് ജോർജിനെ 1,71,053 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ ഡീൻ കുര്യാക്കോസ് സീറ്റ് തിരിച്ചുപിടിച്ചത്.

Latest