പുനലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തവും പിഴയും

Posted on: May 24, 2019 9:27 pm | Last updated: May 24, 2019 at 9:27 pm

കൊല്ലം: പുനലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും പിഴയും. പിറവന്തൂര്‍ ആയിരവല്ലിക്കര ചീവോട് സ്വദേശി സുനില്‍കുമാറി(40)നെയാണ് കൊല്ലം ഫസ്റ്റ്ക്ലാസ് അഡീഷനല്‍ പോക്‌സോ കോടതി ജീവപര്യന്തം തടവിനും 3 ലക്ഷം രൂപ പിഴയടക്കാനും വിധിച്ചത്. വിവിധ വകുപ്പുകളിലായി 43 വര്‍ഷം തടവും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

പിറവന്തൂര്‍ ചീവോട് സ്വദേശിയും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടി 2017 ജൂലൈ 28നും 29നും മധ്യേയാണു കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും ഒച്ച വക്കാതിരിക്കാന്‍ കയ്യില്‍ കരുതിയിരുന്ന കയര്‍ ഉപയോഗിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ സ്വര്‍ണ മാലയും കവര്‍ന്നു.ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ സിബിസിഐഡി എച്ച്എച്ച്ഡബ്ല്യു 1 കൊല്ലം സബ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ജി ജോണ്‍സണ്‍ നടത്തിയ അന്വേഷണത്തിലാണു 2018 ജൂണ്‍ 21 പ്രതി അറസ്റ്റിലാകുന്നത്.